"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Friday, December 30, 2011

കൊച്ചിക്കുണ്ടൊരു മെട്രോ കുഞ്ഞാട്..!!


കൊച്ചിയുടെ മുഖഛായ തന്നെ മാറ്റി മറിക്കുന്ന കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ നിർമാണ ചുമതലയിൽ നിന്നും "ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (DMRC)" പിൻമാറുന്നു.. ഈ മേഖലയിൽ നിർമാണ പരിജ്ഞാനമുള്ള ഇ.ശ്രീധരൻ എന്ന മലയാളി തലപ്പത്തിരിക്കുന്ന DMRC യെ നിർമാണ ചുമതലകൾ ഏൽപ്പിക്കാം എന്ന കരാറിൻമേൽ പ്രാരംഭ ജോലികൾ തുടങ്ങിയിരുന്നു.

എന്നാൽ പഞ്ചായത്ത് കരാർപണി, റോഡ് പണി, പാലം പണി, എന്ന് വേണ്ട അല്ലറ ചില്ലറ "ചിക്ലി" തടയുന്ന സകലമാന മരാമത്ത് കരാർ പണികളെയും പോലെ ഭീമൻ കൊച്ചി മെട്രോയുടെ കരാറിൽ നിന്നും രണ്ട് തലമുറക്കെങ്കിലും ജീവിക്കാനുള്ളത് "തടയും" എന്ന കുളിരു കോരുന്ന സത്യം മനസിലാക്കിയ ഈ "വിദഗ്ദ്ധ മേഖലയിലെ" തിമിംഗലങ്ങൾ, പണി കൈവിട്ട് പോകും എന്ന് തോന്നിയാൽ മിണ്ടാതിരിക്കുമോ??

ഉടൻ സർക്കാർ വക "കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്" എന്ന കമ്പനി രൂപീകരിച്ച് ഇപ്പോൾ കൊച്ചി മെട്രോയുടെ പണി ചെയ്യിപ്പിക്കുവാൻ പുതിയ ആഗോള കരാർ വിളിക്കാൻ പൊകുന്നു..

4427 കോടി രൂപയുടെ ഒരു വമ്പൻ പ്രൊജക്ട് ഡൽഹി കമ്പനി കൊത്തിക്കൊണ്ട് പോയാൽ പാന്റിന് വെളിയിൽ വയറും ചാടിപ്പിച്ച് നിൽക്കുന്ന കേ.ഗ.എൻജിനീയറൻമാരായ താപ്പാനകൾക്ക് ഉറക്കത്തിൽ ഭീകര സ്വപ്നങ്ങൾ കണ്ട് ഉറക്കം നഷ്ടപ്പെടില്ലേ....??

നാട്ട് നടപ്പ് അനുസരിച്ച് മൊത്തം തുകയുടെ 20% എങ്കിലും പലവഴിയിൽ ഇത്തരക്കാരുടെ കീശയിലെത്തുകയാണ് പതിവ്. DMRC കരാറുകൾ ഏറ്റെടുക്കുന്നതോടെ അതിനുള്ള വഴികൾ അടയും എന്ന് ഉൾവിളിയുണ്ടായ ചില കേമൻമാരുടെ കുരുട്ട് ബുദ്ധിയാണ് ഡൽഹി മെട്രോയെ ചവിട്ടി പുറത്താക്കാനുള്ള നാടകങ്ങൾക്ക് തിരക്കഥ എഴുതിയതെന്ന് പിന്നാമ്പുറ സംസാരമുണ്ട്.

പരിചയ സമ്പന്നരായ ഡൽഹി മെട്രോ കമ്പനി നാല് വർഷം കൊണ്ട് കൊച്ചിയിൽ മെട്രോ ഓടിപ്പിക്കും എന്ന് വാക്ക് തന്നിരുന്നു..

ഒരു മുൻപരിചയവുമില്ലാത്ത കേരള സർക്കാരിന്റെ "കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്" എത്ര നാളെടുക്കും..?? കുറെ സർക്കാർ എൻജിനീയറൻമാർ കൂടി ചേർന്നാൽ മെട്രോ ഓടുമോ?? കാത്തിരിക്കാം..!!

Wednesday, December 14, 2011

ഇടുക്കി ഇനി പാണ്ടി രാജ്യത്തിൽ..!! അഥവാ ഇടുക്കിയിൽ പോകാൻ ഇനി തമിഴ് വിസ..!!

ഇടുക്കിയെ തമിഴ്നാടിന് വേണമെന്ന് അവിടുത്തെ എം പി മാർ പ്രധാനമന്ത്രിയോടഭ്യർത്ഥിച്ചു. ചുമ്മാ കണ്ണുമടച്ച് എടുത്തോളാൻ പറയണം
ഹേ..!!

ഇടുക്കി തമിഴ് നാട്ടിലായാൽ പിന്നെ ഡാം ചോർന്നാലും പൊട്ടിയാലും കണക്ക് പ്രകാരം തമിഴ് നാട്ടിലല്ലെ ചോരൂ.. യേത്..? "തമിഴ് നാട്ടിൽ ഡാം പൊട്ടി" എന്ന് പറഞ്ഞ് കേരളക്കാരായ നമുക്ക് ഒരു അനുശോചനക്കുറിപ്പിറക്കാം. കേരള സർക്കാരിന് ഇപ്പോഴത്തെ സകലമാന ഊരാക്കുടുക്കുകളിൽ നിന്നും പുല്ലുപോലെ തലയൂരുകയും ചെയ്യാം.

ഇടുക്കി പാണ്ടി രാജ്യമാകുന്നതോടെ ജില്ലയിലെ പ്രധാനപ്പെട്ട രണ്ടെമ്മെല്ലെമാരായ ജോസഫിനെയും ബിജിമോളെയും എന്തായാലും ജയലളിത തമിഴ്നാട്ടിൽ മന്ത്രിമാരാക്കും. വേണമെങ്കിൽ ഡാമിന്റെ ചുമതലയും കൊടുക്കും.. അതിനും വേണ്ടി പണികൾ അവർ ഇവിടെ ചെയ്യുന്നുണ്ടല്ലോ.

അതുമാത്രമോ, കേ.കോ.മാണി ഗ്രൂപ് ദേശീയ പാർട്ടിയായി ഉയരും..
ജോസഫ് തമിഴ് നാട്ടിൽ മന്ത്രിയാകുന്നതോടെ ഇവിടെ ചിലരുടെ മുറുമുറുപ്പ് തീരുകയും, ജോസഫ് പാണ്ടിയായ ഒഴിവിൽ മുസ്ലിം ലീഗിന്റെ അഞ്ചാമൻ മന്ത്രി എന്ന സ്വപ്നം  യാഥാർത്ഥ്യമാക്കുകയുമാകാം..!!

പോരങ്കിൽ ഇതിന് മുമ്പ് നടന്ന ചപ്പാത്തിലെ ഇരുമുന്നണി നേതാക്കൻമാരുടെയും ഉപവാസം, ബിജിമോളുടെ അറസ്റ്റ്, സംഘർഷാവസ്ഥ, റൂർക്കി ഐ ഐ റ്റിയിലെ വിദഗ്ധരുടെ അഭ്യാസം,ഡൽഹിയിലെ ഉപവാസം, റിലെ ഉപവാസം, പുതിയ ഡാം പണിഞ്ഞിട്ടെ വേറെ പണിക്ക് പോകൂ എന്ന ജോസഫിന്റെയും മുഖ്യമന്ത്രിയുടെയും പ്രസ്താവന, 35 ലക്ഷം ഒലിച്ച് പോകും, 5 ജില്ലകൾ ഭൂപടത്തിൽ നിന്നും എന്നന്നേക്കുമായി മാഞ്ഞു പോകും, മാങ്ങാത്തൊലി, കൊലവെറി, ഫെയ്സ് ബുക്കിലെ ആയിരക്കണക്കിന് പൊട്ടിത്തെറികൾ, സി പി എമ്മിലെ ഭിന്നിപ്പ്, പിബിയെ പണി നോക്കാൻ പറഞ്ഞ വിയെസിന്റെ ഉശിര്, ദണ്ഡപാണിയുടെ കോടതിയിലെ വിവാദ മൊഴി തുടങ്ങി സകല ഉമ്മാക്കികളും അസ്ഥാനത്താകും.

ഇടുക്കി തമിഴീകരിക്കുന്നതോടെ അടുത്ത പടിയായി ഇടുക്കിയുടെ പേരുമാറ്റി "ഇളുക്കി" എന്നാക്കുകയും തുടർന്ന് ശബരിമല, *ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, തമിഴൻമാർ ജോലി ചെയ്യുന്ന വ്യവസായ സ്ഥാപനങ്ങൾ തുടങ്ങി പലതിനും അവകാശവാദമുന്നയിക്കുകയും ചെയ്യും.

ഇടുക്കിയിലെ സകല വീടുകളിലും തലൈവിയുടെ വക കളർ ടീവിയും ഗ്രൈൻഡറും ഫ്രീ.

പിന്നെ കേരളസർക്കാർ തന്നെ മുൻകൈയ്യെടുത്ത് ഇവിടുത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളും, ഗുണ്ടകളും ക്വട്ടേഷൻ ടീമുകളും, സ്ത്രീവാണിഭക്കാരും അധികമുള്ള പ്രദേശങ്ങൾ കൂടി തമിഴ് നാട്ടിൽ ലയിപ്പിച്ചാൽ പിന്നെ കേരളമെത്ര മനോഹരം..!! ആഹഹാ..!!

ചുറ്റുപാടും കേട്ടത്: ഇനിയെങ്ങാനും പണ്ടാരടങ്ങാൻ കേരള സർക്കാറിന് തമിഴ്നാടിനെതിരെ കേസ് കൊടുക്കണമെന്നെങ്ങാനും തോന്നിയാൽ
നമ്മുടെ സ്വന്തം ദണ്ഡപാണി അവർകൾ തന്നെ കോടതിയിൽ വാദിച്ച് പുല്ലുപോലെ കേസ് ജയിപ്പിച്ച് ഇടുക്കി തമിഴ്നാടിന്റെ കൈയ്യിൽ ഏൽപ്പിച്ച് കൊടുക്കുകയും ചെയ്യും..!!

(*ഈ പോസ്റ്റ് ഡ്രാഫ്റ്റ് ചെയ്ത് വെച്ച ദിവസം തന്നെ പദ്മനാഭ സ്വാമി ക്ഷേത്രം വക സ്വത്തുക്കൾ തമിഴ്നാടിന്റേതാണെന്ന് അവകാശ വാദം "മറുനാടൻ മലയാളി" പത്രത്തിൽ വാർത്ത കണ്ടു.. ഹെന്തതിശയം..!!)


Friday, December 2, 2011

പുണ്ണാക്കും പുളിങ്കുരുവും ഇനി ബഹുരാഷ്ട്രക്കടകൾ വഴി മാത്രം..!!


ചില്ലറ വ്യാപാരശാലകളും പലചരക്ക് കട പ്രസ്ഥാനങ്ങളും ഇൻഡ്യയുടെ ഭൂപടത്തിൽ നിന്നും ബഹുരാഷ്ട്ര കുത്തകകൾ മാന്തിപ്പറിച്ച് കൊണ്ട്
പോകാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു.

പനകയറിയും, ഒട്ടകത്തിന്റെ ചവിട്ട് കൊണ്ടും ഗൾഫിൽ ഉണ്ടാക്കിയ പത്ത് പുത്തൻ നാട്ടിൽ കൊണ്ട്‌വന്ന് ചില്ലറവ്യാപാരം തുടങ്ങിയ
അയ്മുക്കാന്റെ കടയും ലവൻമാര് പൂട്ടിക്കും എന്നാണോ ഇവരൊക്കെ പറയണത്??

കേരളത്തിൽ മാത്രം 15 ലക്ഷത്തോളം ചില്ലറ വ്യാപാരികളും അവരെ ചുറ്റിപ്പറ്റി നാലിരട്ടിയോളം അനുബന്ധ തൊഴിലാളികളും  ജീവിച്ച്പോരുന്നുണ്ട്.

കേരളത്തിന്റെ അതിർത്തി വിട്ട് ഉള്ളിലോട്ട് കേറാൻ കുത്തകകൾക്ക് മോഹം വല്ലതുമുണ്ടെങ്കിൽ അത് കൈയ്യിലിരിക്കട്ടെ എന്നാണ് കുഞ്ഞാപ്പ
പറേണത്.. കണ്ടറിയാം..!!

ഇതിനെ നഖശിഖാന്തം എതിർക്കുന്ന, കഴിഞ്ഞ ഒരാഴ്ചയായി പാർലമെന്റിനെ സ്തംഭിപ്പിച്ച് നിർത്തിയിരിക്കുന്ന പ്രതിപ്പക്ഷ പാർട്ടികളോട് ഒരു ചോദ്യം;

കാലം മാറുന്നതനുസരിച്ച് ജീവിത രീതികൾ മാറണ്ട എന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്; പണം മുടക്കുന്ന ഉപഭോക്താവിന്, ഗുണമേൻമയുള്ള
അന്താരാഷ്ട്ര ഉൽപന്നങ്ങൾ നമ്മുടെ വിപണിയിലും സുലഭമായി കിട്ടുന്നതിനെ പ്രോൽസാഹിപ്പിക്കുകയല്ലെ വേണ്ടത്??
80 കളിൽ കമ്പ്യൂട്ടർ വന്നപ്പോൾ യുവജനങ്ങളുടെ തൊഴിൽ നഷ്ടപ്പെടും എന്ന് പറഞ്ഞ് സമരം ചെയ്ത നിങ്ങൾ ഇപ്പോൾ ഉറങ്ങുന്നതും
പെടുക്കുന്നതും കമ്പ്യൂട്ടറിൽ പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്നതിനനുസരിച്ചല്ലെ??

അങ്ങിനെയുള്ള നിങ്ങളുടെ ഇപ്പോഴത്തെ ഈ എതിർപ്പ് നാളത്തെ തലമുറയുടെ മുന്നിൽ പ്രതിഷേധത്തിനിടയാക്കില്ലേ??

കടലിനക്കരെ നിന്നും ഈ വമ്പൻ ഭീമൻമാരെ ഇക്കരെയിറക്കാൻ പച്ചക്കൊടി കാട്ടിയ കേന്ദ്രസർക്കാരിനോട് മറ്റൊരു ചോദ്യം;

ഈ ഭീമൻമാർ വിഴുങ്ങുന്നതോടെ തൊഴിൽ നഷ്ടപ്പെടാൻ ഇടയുള്ള വ്യാപാരികളേയും അനുബന്ധ തൊഴിലാളികളേയും പുനരധിവസിപ്പിക്കുന്ന എന്ത് പദ്ധതിയാണ് നിങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്?? ഇതു ഇൻഡ്യൻ പരമ്പരാഗത വ്യാപാരത്തിന്റെ സർവ്വനാശത്തിനല്ലെ വഴിവക്കൂ..??


ആശങ്ക: ഇനി കർഷക ആത്‌മഹത്യകൾക്ക് പകരം ചില്ലറ വ്യാപാരികളുടെ ആത്‌മഹത്യകളാണോ രാജ്യത്ത് ഉണ്ടാകാൻ പോകുന്നത്??

Sunday, November 13, 2011

മൻമോഹൻ സിംഗ് VS മത്തായി; ഒരു ഘടാഘടിയൻ സിദ്ധാന്തം..!!


നമ്മുടെ പ്രധാന മന്ത്രി ഇയ്യിടെ ഒരു ഘഡാ ഘഡിയൻ പ്രസ്താവന നടത്തി..

"അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ ലക്ഷണമാണ്"

ഉള്ളതായിരിക്കും അല്ലേ..??

ഇദ്ദേഹം വെറും പ്രധാനമന്ത്രി മാത്രമല്ല. ലോകബാങ്കിലും മറ്റും സേവനമനുഷ്ടിച്ചിട്ടുള്ള ധനകാര്യ വിദഗ്ധനുമൊക്കെയാണ് ..അപ്പോൾ വെറും ഉഡായിപ്പ് പ്രഖ്യാപനം അല്ലായിരിക്കും..  ഇതിലെന്തെങ്കിലും കാണും.. നമ്മള് പാവങ്ങക്ക് എന്തരറിയാം..എന്തരോ എന്തോ..??

ഈ സിദ്ധാന്തം ശെരിയാണെങ്കിൽ മത്തായിയുടെ സംശയങ്ങൾ ആര് തീർത്ത് കൊടുക്കും..

സംശയം ഒന്ന് മത്തായി വക: പന്നിപ്പനി, എലിപ്പനി, വരട്ട് ചൊറി തുടങ്ങിയ കണാകുണരോഗങ്ങൾ നമ്മുടെ നാട്ടിൽ വർദ്ധിച്ച് വരുന്നത്
നമ്മുടെ ആരോഗ്യമേഖലയുടെ വളർച്ചയാണ് സൂചിപ്പിക്കുന്നത്; തന്നീ അണ്ണാ..???

സംശയം രണ്ട് മത്തായി വക: പീഠനം, ബലാൽസംഗം, പിടിച്ച് പറി, ക്വട്ടേഷൻ എന്നിവ അടിക്കടി കൂടിക്കൂടി വരുന്നത്; നമ്മുടെ ക്രമസമാധാന
പാലന രംഗം വളർന്ന് പന്തലിച്ചത് കൊണ്ടാണ്; ശെരിയാണാ അണ്ണാ..??

സംശയം മൂന്ന് മത്തായി വക: ജയിലിലേക്ക് പോകുന്ന രാഷ്ട്രീയ നേതാക്കന്മാരുടേയും, കേന്ദ്ര മന്ത്രിമാരുടെയും എണ്ണം കൂടിക്കൂടിവരുന്നത്;
നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി ഇത്രക്കും വളർന്നിട്ടാണ് അല്ലീ അണ്ണാ..?

(മതി..മതി.. മത്തായി.. ബാക്കി വായിക്കുന്നോര് ഊഹിച്ചോളും..)

അണ്ണാ ഇത് ഒരു ഒനൊന്നര സിദ്ധാന്തം തന്ന കേട്ടാ..!!Tuesday, November 8, 2011

കൊടുത്താൽ ജയരാജനും കിട്ടും എട്ടിന്റെ പണി..!!
ജയരാജനിട്ട് കോടതി പണി കൊടുത്തു. അതും എട്ടിന്റെ പണി..

"അല്ല മൊയലാളീ ഈ ഹൈകോടതീന്ന് പറേണ പ്രസ്ഥാനം വഴിവക്കിൽ നിന്ന് തെറി പറയണവരെ സംസ്കാരം പഠിപ്പിക്കാനുള്ള "നിർ"ഗുണ
പരിഹാര പാഠശാലയാണോ??"

ഒരു നേതാവ് ഇറങ്ങിയപ്പോ അടുത്ത നേതാവ് അകത്തോട്ട്
ഇവർക്കൊക്കെ ഇതെന്ത് പറ്റി.

ഇനി ജയരാജന്‌ ചെയ്യാൻ പറ്റിയ ഒരേ ഒരു പണി; ബാലകൃഷ്ണപിള്ളയുടെ അതെ അടവ് നയം ഒന്ന് പയറ്റി നോക്കുക എന്നത് തന്നെ.

ജയിൽ മതിൽ കെട്ടിനുള്ളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൻമാരിൽ മാത്രം കണ്ട് വരുന്ന പ്രത്യേക തരം അസുഖങ്ങളുടെ ഒരു പട്ടിക ശേഖരിച്ച്
അതിൽ ഏതിലെങ്കിലും ഒന്നിന്റെ ശുപാർശ്ശ ഒരു ഡോക്ടറിൽ നിന്നും എഴുതി വാങ്ങിയാൽ കാര്യങ്ങളുടെ ഒന്നാം ഘട്ടം ആയി..

ഒത്താൽ ഒത്തു..

രാഷ്ട്രീയ വാശിയും ദുരഭിമാനവുമൊക്കെ വെടിഞ്ഞ് ബാലകൃഷ്ണപിള്ളയോടൊ അദ്ദേഹത്തെ ചികിൽസിച്ച ഡോക്ടറോടോ സംഗതിയുടെ ഗുട്ടൻസ് ചോദിച്ച് മനസ്സിലാക്കിയാൽ പിന്നെ അടുത്തപടി താമസം ഫൈവ് സ്റ്റാർ ആശുപത്രിയിലോ ഹോട്ടലിലോ മാറ്റാം.

പക്ഷേ ലദ് വേണം.. ലദ്.. "ചിക്കിളി"
അതിനല്ലെ പാർടിഫണ്ട്..

ഇതെല്ലാം കഴിഞ്ഞ് വരുമ്പോൾ പുതുവർഷമാകും.. പിന്നെ പുതുവർഷം പ്രമാണിച്ച് ജയരാജനോടൊപ്പം കുത്തിക്കൊലക്കേസിലേയും മറ്റും
ചിലർക്കും കൂടി ഈസി ഔട്ട് പാസ്..

സർക്കാരിന്റെ ഒരാളിറങ്ങിയാൽ മറുപക്ഷത്തിന്റെയും ഒരാളിനിറങ്ങാം.. ഇറക്കിയില്ലെങ്കിൽ ഹർത്താൽ, വഴിതടയൽ എന്തെല്ലാം
കലാപരിപാടികൾ കിടക്കുന്നു..

ശേഷം ചിന്തനീയം..!!

കോടതി പരിസരത്ത് കേട്ടത്: " ഇനി സകലമാന രാഷ്ട്രീയ പുണ്യാം ദേഹികളും മൈക്കും ചാനൽ ക്യാമറകളും കിട്ടുമ്പോൾ ഒന്നറക്കും
വിടുവായത്തം വെച്ചലക്കാൻ"

ഇവിടെ ക്ലിക്കിയാൽ മലയാളം ഡിക്ഷ്ണറി പരിഷ്കരിച്ചത്; ജയരാജ കാണ്ഡം വായിക്കാം..
-----------------------------------------------------------------------------------------------

Monday, October 31, 2011

മന്ത്രീടെ മാപ്പിലെ കോപ്പ്..!!

 സ്റ്റാർട്ടും, ആക്ഷനും, ഗ്ലിസറിനും, ലൈറ്റപ്പുമൊന്നുമില്ലാതെ ഗണേഷ്കുമാർ മാധ്യമങ്ങൾക്ക് മുന്നിൽ കഴിഞ്ഞ ആഴ്ചയിൽ വിവാദമായ(വിവാദമാക്കിയ) ഞരമ്പുരോഗ പ്രസംഗത്തിൽ അഗാധമായ ഖേദം പ്രകടിപ്പിച്ച് തത്കാലത്തേക്ക് തടിതപ്പി..

ഗണേഷ്കുമാർ എന്ന നടന്റെ അറിവിലേക്ക് ചിലത്:

ലോകരാഷ്ട്രങ്ങൾ ബഹുമാനിക്കുന്ന ഡോ.അബ്ദുൽഖലാമിനെ പോലെ ഉന്നതനായ ഒരു ശാസ്ത്രജ്ഞനെ "മുകളിലേക്ക് മാത്രം വാണം വിടുന്ന വിദ്വാൻ" എന്നും എതിർ സ്ഥാനാർത്ഥിയായ് മൽസരിച്ച വനിതയെ ദ്വയാർത്ഥത്തിൽ "ഇവർ പല കാര്യങ്ങളിലും പ്രശസ്തയാണ്" എന്ന് ഒരു മാതിരി ആക്കി പറയാനും, മരണമടഞ്ഞ ധീരജവാന്റെ ദു:ഖം തളം കെട്ടി നിൽക്കുന്ന വീട്ടിൽ ചെന്ന് "പട്ടാളക്കാരനല്ലായിരുന്നെങ്കിൽ ഒരു പട്ടിപോലും തിരിഞ്ഞ് നോക്കില്ലായിരുന്നു" എന്നുമൊക്കെ ആക്ഷേപിക്കണമെങ്കിൽ ഒരു പ്രായവും പക്വതയുമൊക്കെ ആകണം..

അതായത് ഒരു എൺപത് വയസ്സെങ്കിലും കഴിയണം. അല്ലാതെ മോനെ ഗണേശാ
മന്ത്രിയാണെന്ന് വിചാരിച്ചു ഞരമ്പ് രോഗമാണെന്നും കാമഭ്രാന്താ ണെന്നുമൊക്കെ പറഞ്ഞ് അതിന്റെ ഇടയിൽ ആളാകാൻ നോക്കല്ലെ.. കുറച്ച് ബെയിറ്റീം പുള്ളെ... പ്രായമാകട്ടെ..

=================
ഇപ്പോൾ കിട്ടിയത്:

സൗരയൂഥക്കമ്മറ്റി പിരിച്ച് വിട്ട പ്ലൂട്ടോയെ നിരുപാധികം തിരിച്ചെടുത്തിരിക്കുന്നു;

ജയിലിൽ കിടന്ന പിള്ളയെ നിരുപാധികം കേരള സർക്കാർ തുറന്ന് വിട്ടിരിക്കുന്നു.

Saturday, October 15, 2011

കരഞ്ഞ് കാണിച്ചാൽ രാഷ്ട്രീയക്കാരനാകുമോ..??


ഇന്നലെ ഒരു യുവ തീപ്പൊരി എം.എൽ.എ. യുടെ ഹൃദയ ഭേദകമായ ഒരു ഭംഗിയുമില്ലാത്ത പൊട്ടിപൊട്ടിയുള്ള വിപ്ലവ കരച്ചിൽ ചങ്കിൽ
കൊള്ളാത്ത ഒരുത്തനും മലയാളക്കരയിൽ ഉണ്ടാകില്ല. ചാനലുകൾ തലങ്ങും വിലങ്ങും "കരച്ചിൽ എപ്പിസോഡ്" ആർമാദിച്ചാഘോഷിച്ചു. സങ്കടം
കൊണ്ട് പൊട്ടിക്കരയുന്ന രാജേഷിന്റെ പുറകിൽ നിന്ന് കൂട്ടത്തിലുള്ള ഒരു ശുംഭൻ (തിളങ്ങി പ്രശോഭിക്കുന്നവൻ; ശബ്ദതാരാവലി ജയരാജ
കാണ്ഡം പരിഷ്കരിച്ചത്) ഒരു ഉളുപ്പുമില്ലാതെ വായ പൊത്തി ചിരിച്ചതെന്തിനാണാവോ..?? ആവോ..!!

ഇതിലൊന്നും ഒരലിവും തോന്നാത്ത കഠിന ഹൃദയനും നിഷ്ഠൂരനുമായ പി.സി. ജോർജെന്ന സാദാ "പൗരൻ" ആക്രോശിച്ചത് "ചുമ്മാകിടന്ന്
മോങ്ങിയിട്ടൊന്നും ഒരു കാര്യവുമില്ല. പോയി തെളിയിച്ചോണ്ട് വാ.." എന്നാണ്.

ചങ്ക് പൊട്ടി നിൽക്കുന്നവന്റെ ആസനത്തിൽ പാരകേറ്റുന്ന പരിപാടിയായിപോയി ജോർജച്ചായാ അത്...!!

അഞ്ചാറ് മാസം മുൻപ് കരച്ചിൽ സീരിയലുകളെപ്പോലും ലജ്ജിപ്പിക്കുന്ന ഒരു നെഞ്ച് പൊട്ടിക്കരച്ചിൽ ചാനലുകാർ ലൈവായി കാണിച്ചിരുന്നു.. കോൺഗ്രസിന്റെ സമുന്നതനായ നേതാവ് രാമചന്ദ്രൻ മാസ്റ്റർ ഏങ്ങി ഏങ്ങി വിങ്ങിപ്പൊട്ടി കരഞ്ഞത് കണ്ട് കൊച്ച് കുട്ടികളുടെപോലും കണ്ണ് ഈറനണിയിച്ചു.. എന്നിട്ടും കോൺഗ്രസിന് ഒരു കുലുക്കവുമില്ലായിരുന്നു..

വിദ്യാഭ്യാസം മുടങ്ങി(?) നിൽക്കുന്ന നിർമൽ മാധവ് എന്ന ഇഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ ചങ്ക് നീറിയുള്ള കരച്ചിലുമായി ഈ കരച്ചിലുകളെ ഏതെങ്കിലും വിധത്തിൽ താരതമ്യം ചെയ്യാൻ പറ്റുമോ??

പ്രബുദ്ധമായ കേരള രാഷ്ട്രീയം ലോല ഹൃദയരെ കൊണ്ട് നിറയുകയാണോ..??

Tuesday, October 11, 2011

ആസനത്തിലെ പാര അഥവാ പിള്ളയുടെ സുഖവാസം ..!!

 
 
രണ്ടാഴ്ച്ചക്ക് മുന്‍പ് എന്തായിരുന്നു പുകില്. അധ്യാപകന്‍റെ ആസനത്തില്‍ പാര, തുടര്‍ന്ന്‍ ദുരൂഹതകള്‍..!! കേട്ടപാതി കേള്‍ക്കാത്ത പാതി ചത്തത് കീചകനെങ്കില്‍ കൊന്നത് പിള്ളതന്നെ എന്ന ആക്രോശത്തോടെ  പ്രതിപക്ഷ നേതാവിന്‍റെ കൈയ്യില്‍ കിട്ടിയ പാരയില്‍ ബാലകൃഷ്ണപിള്ളയെ ചുറ്റിവരിഞ്ഞ്, "സെവന്‍ സ്റ്റാര്‍ തടവ് ശിക്ഷ" അനുഭവിക്കുന്ന ആഡംബര ആശുപത്രിയുടെ മാര്‍ബിള്‍ തറയില്‍ പിള്ളയുടെ മൊബയില്‍ ഫോണ്‍ ചന്നം പിന്നം അടിച്ചു തകര്‍ത്തു. കുളമെത്ര കൊക്ക് കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ ഭരണപക്ഷം ഒന്നും ചെയ്യാനില്ലാതെ കൈയും കെട്ടി ചുമരും ചാരി നിന്നു.
 
എന്നാല്‍ പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനക്ക് വിപരീതമായി അധ്യാപകന്‍റെ മാറ്റിയും, മറിച്ചും തിരിച്ചുമുള്ള പരസ്പര വിരുദ്ധമായ മൊഴിയില്‍ ഇനി ഇതില്‍ പിടിച്ച് തൂങിയാല്‍ രാഷ്ട്രീയ ഗുണം ഉണ്ടാകില്ല എന്ന് തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ അതാ വരുന്നു കൊമ്പ് കോര്‍ക്കാന്‍  കുട്ടനാട് പാരിസ്ഥിതിക വിഷയം, അതിലുടക്കി നില്‍ക്കുമ്പോള്‍ ദേണ്ടെ ഒരു കിക്കിടിലന്‍ സ്കൂപ്പ്, കോഴിക്കോട് എഞ്ചിനീയറിംഗ് പ്രവേശനവും വെടിവയ്പും പുകിലോടു പുകില്. കേരളത്തിലാണോ പുകിലുകള്‍ക്ക് പഞ്ഞം...!!
 
അധ്യാപകനോടും കുടുംബത്തിനോടുമുള്ള പ്രതിപക്ഷത്തിന്‍റെ സഹതാപമോ, കുട്ടനാട്ടുകാരോടുള്ള പ്രത്യേക വാത്സല്യമോ ഒന്നുമല്ല മറിച്ച് ഒരു നിര്‍ഗുണ ഭരണപക്ഷത്തോടുള്ള എതിര്‍പ്പും അതുമൂലം ഉണ്ടാകുന്ന രാഷ്ട്രീയ മുതലെടുപ്പും ലാക്കാക്കിയുള്ള ഏറ്റുപിടിക്കല്‍ മാത്രം.
 
കാലാകാലങ്ങളായി അപ്പുറത്ത് ഇരിക്കുന്നവരും ഇപ്പുറത്ത് ഇരിക്കുന്നവരും അനുവര്‍ത്തിക്കുന്ന ഒരു പ്രതിഭാസം, പുതിയ വിഷയം വരുമ്പോള്‍ പഴയതിനെ കൈവിട്ടു പുതിയതിലേക്ക്..!!
 
എന്നിട്ട് ഇപ്പോള്‍ എന്തായി:
വാളകത്തെ അധ്യാപകന്‍റെ വിഷയം അദ്ദേഹത്തിന്റെയും ഉറ്റ ബന്ധുക്കളുടെയും മാത്രം ജീവന്മരണ പ്രശ്നമായി ചുരുങ്ങിപ്പോയി. (കിട്ടിയവന് കിട്ടി അത്രതന്നെ..)
 
ബാലകൃഷ്ണപിള്ള പതിവിലും സുസ്മേര വദനനായി സസുഖം ആഡംബര ആശുപത്രിയില്‍ സുഖ ചികിത്സ തുടരുന്നു. നാല് ദിവസത്തെ അധിക വാടക കൂടി ആശുപത്രിക്ക് കോടതി അനുവദിച്ചു കൊടുത്തു.
 
പ്രതിപക്ഷം പുതിയ പുതിയ വിഷയങ്ങള്‍ക്ക് പിന്നാലെ പരക്കം പായുന്നു.
 
ഭരണ പക്ഷം ഇതെല്ലം ഞങ്ങളും കാണിച്ചിട്ട് ള്ളതല്ലേ  എന്ന ഭാവത്തില്‍ കൈയും കെട്ടി നില്‍ക്കുന്നു. .
 
പിന്നെ പൊതുജനം .. അത് .. തഥാസ്തു...!!!
  

Friday, September 23, 2011

ഓടിവായോ..!! എലിപ്പനി വന്നേ എലിപ്പനി..!!അധികൃതർ സമ്മതിക്കുന്നില്ലെങ്കിലും ഈ വർഷം സംസ്ഥാനത്ത് എലിപ്പനി പിടിപെട്ട് അമ്പതിലേറെ പേർ ഇതിനോടകം മരണപ്പെട്ടു എന്നാണ്
അനൗദ്യോഗിക കണക്ക്.

സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന ഇത്തരം ഒരു ആരോഗ്യ  പ്രശ്നത്തിൽ ഇടപെടാൻ ആർക്കും സമയമില്ലെ?? അതോ
ആഗ്രഹമില്ലെ?? അവരൊക്കെ തിരക്കിലാണ്..!!

കുത്തക കമ്പനിക്കാർ തന്നിഷ്ടപ്രകാരം പെട്രോൾ വില കൂട്ടിയതിൽ പ്രതിക്ഷേധിച്ച് നമ്മുടെ നാട്ടിൻ പുറത്തെ കടകൾ
പൂട്ടിച്ചും,കേരളത്തിലോടുന്ന ബസുകൾ കത്തിച്ചും, ജന ജീവിതം സ്തംഭിപ്പിച്ച് കൂട്ടിയ വില കുറപ്പിക്കുന്ന തിരക്കിലാണ് ഒരു കൂട്ടർ..!!

ഇനി അടുത്ത കൂട്ടർക്കാണെങ്കിൽ നൂറുകണക്കിന് സംഭവങ്ങളാണ്.. ഒന്നൊതുക്കുമ്പോൾ ഒമ്പത് ജോർജ്മാർ പൊങ്ങി വരും..!!(വണ്ടി ഉരുട്ടി
പോണ്ടെ അണ്ണാ)

ഇനിയൊരു കൂട്ടർ സ്വയം ആസ്ഥാന എലിപ്പനി വിദഗ്ദ്ധൻമാരായി ചമഞ്ഞ് ചാനലുകളിൽ മാറിമാറി മാരത്തോൺ ചർച്ചകളാണ്.. ഒപ്പം
എലികൾക്കുള്ള ഉപദേശങ്ങളും..!!

"ഇതിൽപരമിനിയെന്ത് വേണം എലിപ്പനിക്ക് വിളയാടാൻ..!!"

പ്രദേശങ്ങളിലെ മാലിന്യ നിർമാർജ്ജനം ഉൾപ്പടെ ആരോഗ്യ മേഖലയിൽ അടിയന്തിര നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും
ഉണ്ടായില്ലെങ്കിൽ എലിപ്പനിയുടെ പേരിൽ ഒരു കൂട്ടക്കുരുതിക്ക് കേരളം സാക്ഷിയാകേണ്ടി വരും.. തർക്കമില്ല..!!

---------------------------------------------------------------------------------------------------------------

നോട്ട് ദ പോയിന്റ്..

എലി, കന്നുകാലികൾ, നായ്ക്കൾ, പൂച്ച, കുതിര എന്നിവയുടെ മൂത്രത്തിലൂടെയാണ് എലിപ്പനിയുടെ അണുക്കൾ പരക്കുന്നത്.

കടുത്ത പനിയും ശരീര വേദനയുമാണ് ആദ്യ ലക്ഷണം.

മൂത്ര തടസം, കാലിലും മുഖത്തും നീര്, കണ്ണുകൾ ചുവന്ന് തുടുക്കുക തുടങ്ങിയവയാണ് രണ്ടാം ഘട്ട ലക്ഷണങ്ങൾ; ഈ അവസ്ഥയിൽ രോഗ
ശമനം ചിലപ്പോൾ അസാധ്യമാകും.

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും പ്രതിരോധ ഗുളികകൾ സൗജന്യമായി ലഭിക്കും.

കൈയ്യിലോ കാലിലോ നേരിയ മുറിവെങ്കിലുമുണ്ടെങ്കിൽ വെള്ളത്തിലിറങ്ങി നിന്നുള്ള ജോലികൾ ഒഴിവാക്കണം.

---------------------------------------------------------------------------------------------------------------------

വാൽകഷ്ണം:മുമ്പൊരു പനി മാമാങ്കം കേരളത്തിൽ അതി ഗംഭീരമായി കൊണ്ടാടിയിരുന്നു. ഇന്നത്തെ പ്രതിപക്ഷം അന്നത്തെ ഭരണപക്ഷവും, ഭരണപക്ഷം
പ്രതിപക്ഷവുമായിരുന്നു. ആരൊഗ്യ മന്ത്രിയെങ്ങാണ്ട് അമേരിക്കാക്ക് പോയി എന്ന് പറഞ്ഞ് തുള്ളിയ തുള്ളാട്ടം.. എന്നിട്ടും എലിപ്പനി
അറബിക്കടലിൽ ഒലിച്ചു പോകാതെ വീണ്ടും വന്നു..
-----------------------------------------------------------------------------------------------------------------------

Wednesday, September 14, 2011

മുത്തേ മുത്തേ പൂമുത്തെ... ലക്ഷം ലക്ഷം പിന്നാലെ..!!


കുറച്ച് നാളായി കോലഞ്ചേരി പള്ളിപ്പെരുന്നാൾ തകർക്കുകയാണ്.. നാട്ടാര് മൊത്തം ആഘോഷിക്കുന്ന വമ്പൻ പെരുന്നാൾ..!! ദൈവത്തിന്റെ
സിംഹാസനത്തിന് തൊട്ടടുത്ത് ഇരിപ്പിടമുറപ്പിച്ച ഓർത്തഡോക്സ്, യാകോബായ സഭാമേലദ്ധ്യക്ഷൻമാർ വാക്ദ്ധോരണികൊണ്ട് പരസ്പരം
കടിച്ച് കീറുന്നു.. പ്രബുദ്ധരായ അണികളെ ഉത്ബുദ്ധരാക്കും വിധം ചില രാഷ്ട്രീയ കൊഞ്ഞാണൻമാരെ പോലെ പ്രസംഗിക്കുന്നു..നിരാഹാരം
റോഡുവക്കിൽ ഇറങ്ങി നിൽക്കുന്നു. കേസ്, കോടതി തീരുമാനങ്ങൾ.. ഇതൊക്കെ ഒരു ദൈവ ഭവനത്തിന് വേണ്ടി..!! ലജജയില്ലെ സഭാ
വിശ്വാസികളേ നിങ്ങൾക്ക്..!!

 മുത്തേ മുത്തേ പൂമുത്തേ എന്ന കൊച്ചഛൻമാരുടെ ഖണ്ഡഘഡോരമായ മുദ്രാവാക്യങ്ങൾ കേട്ട് ളോഹക്കുള്ളിലെ ശരീരങ്ങൾ സ്വർഗ
തുല്യമായി ആനന്ദ തുന്ദിതരാകുന്നു..!

നിങ്ങളെ ശുദ്ധീകരിപ്പാൻ സ്വയം ശുദ്ധി വരുത്തുക..നിങ്ങളുടെ ദുഷ്പ്രവർത്തികൾ അവസാനിപ്പിക്കുക.. (യെശയ്യാവ് 1:16)

നല്ല കാരണമില്ലാതെ ആരെയും കോടതി കയറ്റരുത്. അയാൾ നിന്നോട് തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ അങ്ങിനെ ചെയ്യരുത്.. (സദൃശ
വാക്യങ്ങൾ 3:30)

പിന്നീട് യേശു അവരോട് ഇങ്ങനെ പറഞ്ഞു: രാജ്യം രാജ്യത്തോടും ജനത ജനതയോടും പൊരുതും. (ലൂക്കോസ് 21:10)

എത്ര വാസ്തവമാണ് മേൽ വചനങ്ങൾ.. ഇവർക്ക് വേണ്ടി പറഞ്ഞ് വച്ചിരുന്നത് പോലെ..!!

ആരുടെ ലാഭം നോക്കിയാണ് ഇവർ പരസ്പരം പോരടിക്കുന്നത്.. ദൈവ മാർഗത്തിലേക്കുള്ള വഴി ഇതാണോ..??

ഈശോയെ ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവരറിയുന്നില്ല..
ഇവരോട് പൊറുക്കേണമേ..!!

Thursday, September 8, 2011

മാവേലി റീലോഡഡ്.. ഓണം വിക്കിലീക്സ് വക..!!


നാട്ടുകാർക്ക് കുടിച്ച് മദോൻമത്തരായി ആർഭാടിക്കാൻ ഓണവും ചുമലിലേറ്റി മഹാബലി കേരളത്തിലേക്കുള്ള ലൊ ഫ്ലോർ ബസ് കാത്ത്
നിൽക്കുന്നു. ആണ്ടിലൊരിക്കൽ ഭൂമി മലയാളത്തിലേക്ക് പോകുന്ന ഈ ഒറ്റ എപ്പിസോഡുള്ള പരിപാടിയിൽ നിന്ന് കിട്ടുന്ന വരുമാനം
മൊബൈൽ റീചാർജ് ചെയ്യാൻ തന്നെ തികയാതായി. ഇടക്ക് ആരോ മിസ്ഡ് കോൾ അടിക്കുന്നുണ്ട്..

എല്ലാക്കൊല്ലവും കിട്ടാനുള്ളതും അതിനപ്പുറവും കിട്ടിയിട്ടും മഹാബലി ഒരു സങ്കോചവുമില്ലാതെ തന്റെ പ്രജകളുടെ പരാക്രമങ്ങൾ കാണാനും
കേൾക്കാനും വീണ്ടും വീണ്ടും വന്നുകൊണ്ടേയിരിക്കുന്നു..

പരാക്രമങ്ങൾ എന്ന് പറഞ്ഞാൽ ഒന്ന് മുതൽ 99 വയസ്സുവരെയുള്ള പെൺ വർഗ്ഗത്തെ പീഡിപ്പിക്കൽ മുതൽ ബിവറേജസിന്റെ ക്യൂവിൽ
വിനയാന്വിതരായി നിൽക്കുന്ന ത്യാഗം വരെയുള്ള മാവേലി പ്രജകളുടെ വീരശൂര ഗാഥകൾ..

ഇപ്രാവശ്യത്തെ വരവിന് മഹാബലിക്ക് കാണാൻ കാഴ്ചകൾ മുമ്പത്തെക്കാളും അനവധിയാണ്.. എല്ലാം കണ്ട് തീർക്കാൻ രണ്ട് കണ്ണുകൾ
തികയാതെ വരും..
ഐസ്ക്രീം റീലോഡഡ്, ക്വട്ടേഷൻ, മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ
പീഢിപ്പിക്കൽ, സ്വാശ്രയമെഡിക്കൽ സീറ്റ് കച്ചവടം, വിക്കിലീക്സിന്റെ ഇടക്കിടക്കുള്ള വിവാദ വെളിപ്പെടുത്തലുകൾ (എല്ലാം പറയാൻ സ്ഥലം
തികയില്ല) തുടങ്ങി എന്തെല്ലാം.. ഇതോടേ ഈ പോക്ക് വരവ് അവസാനിപ്പിച്ചേക്കാമെന്ന് മാവേലിക്ക് തോന്നിക്കൂടാതെയില്ല..

എന്തുതന്നെയായാലും ഓണം മലയാളികൾക്ക് വിസ്മരിക്കാനാകാത്ത ഒരനുഭൂതി തന്നെയാണ്. കാലഘട്ടത്തിന്റെ വ്യത്യാസങ്ങളും തലമുറയുടെ കാഴ്ചപ്പാടുകളും മാത്രമാണ് മാറുന്നത്. പണ്ട് ഓണം വിളവെടുപ്പിന്റെ ഉത്സവമായിരുന്നെങ്കിൽ ഇന്ന് കച്ചവട തന്ത്രങ്ങളുടെ ഭാഗം കൂടിയാണ്. എന്തായാലും തലമുറകൾ കൈമാറുന്ന മലയാളികളുടെ സംസ്കാരത്തിന്റെ ഭാഗം തന്നെയാണ് ഓണം അന്നും ഇന്നും എന്നും;
കൂടുതൽ ലാഭം ബിവറേജസിനാണെങ്കിൽ പോലും..!!

Friday, August 26, 2011

രാജാവിന് സ്വർണം മോഷ്ടിക്കലോ പണി..!!


ചില വാർത്തകൾ കണ്ടപ്പോൾ മനസ്സിൽ തോന്നിയ ചില സംശയങ്ങൾ

ഒന്നാമത്തേത് സി.പി.എം വിഭാഗീയതയിൽ റൗഫിന് എന്താണ് പങ്ക്.. എന്തിനാണ് റൗഫ് എന്ന കുശാഗ്ര ബുദ്ധി കൂടെക്കൂടെ ചില പുതിയ നമ്പരുകളുമായി വീയെസിനെ കാണുന്നത്? അന്യ സംസ്ഥാനങ്ങളിൽ ഈ റൗഫിനെതിരെ നിലനിൽക്കുന്ന രാജ്യദ്രോഹ കുറ്റം ഉൾപ്പടെ ഉള്ള കെസുകൾ വിയെസിന് അറിയാൻ പാടില്ലെ?

ഇക്കണ്ട കാലമത്രയും ഇരുമെയ്യും മനമൊന്നുമായി ഊണിലും ഉറക്കത്തിലും കൂടെ നടന്ന് സകല കൊള്ളരുതായ്മകൾക്കും ഒത്താശ ചെയ്ത് കൊടുത്തിട്ട് ഇലക്ഷൻ അടുത്തപ്പോൾ കുഞ്ഞാപ്പാന്റെ മുഞ്ഞിക്കിട്ട് കുത്തിയ വീരനാണ് റൗഫ്. കാര്യ സാധ്യത്തിന് ഒരാളെ എങ്ങനെ ഉപയോഗിക്കണം എന്ന് ഈ വിദ്വാനെ കണ്ട് പഠിക്കണം. ആ റൗഫ് ആണ് ഇപ്പോൾ അചുതാനന്ദന്റെ തോളിൽ കൈയ്യിട്ട് കൂടെ നടന്ന് സിപിഎം വിഭാഗീയതയിൽ ഒളിക്യാമറ വച്ച് ആൽബം പിടിച്ച് കൊണ്ടിരിക്കുന്നത്.

വിചാരിച്ച കാര്യം സാധിക്കാതെ വരുമ്പോൾ ഐസ്ക്രീം ആൽബം റിലീസ് ചെയ്തത് പോലെ നാളെ ഒരു സമയത്ത് ഈ വിദ്വാൻ
 വിഎസിനെതിരെയും ഒരു ചാമ്പ് ചാമ്പില്ലെന്ന് ആര് കണ്ടു..!!

മറ്റൊരു സംശയം ഉത്രാടം തിരുന്നാൾ മാർത്താണ്ഡവർമ്മ പായസപാത്രത്തിൽ സ്വർണം കടത്തിയതിന് തെളിവുണ്ടെന്നും അതിനെതിരെ കേസുകൊടുക്കുമെന്നും വി.എസ്. പറയുന്നത് കേട്ടു..

കക്ഷി രാക്ഷ്ട്രീയ ഭേദമില്ലാതെ കിട്ടുന്ന അവസരങ്ങളിലെല്ലാം പൊതുഖജനാവ് കൈയ്യിട്ട് വാരുന്ന ജനാധിപത്യ പ്രതിനിധികൾ നിർലോഭം നാട്ടിൽ വാഴുമ്പോൾ, കാലാകാലങ്ങളായി രാജകുടുംബത്തിൽ നിന്നും ശ്രീ പദ്മനാഭന് കാണിക്കയായി കാഴ്ചവച്ച എന്തെങ്കിലും പിൻമുറ രാജാവ് തിരിച്ചെടുത്തുകൊണ്ട് പോയെങ്കിൽ രാഷ്ട്രീയക്കാർക്ക് എന്തിനാണ് ഇത്ര ചൊറിച്ചിൽ..

മാർത്താണ്ഡവർമ വിമർശിക്കപ്പെടേണ്ട ആളാണോ എന്ന ചർച്ചകൾ നടക്കുമ്പോൾ തന്നെ ജനാധിപത്യ വ്യവസ്ഥയിൽ പ്രധാന മന്ത്രിപോലും വിമർശിക്കപ്പെടുന്നു എന്ന പരമാർത്ഥം വിസ്മരിക്കുന്നില്ല. പക്ഷെ എന്ത് തെളിവുകളുടെ വെളിച്ചത്തിലാണ് അദ്ദേഹം ഇത്തരം പരസ്യ പ്രസ്താവന നടത്തിയത്.. 

അതോ റൗഫ് ഉൾപ്പടെയുള്ള മറ്റ് രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് മാധ്യമ ശ്രദ്ധ തൽകാലത്തേക്കെങ്കിലും തിരിച്ച് വിടാനാണോ..??

Saturday, August 6, 2011

സിംഗ്‍വി ഒരു വക്കീൽ മാത്രമാണോ..??


എൻഡോസൾഫാൻ വിഷയത്തിൽ കേരളത്തിന്റെ നിലപാട് വളരെ വ്യക്തമാണ്‌. എന്നിരുന്നിട്ടും കേരളത്തിലെ കോൺഗ്രസ്കാരെയും കോൺഗ്രസ് സർക്കാരിനെയും വെല്ലുവിളിച്ച്കൊണ്ട് സിംഗ്‍വി തന്നെ വിഷക്കമ്പനിക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകണം എന്നത് സിംഗ്‍വിയുടെ മാത്രം ദുർവ്വാശിയല്ലെ? കോൺഗ്രസ് വക്താവ് എന്ന കുപ്പായത്തിന്റെ ധാർഷ്ഠ്യമല്ലെ സിംഗ്‍വിക്കുള്ളത്??

അഭിഭാഷകൻ എന്ന നിലയിലാണ്‌ ഹാജരായതെന്ന പെരട്ട് ന്യായം അംഗീകരിച്ച് കൊടുക്കുകയാണെങ്കിൽ കോൺഗ്രസ് വക്താവിന്റെ കുപ്പായം അഴിച്ച് വെച്ചിട്ട് വക്കീൽ പണിക്ക് മാന്യദേഹം ഒന്ന് ഇറങ്ങി നോക്കട്ടെ. എൻഡോസൾഫാൻ കേസ് പോയിട്ട് ഏതെങ്കിലും ഒരു പാറ്റാഗുളികയുടെ കേസെങ്കിലും വാദിക്കാൻ കിട്ടുമോ??

വിഷക്കമ്പനികളുടെ അട്ടിക്കണക്കിന്‌ വക്കാലത്ത് ഫീസും വാങ്ങി രാജ്യത്തെ സേവിക്കാനിറങ്ങുന്ന ഇത്തരം ക്രിമിനൽ വക്കീലൻ‍മാരുടെ കൈയ്യിൽ കോൺഗ്രസ് വക്താവ് എന്ന എന്തിനും പോന്ന പദവി എത്തിപ്പെട്ടാൽ ഇനിയും ഇവിടെ എൻഡോസൾഫാൻ കമ്പനികൾ പൊതു ജനങ്ങളെ മേൽ‍മുണ്ട് ഉയർത്തിക്കാട്ടി പരിഹസിച്ചുകൊണ്ടേയിരിക്കും..

ഒരു ചെന്നിത്തലക്കും, ഒരു വീയെം സുധീരനും സിംഗ്‍വിയുടെ രാജിക്ക് വേണ്ടി പ്രതിക്ഷേധക്കുറിപ്പുകളിറക്കി സമ്പൂജ്യരാകാം..

Monday, July 25, 2011

ഇൻ‍കം ടാക്സ്കാർക്കെന്താ ഈ വീട്ടിൽ കാര്യം..!!


സംഗതി ലവൻ‍മാർ സൂപ്പർ ബമ്പർ സ്റ്റാർ തന്നെ.. പക്ഷെ കൈയ്യിലിരിക്കുന്നത് അഞ്ഞൂറ്റി ഒന്ന് ബാർ സോപ്പിട്ട് കഴുകിയാലും വെളുക്കാത്ത കള്ളപ്പണത്തിന്റെ പെട്ടികളല്ലെ.. രണ്ട് മെഗാ സാറൻ‍മാർക്കും കൂടി അന്യ സംസ്ഥാനങ്ങളിലും വിദേശത്തുമായി ആയിരം കോടിയിലധികം കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ്‌ മംഗളം അച്ചായൻ പറയുന്നത്..
ഇവരാണോ നാട് നന്നാക്കാൻ പാട് പെടുന്ന പരസ്യങ്ങളുടെ ബ്രാൻഡ് അംബാസഡർമാർ..

അഴീക്കോട് മാഷ് മുമ്പ് ചിലതൊക്കെ പറഞ്ഞപ്പോൾ അങ്ങേർക്ക് പെണ്ണ് കെട്ടാത്തതിന്റെ സൂക്കേടാണെന്ന് പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നു കീറിയ ഫാൻ‍സുകാർ..കൂട്ടത്തിലുള്ളവർ വല്ലതും പറഞ്ഞ് പോയാൽ "അമ്മ" കോളറിന്‌ പിടിച്ച് വെളിയിൽ തള്ളും..(പാവം തിലകൻ).

ഇപ്പോതന്നെ ഏഴ് വർഷം അകത്ത് കിടക്കാനുള്ള ആനക്കൊമ്പ് ലാലിന്റെ വീട്ടിൽ നിന്നുംകിട്ടി..(ഇനി അതിനൊര്‌ പേപ്പറുണ്ടാക്കാനാണോ നമ്മുടെ നാട്ടിൽ പാട്??)

തോന്നക്കൽ പഞ്ചായത്തിലെ അരി മുഴുവൻ ഇൻ‍കംടാക്സ്കാർ പറുക്കി എടുത്തു. മോഹൻ‍ലാലിന്റെ വീട്ടിലെ രണ്ട് 'നിലവറ' കൂടി (ബയൊ മെട്രിക് ലോക്കർ) തുറക്കാനുണ്ട്.. അതിനകത്ത് നിന്നും ഏത് ജീംബൂംബയാണോ പുറത്ത് ചാടാനിരിക്കുന്നത്??

രണ്ട് സൂപ്പറൻ‍മാരെയും അവർ ആഗ്രഹിച്ചതിലും അർഹിച്ചതിലും ഉയരെ സിംഹാസനങ്ങളിലേറ്റിയ ലക്ഷക്കണക്കിന്‌ സാധാരണക്കാരായ മലയാളി പ്രേക്ഷകരോടും, ഇവരെ വച്ച് പടം പിടിച്ച് കുത്ത്പാളയെടുത്ത് പിച്ചക്കാരായിപ്പോയ നിർമ്മാതാക്കളോടും വസ്തുതകളുടെ പരമാർത്ഥം ബോധ്യപ്പെടുത്തേണ്ടുന്ന ബാധ്യത രണ്ട് വമ്പൻ‍മാർക്കും ഉണ്ട്..

Thursday, July 21, 2011

കോയിക്കോട് യൂണിബേർസിറ്റീടെ മൊയ്‍ലാളി..!!


കോയിക്കോട്ട് ഒരു ബല്യ ഇസ്കൂളില്ലെ പുള്ളെ..
ബല്യ ഇസ്കൂളാ.. അദേദാണ്‌ അയ്മദിക്കാ.. ഞമ്മളറിയാത്ത ഒരു പുതിയ ബല്യ ഇസ്കൂള്‌..
എടാ പുള്ളെ.. ഇസ്കൂളിന്റെം കൊറച്ചുംകൂടി ബല്യ ഇസ്ക്കൂളെ.. എന്തോ ഒരു സിറ്റീന്നൊക്കെ ബരും അതിന്റെ പേര്‌..
യേത് ഞമ്മട കോയിക്കോട് യൂണിബേർസിറ്റിയാണാ അയ്മദിക്ക പറേണത്..
അദന്നെ.. ബലാല്‌.. ആ സിറ്റി തന്നെ..
അദിനെന്ത് പറ്റി..
ഒന്നും പറ്റീല്ല പുള്ളെ.. ഞമ്മളെ അയിന്റെ മൊയ്‍ലാളി ആക്കാമെന്ന് ഞമ്മട സായിബ് പറഞ്ഞീന്‌..
നാളെ നേരം ബെളുത്താല്‌ ആ സിറ്റീന്റെ മൊയ്‍ലാളി ആരാ.. ഈ ഞമ്മള്‌... പടച്ചോന്റെ ഓരൊ കളികളെയ്..
കാലിക്കറ്റ് യൂണിവേർസിറ്റിയുടെ "മൊയ്‍ലാളി" ആകാൻ കാത്തിരുന്ന മെമ്പർ "അയ്മദി"ക്കാന്റെ കിനാവ് ഐ.എം വിജയന്റെ കാലിൽ തട്ടിയ പന്തുപോലെ അയൽ‍പക്കത്തെ പുരയിടവും കഴിഞ്ഞ് മുസ്ലിം ലീഗിന്റെ ഉമ്മറത്ത് വീണ്‌ ശൂ.. എന്ന് കാറ്റ് പോയി.
നാടറിഞ്ഞു.. നാട്ടാരറിഞ്ഞു.. കാലികറ്റ് യൂണിവേർസിറ്റി നാണിച്ച് തലതാഴ്തി..
പണ്ട് പറഞ്ഞ് കേട്ടിട്ടില്ലെ ചെമ്മാനും ചെരുപ്പ് കുത്തിയും എന്നൊക്കെ..
ഇനി ഇതൊക്കെ കഴിഞ്ഞിട്ടാണ്‌ പൊതു മേഖലാ സ്ഥാപനങ്ങളുടെ കാര്യം.. ഏതിന്റെയൊക്കെ തലപ്പത്ത് ഏതൊക്കെ ചെമ്മാനും ചെരുപ്പ് കുത്തിയും വരാനിരിക്കുന്നു.. ആവോ..
രാഷ്ട്രീയ സമവാക്യങ്ങൾ എവിടെയെങ്കിലും കൊണ്ട് ചെന്നെത്തിക്കണ്ടെ.. ഇല്ലെങ്കിൽ സ്വസ്ഥമായി അഞ്ച് കൊല്ലം ഭരിക്കാൻ വിടുമോ ഈ "മൊയ്‍ലാളി"മാർ

Wednesday, July 20, 2011

തച്ചങ്കരി ആള്‌ പുലിയാണ്‌ കേട്ടാ..!!


വിവാദ ഐപിഎസ് ഉദ്യോഗസ്ഥൻ ടോമിൻ തച്ചങ്കരിയെ സർവീസിൽ തിരിച്ചെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറയുകയുണ്ടായി. ഇങ്ങനെ ഒരനുവാദം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി തൊട്ടുപിന്നാലെ വ്യക്തമാക്കി. പിന്നെ ആര്‌ എവിടുന്നാണ്‌ മുഖ്യ മന്ത്രിക്ക് അനുവാദം കൊടുത്തത്..??
ദുരൂഹതകളുള്ള വിദേശ യാത്രയിൽ തച്ചങ്കരി ഭീകര സ്വഭാവമുള്ള ചിലരുമായി ചർച്ച നടത്തിയെന്ന വിവാദം ബാക്കി നിൽ‍ക്കെയാണ്‌ മുഖ്യമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. ഇതിന്‌ മുൻ‍പും തച്ചങ്കരിയുടെ അടിക്കടിയുള്ള വിദേശ യാത്രകളും, അളവിൽ കവിഞ്ഞ ഇലക്ട്രോണിക് ഉപകരണങ്ങൾ അനധികൃതമായി വിദേശത്ത് നിന്നും കടത്തിക്കൊണ്ട് വന്നതും, ഭാര്യയുടെ കൊച്ചിയിലെ സി.ഡി നിർമ്മാണ കമ്പനിയിലെ വ്യാജ സി.ഡി കേസുകളും ആകെ മൊത്തം നേരെ ചൊവ്വെ അല്ലാത്ത ഇദ്ദേഹത്തെ ധൃതിപ്പെട്ട് തിരിച്ചെടുത്തില്ലെങ്കിൽ ആർക്കാണ്‌ ഉറക്കം കെട്ട് പോകുന്നത്?? എന്താണ്‌ അതിന്‌ പിന്നിലെ ഗുട്ടൻസ്?? ഇദ്ദേഹം പോലീസ് സേനയിൽ ഇല്ലെങ്കിൽ സുനാമി വരുമോ??
താൻ സൽസ്വഭാവിയാണ്‌ എന്ന് പൊതു സമൂഹത്തിന്‌ മുന്നിൽ തെളിയിക്കേണ്ട ബാധ്യത ഉയർന്ന ഉദ്യോഗസ്ഥനായ തച്ചങ്കരിയുടെ ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ്‌. കോടതി കുറ്റവിമുക്തനാക്കുന്നതിന്‌ മുൻ‍പ് കേരള സർക്കാർ തച്ചങ്കരിക്ക് വേണ്ടി വളഞ്ഞവഴിയിലൂടെ പോകുന്നത് നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്‌. കേരളത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ ചെലുത്തേണ്ട എത്രയോ ജനകീയ വിഷയങ്ങൾ വേറെ കിടക്കുന്നു..
എന്തായാലും തച്ചങ്കരി ആള്‌ പുലിതന്നെ കേട്ടാ..

Friday, July 15, 2011

കാരക്കോണം മെഡിക്കൽ കോളജ്..!! സഭയുടെ നിർലജ്ജ ആക്രാന്തത്തിന്‌ മീതെ ബിഷപ്പും പറക്കില്ല..!!


5o ലക്ഷം രൂപവരെ ഒരു മെഡിക്കൽ സീറ്റിന്‌ തലവരിയായി വാങ്ങിയ കാരക്കോണം c.s.i സഭയുടെ മെഡിക്കൽ കോളജ് (അതോ മേടിക്കൽ കോളജോ..??) കുംഭകോണ അഴിമതിക്കഥകൾ പുറത്തുകൊണ്ടുവന്ന ഏഷ്യാനെറ്റ് റിപ്പോർട്ടറെയും ക്യാമറമാനെയും സഭയുടെ തന്നെ നല്ല കുഞ്ഞാടുകൾ തലങ്ങും വിലങ്ങും കേറി മേഞ്ഞു. ദൃശ്യങ്ങൾ പകർത്തിയ ടേപ്പ് കനാൻ ദേശത്തെ ഗോലിയാത്തിന്റെ കൈയ്യിലെ ഉരുളൻ കല്ലുപോലെ നല്ല ഇടയൻ‍മാർ വലിച്ചെറിഞ്ഞു. ക്വട്ടേഷൻ ടീമിനെ പോലും ലജ്ജിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങൾ സഭയുടെ നിർലജ്ജ ആക്രാന്തത്തിന്‌ മീതെ ബിഷപ്പും പറക്കില്ല എന്ന ഇരട്ടത്താപ്പ് നയത്തിന്റെ വ്യക്തമായ തെളിവല്ലെ..? സ്വാശ്രയ മാനേജ്‍മെന്റുകളോടുള്ള സംസ്ഥാന സർ‍ക്കാരിന്റെ മൃദു സമീപനം ഇത്തരം കൊള്ളത്തരത്തിനുള്ള തുറന്ന ലൈസൻസാണോ?? മാപ്പ് പറഞ്ഞതുകൊണ്ട് സഭയുടെ സമീപനം മാറുമോ..? മറ്റ് സ്വാശ്രയ മാനേജ്മെന്റുകൾക്കും ഇത്തരം നിലപാടാണോ?? മറുപടി പറയേണ്ടത് ആരാണ്‌..?

Wednesday, July 13, 2011

കൊതുകുകൾക്കും വരും ഒരു രാജ യോഗം..!!

സിംഗപൂരിൽ നിന്നും കടത്തിക്കൊണ്ട് വന്ന നക്ഷത്ര ആമകളെ കൊച്ചിയിൽ കസ്റ്റംസ് പിടിച്ചു.. (വാർത്ത). പാറ്റ, പല്ലി, പഴുതാര, എലി, മരപ്പട്ടി, മൂട്ട തുടങ്ങിയ ജീവികൾക്കും വരും കാലങ്ങളിൽ ഡിമാന്റുണ്ടാകാൻ സാധ്യതയുണ്ട്.. ആയതിനാൽ ഈ വക അമൂല്യ ജീവികളെ, അവയുടെ അനുമതിയോടെയും അല്ലാതെയും വീടുകളിലും ഫ്ലാറ്റുകളിലും വളർത്തുന്നവർ സന്തോഷിപ്പിൻ..
കൊതുകുകളെക്കൂടി അലങ്കാര ഇനത്തിൽ പെടുത്തിയിരുന്നെങ്കിൽ അടിച്ചോണ്ട് പോകാൻ ആള്‌ സിംഗപ്പൂരീന്ന് വന്നേനെ.. കൊച്ചിക്കാർ രക്ഷപ്പെട്ടേനെ.. ങ്ഹാ.. കൊച്ചീലെ കൊതുകുകൾക്കും വരും ഒരു രാജ യോഗം..

Tuesday, July 5, 2011

അദ്ഭുതങളുടെ അനന്തപദ്മനാഭ കലവറ..!!


ലോക മാധ്യമങളെയും ജനതയെയും അമ്പരപ്പെടുത്തിക്കൊണ്ട് അൽ‌ഭുതക്കൂമ്പാരങ്ങളുടെ നിലവറ തുറന്ന് അനന്തപദ്മനാഭ ക്ഷേത്രം..!
നിധിയെന്ന് ഒരു വിഭാഗം, ഹൈന്ദവരുടെ മാത്രം സ്വത്തെന്ന് വെള്ളാപ്പള്ളി (എസ്.എൻ.ഡി.പി യുടെതെന്ന് പറയാത്തത് ഭാഗ്യം), ക്ഷേത്രത്തിന്റെ സ്വത്താണെന്ന് മുഖ്യമന്ത്രി, മൌനം അവലംബിക്കുന്ന രാജകുടുംബം, രാജകുടുംബത്തിന് സ്വത്തിൽ അവകാശമില്ലെന്ന് ഒരു കൂട്ടർ, പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി ചിലവാക്കണമെന്ന് ജ.കൃഷ്ണയ്യർ, മ്യൂസിയം ഉണ്ടാക്കി സൂക്ഷിക്കണമെന്ന് വേറൊരു കൂട്ടർ, ട്രസ്റ്റുണ്ടാക്കി കൈകാര്യം ചെയ്യണമെന്ന് മറ്റൊരു വിഭാഗം, സ്വത്തിനെക്കുറിച്ച് വേറെയാരും വേവലാതിപ്പെടെണ്ടന്ന് ശിവസേനയും ബി.ജെ.പി യും.. ഊഹാപോഹങ്ങൾ പലവഴിക്ക്..
അപ്രതീക്ഷിതമായി കണ്ടെത്തിയ ലക്ഷം കോടിയുടെ സ്വത്തുക്കൾ അന്യായ വഴിയിൽ എത്തിപ്പെടാതെ പൊതു സമൂഹത്തിലെ സംശുദ്ധമായ വ്യക്തിത്വങ്ങളുടെ നിരീക്ഷണത്തിൽ സംരക്ഷിച്ച് സമൂഹത്തിലെ താഴെ തട്ടിലുള്ള വിഭാഗങ്ങളുടെ ഉന്നമനത്തിനും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കൂടി അതിന്റെ ഗുണ ഫലത്തിന്റെ ഒരു പങ്ക് ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ സാക്ഷാൽ അനന്തപദ്മനാഭന് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ അർച്ചനയായിരിക്കും.. അനന്തപദ്മനാഭൻ അതായിരിക്കും കൂടുതൽ ആഗ്രഹിക്കുന്നതും..

Thursday, June 30, 2011

സ്വാശ്രയ സമരം.. ചാവേറാകുന്നത് പിന്നോക്ക വിദ്യാർത്ഥികൾ..!!


നേതാക്കൻ‍മാരുടെ മക്കൾ അന്യ സംസ്ഥാന കോളജുകളിലും മറ്റ് സ്വാശ്രയ കോളജുകളിലും പഠിക്കുമ്പോൾ എന്താണ്‌ യഥാർത്ഥ സ്വാശ്രയം എന്ന് പോലും അറിയാതെ നേതാക്കൻ‍മാരുടെ ഉത്തരവിനനുസരിച്ച് സമരത്തിനിറങ്ങി സ്വന്തം ഭാവി അനിശ്ചിതത്വത്തിലാക്കുന്ന ഇത്തരം രാഷ്ട്രീയ ചൂഷണങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പാഠങ്ങൾ പഠിക്കണം.
സ്വാശ്രയ കോളജുകളിലുള്ള ഒരൊറ്റ വിദ്യാർത്ഥി പോലും സമരത്തിനിറങ്ങാതെ ആർട്സ് & സ്പോർട്സ് കോളജുകളിലെ ദളിത് പിന്നോക്ക വിദ്യാർത്ഥികളാണ്‌ ഈ സമരത്തിന്റെ പേരിൽ ചാവേറുകളാകുന്നത്.
കഴിഞ്ഞ അഞ്ച് വർഷവും കുടത്തിന്‌ പുറത്തായിരുന്ന സ്വാശ്രയ ഭൂതത്തിനെ ഈ ഒന്നരമാസം കൊണ്ട് ആവാഹിക്കണം എന്ന് പറയുന്നതിലെ മണ്ടത്തരം ചാവേറാകുന്ന സാധു കുടുംബങ്ങളിലെ ഭാവിയിലെ പ്രതീക്ഷകളായ നിങ്ങൾ മറക്കരുത്.
നിങ്ങളുടെ ഭാവി നിങ്ങൾക്ക് മാത്രമുള്ളതാണ്‌. നേതാക്കൻ‍മാരുടെ മക്കൾ നാളെ നേതാക്കൻ‍മാരോ, ഉന്നത ഉദ്യോഗസ്ഥൻ‍മാരോ ഒക്കെയായി വിലസുമ്പോൾ അടികൊണ്ട് കൂനിപ്പോയ ശരീരവും കുഴമ്പ് മേടിക്കാൻ കാശുമില്ലാതെ തെരുവിൽ അലഞ്ഞു തീർക്കേണ്ടിവരും നിങ്ങളുടെ ജീവിതം..
അല്ലെങ്കിൽ പാർടിക്ക് ഫ്ലക്സ് അടിച്ച് മാലയിടാൻ ഒരു രക്തസാക്ഷി..!!
ഏത് പാർടി വന്നാലും അടികൊള്ളാൻ വിദ്യാർത്ഥികൾ എന്നും ഉണ്ട്.. ഇനിയുമുണ്ടാകും..!!

Sunday, June 26, 2011

കേരളം ദൈവത്തിന്റെ സ്വന്തം നാട്..!!ഫ്ളാറ്റ് തട്ടിപ്പ്, മണിചെയിൻ തട്ടിപ്പ്, വിസ തട്ടിപ്പ്, ഭൂ നിക്ഷേപ തട്ടിപ്പ്, രാഷ്ട്രീയ തട്ടിപ്പ്, ജോലി തട്ടിപ്പ്, ഭൂ മാഫിയ, ബ്ലൈഡ് മാഫിയ, സ്ത്രീ പീഠനം, സെക്സ് റാക്കറ്റ്, പെൺ‍വാണിഭ റാക്കറ്റ്, കൊട്ടേഷൻ, വെട്ട് കുത്ത്, വഞ്ചന, കൈക്കൂലി, അഴിമതി, നോട്ടിരട്ടിപ്പ്, ഹവാല, ഗുണ്ടായിസം, പോലീസ് ഗുണ്ട, പിടിച്ച് പറി, കൊള്ളയടി, കള്ള വാറ്റ്, അട്ടിമറിക്കൂലി, നോക്ക് കൂലി, യൂണിയൻ, പരിസ്ഥിതി വാദം, വികസന വിരോധം,വാഹനങ്ങളുടെ മരണ പാച്ചിൽ, അപകടങ്ങൾ, നിയമം  കൈയ്യിലെടുക്കൽ, പത്രലേഖകനെ തട്ടാൻ പോലീസ് ഏമാന്റെ നേരിട്ടുള്ള കൊട്ടേഷൻ...
ഹെന്റമ്മോ.. പറഞ്ഞാൽ തീരില്ല കേരളത്തിന്റെനൂറ് ശതമാനം സാക്ഷരതാ വീരകൃത്യങ്ങൾ..
ഇത്രയുമൊക്കെ ആയ സ്ഥിതിക്ക്‌ ഇത്തരം കൈത്തൊഴിലിൽ ഏർപെട്ടിരിക്കുന്നവർക്ക് സംസ്ഥാന സർക്കാർ വക പെൻ‍ഷൻ, ദുരിതാശ്വാസ പദ്ധതി തുടങ്ങിയ ആനുകൂല്യങ്ങൾ ഏർപ്പെടുത്തി ദേശീയ തൊഴിൽ പദ്ധതിയിൽ ഉൾപ്പെടുത്തനോ അതുമല്ലെങ്കിൽ ഒരു സ്വശ്രയ വ്യവസായ മേഖലയാക്കി വളർത്തിയെടുക്കാനോ അധികാരപ്പെട്ടവർ ശുഷ്കാന്തി കാണിക്കണമെന്നാണ്‌ എളിയ അഭിപ്രായം..
നമ്മുടെ നാട്ടിൽ ഒരു ദിവസം ജീവിച്ച് നേരം വെളുപ്പിക്കണമെങ്കിൽ അതിനും വേണം ഒരു ഒന്നൊന്നര തടി മിടുക്ക്..
കേരളമെന്നു കേട്ടാൽ അഭിമാന പൂരിതമാകണമന്തരംഗം..
കേരളം ദൈവത്തിന്റെ സ്വന്തം നാട്..!!

Wednesday, June 22, 2011

അഞ്ചിലൊരാൾ മുസ്ലിം ലീഗിന്‌..!!


ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം അസ്ഥാനത്തായി..മന്ത്രിസഭാ വികസനത്തിന്‌ ശേഷം മുസ്ലിം ലീഗ് സ്വമേധയാ അഞ്ചാമത്തെ മന്ത്രിയെ പ്രഖ്യാപിച്ചിരുന്നു.മഞ്ഞളാം കുഴി അലിയെ വെറുതെ മോഹിപ്പിക്കുകയും ചെയ്തു. ഓന്‌ കൊടുത്താൽ അനക്കും വേണം എന്ന്‌ മാണിസാറും പിടിമുറുക്കിയതോടെ സംഗതി ചുണ്ടിനും കപ്പിനുമിടയിൽ ലീഗിന്‌ അയഞ്ഞു കൊടുക്കേണ്ടി വന്നു.
കൂട്ടു കച്ചവടത്തിൽ ഘടക കക്ഷികളോട് ആലോചിക്കാതെയുള്ള ഇത്തരത്തിലുള്ള ഏകപക്ഷീയമായ തീരുമാനങ്ങൾ പിന്നീട് പരിഹാസ്യമാക്കി തീർക്കും എന്ന് ലീഗ് തെളിയിച്ചു..

Monday, June 13, 2011

ഡോക്ടറുടെ അഛൻ.. അഥവാ അഛനാണഛാ അഛൻ..!!


സ്വന്തം മക്കൾ ഡോക്ടറായി കാണാൻ ആഗ്രഹിക്കാത്ത ഏതെങ്കിലും അഛൻ‌മാരുണ്ടോ ഈ ദുനിയാവിൽ..! അതൊരു പത്രാസല്ലെ..!! അഥവാ അങ്ങിനെ ഒരഛൻ ഉണ്ടെങ്കിൽ അതൊരു മൂരാച്ചി അഛൻ തന്നെ.. സംശയമില്ല..
ലക്ഷങ്ങൾ മുടക്കി വളഞ്ഞവഴിയിലൂടെ മക്കൾക്ക് മെഡിക്കൽ കോളജുകളിൽ അഡ്‌മിഷൻ തരപ്പെടുത്തുന്നതിൽ ആരോഗ്യ മന്ത്രിയെന്നോ, വിദ്യാഭ്യാസ മന്ത്രിയെന്നോ, ഡിവൈ എഫൈ നേതാവെന്നോ ഒരു വക ഭേദവും ഇല്ല.. സംഭവം വിവാദമാകുമ്പോൾ പാൽ‌പ്പാത്രം വൃത്തിയാക്കിയ പൂച്ചയെപ്പോലെ എല്ലാപേരും വിനയാന്വിതരാകുന്നു, പൊതുജനത്തിനോടുള്ള പ്രതിബദ്ധതയിൽ എന്തും ത്യജിക്കാൻ ത്യാഗ സന്നദ്ധരാകുന്നു, രഹസ്യമായി ഒപ്പിച്ചെടുത്ത സീറ്റ് കാലുമടക്കി വീശിയെറിയുന്നു.. ഹൊ..! എന്തൊരു വീരകൃത്യം..മാതൃകാ പുരുഷൻ‌മാർ തന്നെ നമ്മെ ഭരിക്കുന്നത്..!

പിന്നാമ്പുറം: മകനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നു എന്ന് കരുതി ആറ്റു നോറ്റിരുന്ന ഒരൊറ്റ മോനെ വീട്ടിൽ നിന്നിറക്കി വിടാൻ പറ്റുമോ എന്ന് പ്രതിപക്ഷ അഛൻ പത്രക്കാരോട് വികാരാധീനനാകുന്നു എന്ന് ജയിലിൽ നിന്നും ഒരു കേ.കോ. അഛൻ വേവലാതിപ്പെടുന്നു.. അഛനാരാ മോൻ..!!

Sunday, June 12, 2011

ഇന്ന് ബാലവേല നിരോധന ദിനം..!!


പൂക്കാലവും പൂത്തുമ്പിയും സ്വപ്നം കണ്ടു നടക്കേണ്ടുന്ന കുരുന്നുകൾ ..അടുക്കളയിരുട്ടിലും ഹോട്ടൽ ചായ്പുകളിലും അടിമ വേല ചെയ്ത് എരിഞ്ഞ് തീരുന്ന ബാല്യങ്ങൾക്ക് ഓർത്തെടുക്കാൻ ഒരു ദിനം.. ഇന്ന് ലോകം ബാലവേല നിരോധന ദിനം ആചരിക്കുന്നു..!!
ജീവ സന്ധാരണത്തിന് മാർഗമില്ലാത്ത കുടുംബ പശ്ചാത്തലത്തിൽ നിന്നും നിർദ്ദോഷ ബാല്യങ്ങൾ ബാല വേലക്ക് നിർബന്ധിതരാകുകയാണ് പലപ്പോഴും. ഭിക്ഷാടനത്തിനും, മോഷണത്തിനും, വഴിയോരങ്ങളിൽ സർക്കസ് അഭ്യാസങ്ങൾക്കും, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും കുട്ടികളെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. ഇത്തരം കുരുന്നുകളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനോടൊപ്പം ഇവരുടെ വരുമാനം കൊണ്ട് മാത്രം പട്ടിണി മാറ്റുന്ന നിർധനരായ കുടുംബങ്ങളുടെ പ്രശ്നം കൂടി പടിച്ചുകൊണ്ടുള്ള ഒരു പരിഹാര മാർഗ്ഗം വേണ്ടപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകണം.
അഴുക്കു ചാലിൽ ജീവിക്കുന്ന ഈ കുട്ടികൾ നാളത്തെ കുറ്റവാളികൾ ആകാതിരിക്കാനുള്ള ബാധ്യത നമുക്ക് ഓരോരുത്തർക്കുമുണ്ട്..!!

Thursday, June 9, 2011

എം.എഫ്. ഹുസൈൻ.. നാടുകടത്തപ്പെട്ട ചിത്രകാരൻ യാത്രയായി..!


വിഖ്യാത ചിത്രകാരൻ നിറക്കൂട്ടുകളുടെ ലോകത്തേക്ക് യാത്രയായി. പത്‌മ ഭൂഷണും പത്‌മ വിഭൂഷണും നൽ‌കി മാതൃരാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇടക്കാലത്ത് അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്നതാണെന്ന പേരിലുണ്ടായ വിവദങ്ങളെ തുടർന്ന് 2006 ൽ അദ്ദേഹത്തിന് മാതൃരാജ്യം വിടേണ്ടിവന്നു. മതേതര ഭാരതം ആ കലാകാരനോട് കാണിച്ചത് നീതീകരിക്കാനാകുന്ന ധർമ‌മായിരുന്നോ..??

അദ്ദേഹത്തിന്റെ ആത്‌മാവിന് നിത്യശാന്തി നേരുന്നു..!!

Sunday, May 22, 2011

വരാനിരിക്കുന്നത് കോടീശ്വരൻ‍മാർ ഭരിക്കുന്ന കേരളം..!!


ഉടുതുണിക്ക് മറുതുണിയില്ലാത്ത അരച്ചാൺ വയറിന്‌ നാഴിയരിക്കഞ്ഞിയുടെ വകുപ്പില്ലാത്ത കേരളത്തിലെ ഭൂരിപക്ഷം വരുന്ന ദരിദ്ര നാരായണൻ‍മാർ എല്ലാപേരും കൂടി ഒരു രൂപാ കഞ്ഞി കുടിക്കാൻ വെമ്പൽ കൊണ്ട് കേരളാ നിയമ സഭയിലേക്ക് തിരഞ്ഞെടുത്തയച്ചവരിൽ 35 കോടീശ്വരൻ‍മാരും ഉണ്ട്. അതിൽ 30 പാവപ്പെട്ട കോടീശ്വരൻ‍മാരും, സ്വന്തം കൈ കൊണ്ട് ഖാദി വസ്ത്രം തുന്നി മാറ് മറച്ച് നടന്നിരുന്ന ഗാന്ധി എന്ന മനുഷ്യനെ ഇന്നും ആദർശ പുരുഷനായി കൊട്ടിഘോഷിക്കുന്ന "പാവപ്പെട്ടവരുടെ" കോൺഗ്രസ് പാർടി നയിക്കുന്ന UDF ൽ നിന്നുമാണ്‌ എന്നത് വിരോധാഭാസം.

നമ്മൾ പട്ടിണിക്കാരാണെങ്കിലും നമ്മെ ഭരിക്കാൻ പോകുന്നത് കോടീശ്വരൻ‍മാരല്ലെ?? പിന്നെ നമ്മൾ എന്തിന്‌ പേടിക്കണം..

അവസാനം വായിക്കാൻ:
ലോട്ടറി വിഷയം കൊടുങ്കാറ്റായി കഴിഞ്ഞ നിയമ സഭയിൽ ആഞ്ഞടിപ്പിച്ച വി.ഡി. സതീശന്റെ പ്രകടനം ഹൈക്കമാൻഡിന്‌ ഏനക്കേടുണ്ടാക്കിയതുകൊണ്ടാണോ ഇപ്രവശ്യം അദ്ദേഹത്തിന്‌ മന്ത്രിപ്പണി കൊടുക്കാതിരുന്നത്..??

Tuesday, May 17, 2011

vs മന്ത്രിസഭ പടിയിറങ്ങുമ്പോൾ അവശേഷിക്കുന്ന തിരുശേഷിപ്പുകൾ..! അഥവാ vs ന്റെ ലക്ഷ്യം എന്തായിരുന്നു..??(ഈയുള്ളവൻ ഒരു vs വിരോധിയോ വലതു പക്ഷ അനുകൂലിയോ അല്ല. ലക്ഷക്കണക്കിന് നിഷ്പക്ഷമതികളിൽ ഒരു സാധാരണക്കാരൻ മാത്രം. എന്റെയും എന്നെപ്പോലെയുള്ള അനേകരുടെയും ചുരുക്കം ചില സംശയങ്ങൾ.. ആര് മറുപടി പറയും.. ആവോ??)

പലവിധ കാരണങ്ങളാൽ കഴിഞ്ഞ അഞ്ച് കൊല്ലം വലിച്ചിഴച്ച് നടപ്പിലാകാതെ പോകുമായിരുന്ന സ്മാർട് സിറ്റി യാഥാർത്ഥ്യമാക്കുന്നതിന് അവസാന നിമിഷത്തിൽ ശ്രീ. യൂസഫ് അലിയുടെ സാനിധ്യം വേണ്ടിവന്നു. മാനേജ്മെന്റ് വൈദഗ്‌ദ്ധ്യം ഇല്ലാത്ത ഒരു സർക്കാരാണോ സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ പാഴ്വേല ചെയ്തത്?

കുഞാലിക്കുട്ടിക്കെതിരെയുള്ള സ്ത്രീപീഢന കേസിന് പിന്നാലെയുള്ള vs ന്റെ പരക്കം പാച്ചിൽ എവിടെയും എത്തിക്കാൻ കഴിഞില്ല. എന്തായിരുന്നു അവസാന നിമിഷത്തിൽ  vs ന്റെ ലക്ഷ്യം?

സ്ത്രീപീഢനക്കാരെ തല മൊട്ടയടിച്ച് നടത്തിക്കും എന്ന് കൂടെക്കൂടെ സ്വയം ഓർമിക്കുകയും നാട്ടുകാരെ ഓർമിപ്പിച്ചും ഭരണത്തിൽ വന്ന vs കിളിരൂർ പീഢന കേസിൽ മരണപ്പെട്ട ശാരിയുടെ കാര്യത്തിൽ ഭരണം കൈയ്യിലിരുന്ന അഞ്ച് കൊല്ലത്തിനിടയിൽ എന്തു നടപടി കൈക്കൊണ്ടു?

ഉൾപ്പാർടി പോരുകളും തമ്മിൽ കുത്തും അഞ്ച് കൊല്ലക്കാലവും സർക്കാരിനെ ഒരു പ്രേതം പോലെ പിൻ‌തുടർന്നിരുന്നു. പാമോയിൽ കേസിൽ എതിരാളിയായ പാർടിസെക്രട്ടറിയെപ്പോലും വെറുതെ വിടാതെ കുടുക്കാൻ ശ്രമിക്കുകയും ഒപ്പം എതിർപക്ഷക്കാരെ നിരന്തരം കേസുകൾക്ക് പിന്നാലെ ഓടിപ്പിച്ച് കുരുക്കാൻ  ശ്രമിച്ചതിനും ജനങ്ങളുടെ മുന്നിൽ vsന് എന്ത് ന്യായീകരണമാണുള്ളത്?

അഭ്യസ്തവിദ്യരും തൊഴിൽ രഹിതരുമായ അനേകായിരം ചെറുപ്പക്കാർക്ക് വേണ്ടിപടിയിറങ്ങിയ vs സർക്കാർ നയപരമായ എന്ത് ക്രമീകരണമാണ് കൈക്കൊണ്ടത്?

അടിക്കടിയുണ്ടായ വിലക്കയറ്റത്തിനെ നിയന്ത്രിക്കാൻ കേന്ദ്രത്തിനെ പഴി ചാരുകയും, പോസ്റ്റാഫീസിന് മുന്നിൽ ധർണ നടത്തുകയും ചെയ്തതല്ലാതെ പൊതുജനങ്ങളെക്കൊണ്ട് “ഈ സർക്കാർ ഞങ്ങൾക്ക് വില കുറച്ച് തന്നു“ എന്ന് പറയിപ്പിക്കാൻ ഒരു വട്ടമെങ്കിലും കഴിഞ്ഞിട്ടുണ്ടോ?

കേരളത്തിലെ പല പദ്ധതികൾക്കും കേന്ദ്രം അനുവദിച്ച വിഹിതം ഫലപ്രദമായി വിനിയോഗിക്കാൻ കഴിയാതിരുന്ന ഈ സർക്കാർ ജനങ്ങളെ മുഴുവൻ കബളിപ്പിക്കുകയല്ലായിരുന്നോ ചെയ്തുകൊണ്ടിരുന്നത്?

പൊതു വിദ്യാഭ്യാസ മേഖലയെയും, സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായത്തെയും സ്വകാര്യ കുത്തകകളുടെ കാൽക്കീഴിൽ അടിയറ വെച്ച് ദരിദ്ര നാരായണൻ‌മാരെ ബലിയാടാക്കിയ സർക്കാരിന് പട്ടിണിക്കാരായ വിദ്യാർത്ഥികൾക്ക് മുന്നിൽ എന്ത് മറുപടിയാണുള്ളത്?

അന്യ സംസ്ഥാന ലോട്ടറി വിഷയത്തിൽ എന്താണ് യാഥാർത്ഥ്യമെന്ന്‌ പൊതു ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള സാമാന്യ മര്യാദ ഈ സർക്കാർ കാണിച്ചോ? അതിന് പകരം പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് പ്രത്യാരോപണം നടത്തുകയെന്ന വെറും രാഷ്ട്രീയ നീക്കങ്ങൾ മാത്രമല്ലെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്? ഇനിയും സാധാരണക്കാർക്ക് അറിയില്ല ഇടത് പക്ഷമാണോ വലത് പക്ഷമാണോ ശരിയെന്ന്..!!

ഭരിക്കാനിറങ്ങുന്ന പുതിയ മന്ത്രിസഭ ഇതിനെയൊക്കെ എങ്ങിനെ നേരിടാൻ പോകുന്നു എന്ന് കാത്തിരുന്ന് കാണുക തന്നെ..!!
(റ്റീവി കണ്ടും പത്രം വായിച്ചും തോന്നിയ ഓരോരോ തോന്നലുകളാണേ..!!)

Saturday, May 14, 2011

തിരഞെടുപ്പ് ഫലം കേരളത്തിലെ രാഷ്ട്രീയ യജമാനൻ‌മാരോട് പറയുന്നത്..!!

                                                                         (cartoon courtesy mathrubhoomi)

ഒരു ഭരണ തുടർച്ച പ്രതീക്ഷിച്ചിരുന്ന ഭരണ പക്ഷത്തിനും, ഒരു വമ്പൻ അട്ടിമറി വിജയം കാത്തിരുന്ന പ്രതിപക്ഷത്തിനും ഒരുപോലെ താക്കീത് നൽ‌കിക്കൊണ്ട് തിരിച്ചടി നൽ‌കിയ കേരള ജനത രണ്ടു പക്ഷത്തിനെയും ചിലതൊക്കെ ഓർമിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.

അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ സമരം കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ മനസ്സിൽ ചിലരെയൊക്കെ തോൽ‌പ്പിക്കണം എന്ന തോന്നൽ ഉണ്ടാക്കിയിട്ടുണ്ട്.

രണ്ടു രൂപ അരി വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടുകൾ, കുഞ്ഞാലിക്കുട്ടി വിഷയവും തുടർന്നുണ്ടായ പ്രകടനങ്ങളും, ബാലക്രിഷ്ണപിള്ളയുടെ ജയിലിൽ പോക്ക് തുടങി നിരവധി വിഷയങ്ങൾ ജനങ്ങൾ തല നാരിഴ കീറി മനസ്സിലാക്കിയിട്ടുണ്ട് എന്നതാണ് ഈ ജനവിധിയിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്.

കൂടാതെ അടുത്തിടെയായി മുഖ്യമന്ത്രിയുടെ ചില നിലപാടുകളും അദ്ദേഹത്തിന്റെ  സ്ഥാനാർത്ഥിത്വവും ഇടതു പക്ഷത്തിന് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.

72 സീറ്റുമായി ഭരിക്കാനിറങ്ങുന്ന പുതിയ മുഖ്യമന്ത്രിക്ക് ഘടക കക്ഷികളിൽനിന്നും ഉണ്ടാകുന്ന കടുത്ത സമ്മർദ്ദ തന്ത്രത്തിന് വഴങ്ങേണ്ടി വരും എന്നതിൽ രണ്ടുപക്ഷമില്ല.

നാട്ടുകാരുടെ ഉന്നമനത്തിനും നാടിന്റെ വികസനത്തിനും വേണ്ടി ഭരിക്കാതെ സ്വന്തം കീശ വീർപ്പിക്കാനും  ഘടക കക്ഷികൾക്കും വേണ്ടി ഭരിച്ചാൽ വരും കാലങ്ങളിൽ ഇരുമുന്നണിക്കുമുള്ള ജനങ്ങളുടെ താക്കീത് ഇതിനേക്കാൾ ശക്തമായിരിക്കും എന്ന് കേരളത്തിലെ രാഷ്ട്രീയ യജമാനൻ‌മാർ മനസ്സിലാക്കുക..!!

Tuesday, May 3, 2011

ഏഷ്യാരളിനെറ്റ് നീണാള്‍ വാഴട്ടെ..!!വിധി വൈപരീത്യം എന്നു പറയട്ടെ.. കൈരളിയുടെ തലപ്പത്തിരുന്ന് ഏഷ്യാനെറ്റിന്റെ നിലപാടുകളെ നഖശിഖാന്തം എതിര്‍ത്തിരുന്ന ജോണ്‍ ബ്രിട്ടാസ് ഒടുവില്‍ എത്തിപ്പെട്ടത് ദൈവം ആരുടെയും പങ്കല്ല എന്ന് പറയുന്നത് പോലെ അതെ ഏഷ്യാനെറ്റിന്റെ അമ്മത്തൊട്ടിലില്‍ തന്നെ..
ഒരിടത്തുനിന്നിറങിയാല്‍ (ഇറക്കി വിട്ടാല്‍..?) കയറിക്കിടക്കാന്‍ മറ്റൊരു മുറി..!!
ഉളുപ്പില്ലാതെ കയറി വരുന്നയാള്‍ക്കും, വന്നത് ആരാണെന്നറിഞ്ഞുകൊണ്ട് സ്വീകരിച്ചവനും സ്ഥാപിത താല്‍‌പര്യങ്ങള്‍ മാത്രമല്ലെ ഉള്ളത്?? പൂരണമില്ലാത്ത ഇത്തരം സമസ്യകള്‍ക്ക് മുന്നില്‍ പ്രേക്ഷകന്‍ എന്നും പ്രേക്ഷകന്‍ തന്നെ..!!
ഇനി അറിയെണ്ടത് ജോണ്‍ ബ്രിട്ടാസ് ഏഷ്യാനെറ്റിന്റെ വഴിക്ക് പോകുമൊ അതൊ ഏഷ്യാനെറ്റ് ജോണ്‍ ബ്രിട്ടാസിന്റെ വഴിക്ക് പോകുമോ??


Thursday, April 14, 2011

പെട്ടിക്കുള്ളിലെ ഭൂതം ഇടതനൊ? വലതനൊ? ഒരു ചാനൽ ചർച്ച..!!


കൊട്ടിക്കലാശത്തോടെ തിരഞ്ഞെടുപ്പ് കഴിഞ്ഞു.. വോട്ടുകൾ പെട്ടിക്കുള്ളിലായി.ഇനി കാത്തിരിപ്പിന്റെ നാളുകൾ.. ഭരണ തുടർച്ച ഉണ്ടാകുമോ? ഭരണ മാറ്റം ഉണ്ടാകുമോ? യഥാർത്ഥ ഫലം അറിയാൻ മെയ് 13 ആകണം..

ഇനി ചാനലുകാരുടെ ഊഴം..!!
പെട്ടിക്കുളിലായ വോട്ടിന്‌ മുകളിൽ കയറിയിരുന്ന് ചാനലുകാർ തട്ടുപൊളിപ്പൻ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. പെട്ടിക്കുള്ളിലെ ഭൂതം ഇടതനൊ? വലതനൊ? അഭ്യൂഹങ്ങൾ, വാഗ്വാദങ്ങൾ, ഊഹാപോഹങ്ങൾ, പൈതഗോറസിനെ വെല്ലുന്ന കണക്ക് സിദ്ധാന്തങ്ങൾ ആകെ കോലാഹലം.. ഇപ്പോഴത്തെ പോക്കനുസരിച്ച് മെയ് 13 ന്‌ മുമ്പ് തന്നെ നമ്മുടെ ചാനലുകാർ വോട്ടെണ്ണി മന്ത്രി സഭ രൂപീകരിച്ച് ഭരണം തുടങ്ങാനുള്ള സാധ്യത ഉണ്ട്.
ഓരോ ചാനലുകാരും അര മണിക്കൂർ പരിപാടികൾ തട്ടിക്കൂട്ടാനുള്ള തത്രപ്പാടുകൾ ഒരു ശരാശരി പ്രേക്ഷകന്‌ മനസ്സിലാകും. പരിധി വിട്ടുള്ള ഇത്തരം അഭ്യാസ പ്രകടനങ്ങളിൽ വായ വലിച്ച് കീറിയുള്ള ചിരിയുമായി വിടുവായത്തം വിളിച്ചു പറയാൻ തയ്യാറായി വരുന്ന ഓരോ രാഷ്ട്രീയ പാർടിക്കാരുടെയും ആസ്ഥാന ചർച്ചാ വിദഗ്‍ദ്ധരെ നമിക്കണം..!!

Saturday, April 9, 2011

അണ്ണാ ഹസാരെമാർ കാലഘട്ടത്തിന്റെ ആവശ്യമാണ്‌..!!

അഴിമതിക്കെതിരെ പോരാടിവന്ന ഗാന്ധിയനായ അണ്ണാ ഹസാരെ ഉന്നയിച്ച ആവശ്യങൾ സർക്കാർ അംഗീകരിച്ചതിനെ തുടർന്ന് നിരാഹാര സമരം അവസാനിപ്പിച്ചു.
സ്കൂൾ കുട്ടികൾ മുതൽ മുതിർന്ന പൗരൻ‍മാർ വരെ അണ്ണാ ഹസാര എന്ന ഒറ്റയാൾ പോരാട്ടത്തിന്‌ ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ അഴിമതിക്കെതിരെ തങ്ങളും ജാഗരൂകരാണ്‌ എന്ന് ഭരണ വർഗ്ഗത്തെയും അഴിമതിക്കാരെയും വീണ്ടും വീണ്ടും ഓർമിപ്പിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒത്തു കൂടി..
സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടിയുള്ള ആക്രാന്തം ഭാരതമെന്ന മഹാരാജ്യത്തെയും അതിന്റെ സംസ്കാരത്തെയും മത ഭ്രാന്തൻ‍മാരുടെയും, ഭീകര വാദികളുടെയും, അഴിമതിക്കാരുടെയും കൈകളിൽ കൊണ്ടെത്തിച്ചിരിക്കുന്നു. മൂന്നാം ലോക രാജ്യങ്ങൾ ശക്തമായ ഉയിർ‍ത്തഴുന്നേൽ‍പ്പ് നടത്താനൊരുങ്ങുമ്പോൾ 125 കോടി ജനങളുള്ള ഇന്ത്യ അഴിമതിക്കാരുടെ ചൂതാട്ട ഭൂമിയായി മറുന്നു. ഇവരിൽ നിന്നൊക്കെ ഇന്ത്യയെ മോചിപ്പിക്കാൻ ഇനിയും ലക്ഷക്കണക്കിന്‌ അണ്ണാ ഹസാരെമാർ നമുക്കിടയിൽ നിന്നും ഉയർന്ന് വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. രാജ്യത്തെയും ജനങ്ങളെയും ഉന്നതിയിലേക്ക് നയിക്കാനുള്ള ഒരു ശക്തമായ മാറ്റം അനിവാര്യമായിരിക്കുന്നു..
അണ്ണാ ഹസാരെമാർ കാലഘട്ടത്തിന്റെ ആവശ്യമാണ്‌..
അഴിമതിക്കെതിരെ പോരാടുവാൻ ഓരൊ പൗരനും പ്രതിജ്ഞാ ബദ്ധരാവണം.

Tuesday, March 29, 2011

ആരോപണങ്ങൾക്ക് മേലെ ഹെലികോപ്ടറും പറക്കില്ല..!!രണ്ട് മൂന്ന് ദിവസങ്ങളായി രാഷ്ട്രീയ കേരളത്തിന്റെ ആകാശത്തിൽ ഒരു ഹെലികോപ്ട‍ർ ചീറിപ്പാറി പറക്കുന്നു. അതിന്റെ ഇരമ്പൽ മറ്റ് ചിലരുടെ ഉറക്കം കെടുത്തുന്നു.
കേരളത്തിലെ ഒരു നേതാവ് കേരളത്തിനുള്ളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‌ ഹെലികോപ്ട‍ർ ഉപയോഗിക്കുന്നത് നിലവിലുള്ള സാഹചര്യങ്ങളിൽ അനിവാര്യമാണോ? ഇതിനുള്ള പണം പാർടി ഏത് ചിലവിൽ  വകയിരുത്തും?
രണ്ട് രൂപ അരി സമരത്തിന്‌ തൽകാലം അവധി കൊടുത്തിട്ട് ഹെലികോപ്ടറിന്റെ പിന്നാലെയാണ്‌ പ്രമുഖ ഭരണ പക്ഷ നേതാക്കളെല്ലാം.
ഇവർക്ക് ജനഹിത അജൻ‍ഡകളേക്കാൽ പ്രാധാന്യം രാഷ്ട്രീയ മുതലെടുപ്പുകൾക്ക് തന്നെ.
രാഷ്ട്രീയ ചർച്ചകൾക്ക് ശേഷം പ്രതികരണം അനുകൂലമല്ലെങ്കിൽ മാധ്യമ പ്രവർത്തകരെ വളഞ്ഞിട്ട് തല്ലുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണോ ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരുടെ പ്രവർത്തന രീതി?
ആരാണ്‌ ശെരി? ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ അല്ലെ ഇരു പക്ഷവും? അധികാരത്തിന്റെ മധുരം ആർക്കാണ്‌ കയ്ക്കുന്നത്?

ഇലക്ഷൻ അടുത്തതിന്റെ പൂരം ജനങ്ങളും ആസ്വദിക്കട്ടെ..

Wednesday, March 23, 2011

ഈ അച്‍ഛന്‍ ആരോടാണ്‌ തെറ്റ് ചെയ്തത്..??

                                    അച്‍ഛനും മകളും.

കൗമാര പ്രായത്തിലുള്ള പെണ്മക്കളുടെ മനസ്സിലെ ഏറ്റവും വലിയ സുരക്ഷിതത്വ കേന്ദ്രവും സുരക്ഷിതത്വ ബോധവും അവരുടെ പിതാക്കന്‍മാര്‍ തന്നെയാണ്‌.


സ്വന്തം മകളെ കോളേജില്‍ വിടാന്‍ മകളോടൊപ്പം പോയ പിതാവിനെ ചെങ്ങന്നൂരില്‍ ഒരു ചെറുപ്പക്കാരന്‍ കൊലക്കത്തിക്കിരയാക്കിയിരിക്കുന്നു. കുത്തു കൊണ്ട മകള്‍ ആശുപത്രി കിടക്കയില്‍..

ഈ അച്‍ഛന്‍ ആരോട് എന്ത് തെറ്റാണ്‌ ചെയ്തത്.
ഒരു പെണ്‍കുഞ്ഞിന്‌ ജന്മം കൊടുത്ത് പ്രതീക്ഷകളോടെ വളര്‍ത്തിയതാണോ തെറ്റ്?

തന്‍റെ ഗര്‍ഭ പാത്രത്തില്‍ വളരുന്നത് പെണ്‍കുഞ്ഞാണെന്നറിയുമ്പോള്‍ ഒരമ്മക്കുണ്ടാകുന്ന ഭയാശങ്കകള്‍ക്ക് എന്താണറുതി..??

താന്‍ ജന്മം നല്‍കിയത് ഒരു പെണ്‍ കുഞ്ഞിനാണെന്നറിയുമ്പോള്‍ ഒരച്‍ഛന്‍റെ ആത്മ വീര്യം തകര്‍ന്നു പോയാല്‍ അതിനാരാണുത്തരവാദി..??

ഝാന്‍സി റാണിമാര്‍ ജനിച്ച് വളര്‍ന്ന നാട്ടില്‍ പെണ്‍ ഭ്രൂണഹത്യയെക്കുറിച്ച് മാതാപിതാക്കള്‍ ചിന്തിച്ച് പോകാതിരിക്കട്ടെ..

Monday, March 21, 2011

ദാസാ.. കടലുണ്ടിയിലുണ്ടോ ഉണ്ടി..??രാവിലെ ശിവദാസമേനോൻ മലമ്പുഴയിൽ വിയെസിന്റെ തിരഞ്ഞെടുപ്പ് കൺ‍വെൻഷനിൽ ഘോരഘോരം കണ്ഠഭേദ്യം ചെയ്യുന്നത് കേട്ടു..

ഒരിക്കൽ തേക്കിൻ‍കാട് മൈതാത്ത് എന്റെ പ്രസംഗം ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോഴോ.. അവിടെ തേക്കുമില്ല.. കാടുമില്ല.. എന്നിട്ടും മൈതാനത്തിന്‌ പേര്‌ തേക്കിൻ കാട് മൈതാനം. അതു പോലെയാണ്‌ മറ്റെ പാർട്ടിയുടെ പേര്‌ ഐക്യ ജനാധിപത്യ മുന്നണി.. അതിൽ ഐക്യവുമില്ല.. ജനാധിപത്യവുമില്ല.. എന്നിട്ടും പേര്‌ ഐക്യ ജനാധിപത്യ മുന്നണി.

ഇക്കണക്കിന്‌ ഇദ്ദേഹം കോട്ടയത്തെങ്ങാനും പോയാൽ അവിടെ കോട്ടയും കടലൂണ്ടിയിൽ പോയി കടലും പിന്നെ ഒരിക്കലും ഉണ്ടാകാൻ വഴിയില്ലാത്ത ഉണ്ടിയും അന്വഷിച്ച് വലഞ്ഞുപോകുമല്ലോ..??

ഇത്തരം ഉത്തരവാദപ്പെട്ട പാർട്ടിയുടെ മുതിർന്ന നേതാക്കൻ‍മാർ മിമിക്രിക്കാർ പോലും കൈ വിട്ട ഇതുപോലുള്ള തരം താണതും ബാലിശവുമായ രീതിയിലാണോ ജനങ്ങളോട് സാഹചര്യങ്ങൾ വിവരിക്കേണ്ടത്‌.

കൈപ്പിടി: ശിവദാസമേനോൻ എന്ന അദ്ദേഹം ശിവനാണോ? അതൊ ദാസനാണോ? എന്നിട്ടും അദ്ദേഹത്തിന്റെ പേര്‌ ശിവദാസൻ..

Wednesday, March 16, 2011

അച്ചുതാനന്ദന്‌ സീറ്റില്ല..അരം + അരം = കിന്നരം..!!അചുതാനന്ദനെ മുന്‍പില്‍ നിര്‍ത്തി വീണ്ടും ഒരു മല്‍സരത്തിനിറങ്ങിയാല്‍, അടുത്ത 5 വര്‍ഷത്തേക്ക് തുടര്‍ന്നും ഭരണം കിട്ടുമെന്നും അങ്ങിനെ കടിഞ്ഞാണ്‍ അചുതാനന്ദന്റെ കൈപ്പിടിയില്‍ ആവുമെന്നും ലാവ്‍ലിന്‍ ഉള്‍പ്പടെ ഉള്‍പ്പാര്‍ട്ടി പീഡനം നടത്തി കൂട്ടത്തിലുള്ള പല വമ്പന്മാരോടും എണ്ണിയെണ്ണി പകരം വീട്ടുമെന്നുമുള്ള പേടിയാണോ സീറ്റ് കൊടുക്കാതെ അദ്ദേഹത്തിനെ ഒഴിവാക്കാന്‍ കാരണം..

മറിച്ച് ചരട് കൊടിയേരിയെ ഏല്പ്പിച്ച് ഗോദയിലിറങ്ങി അധികാരം UDF ന്റെ കൈയ്യില്‍ ഏല്പ്പിച്ചു കൊടുത്താല്‍ ലാവ്‌ലിന്‍ കേസ് ഒത്തുതീര്‍പ്പാക്കിക്കിട്ടുന്നതിന്‌ പകരമായി ഇപ്പോള്‍ കുടം പൊട്ടി ഒഴുകി തുടങ്ങിയ പാമോയില്‍ കേസ് വീണ്ടും കുടത്തിലാക്കി ആണി അടിച്ച് തരാമെന്നും ഉള്ള ഒത്തു തീര്‍പ്പ് ഫോര്‍മുലയല്ലെ ഈ പിന്നാമ്പുറക്കളികളുടെ ഗുട്ടന്‍സ്..

രാഷ്ട്രീയ സമ വാക്യങള്‍ക്ക് പൈതഗോറസ് തിയറി ബാധകമല്ല.. അരം + അരം കിന്നരം..
തന്ത്രമറിയാത്ത പാവം അണികള്‍..

വാല്‍കഷ്ണം: രാഷ്ട്രീയത്തില്‍ ആരും അനിവാര്യരല്ല.

Tuesday, March 8, 2011

ദയാ വധം.. സുപ്രീം കോടതി വിധി അഭിനന്ദനീയം..!!
37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൃഗീയമായ വെറിയുടെ ഇരയായി അര്‍ദ്ധ മരണം സംഭവിച്ച് യന്ത്ര സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തുന്ന അരുണ എന്ന സഹജീവിക്ക് ദയാവധം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ആദരണീയവും മനുഷ്യത്വത്തോടും ധാര്‍മികതയോടുമുള്ള സാധൂകരണവുമാണ്‌.

അഥവാ ദയാവധത്തിനെ അനുകൂലിച്ചുകൊണ്ട് വിധിയെങ്ങാനും മറിച്ചായിരുന്നെങ്കില്‍ കേരളത്തിലുള്‍പ്പെടെ, സ്വന്തം മക്കളാല്‍ ത്യജിക്കപ്പെട്ട നൂറ്‍ കണക്കിന്‌ വൃദ്ധരും അശരണരുമായ മാതാപിതാക്കള്‍ സ്വന്തം മക്കളുടെ കൈ കൊണ്ട് തന്നെ സ്വത്തിന്‌ വേണ്ടിയും ശല്യം ഒഴിവാക്കപ്പെടാന്‍ വേണ്ടിയും ദയാവധത്തിന്‍റെ പേരില്‍ മൃഗീയമായി വധിക്കപ്പെട്ടേനെ.

എന്തായാലും അതൊഴിവായല്ലൊ..!!


Thursday, February 24, 2011

ഒന്ന് വെച്ചാല്‍ പത്ത്.. പത്ത്‌ വെച്ചാല്‍ ഇരുപത്...!!


മുഖ്യ മന്ത്രിക്കെതിരെ ആരോപണം.. മുഖ്യമന്ത്രിയുടെ മകനെതിരെ ചന്ദനവും ലോട്ടറിയും മാറിമാറി അടിക്കുന്നു.. തിരിച്ച് പ്രതിപക്ഷ നേതാവിനെതിരെ പ്രത്യാരോപണം.. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വേറെയാരോപണാം.. ലോട്ടറിക്കേസ്സില്‍ മുഖ്യമന്ത്രിക്ക്‌ രഹസ്യ അജണ്ഡ..വ്യവസായ മന്ത്രിയുടെ ഓഫീസ്സില്‍ 15 കോടിയുടെ അഴിമതി...പ്രതിപക്ഷത്തിന് മറുപടിയായി ഭരണ പക്ഷ എം എല്‍ ഏ മാരുടെ പ്രകടനം..പി.ശശി.. ഐസ്ക്രീം..

ഒന്നും പറയണ്ട.. പുകിലോട് പുകില്‌ തന്നെ...ഒന്ന് വെച്ചാല്‍ പത്ത്.. പത്ത്‌ വെച്ചാല്‍ ഇരുപത്...വെയ് രാജാ വെയ്യ്...!!

ഒരു ഇലക്ഷന്‍ വരുന്നു എന്ന് കരുതി ഇത്രേമൊക്കെ വേണോ..??? അതോ കേരളത്തിലെ സകല കുഞ്ഞുകുട്ടി പരാധീനങ്ങളും വെറും ഏഭ്യന്മാരും ഈ രാഷ്ട്രീയക്കാര്‍ മാത്രം കേമന്മാരുമാണോ..???

എന്തായാലും കണ്ടറിയാം.. ഇലക്ഷന്‍ കഴിയുന്നത് വരെ ഈ കളികള്‍ക്ക് മാറ്റം ഉണ്ടാകില്ല.. പുതിയ കളികള്‍ കാണണമെങ്കില്‍ ഇലക്ഷന്‍ കഴിയണം..

പൊതുജനമെന്ന നാം ഇതെല്ലാം സഹിക്കുകയും വേണം..!!

Sunday, February 20, 2011

ഓം ഹ്രീം തത്വമസിയാഹ സ്വാഹാ..!!വീണ്ടും അഴീക്കോട് മാഷ് മോഹൻലാലിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നു..

ഒരാൾ സാംസ്കാരിക നായകനും മറ്റൊരാൾ പ്രേക്ഷക ലക്ഷങ്ങൾ നെഞ്ചിലേറ്റിയ മഹാ നടനും. കേരളീയർക്ക് മാതൃകയാകേണ്ടുന്ന ഇത്തരം മാതൃകാവ്യക്തികൾ വിഡ്ഡി കൂശ്മാണ്‌ഢങ്ങളുടെ വേഷം കെട്ടി പരസ്പരം ചെളി വാരിയെറിയുന്നത് തികച്ചും അപഹാസ്യവും, ഇവരെ വളർത്തി വലുതാക്കിയ സാംസ്കാരിക കേരളത്തിനോടും മലയാളത്തിനോടും മലയാളികളോടുമുള്ള വെല്ലുവിളിയുമാണ്‌.

കേരള, കേന്ദ്ര ഗവൺ‍മെന്റുകൾ നൽ‍കിയിട്ടുള്ള പദ്‍മശ്രീ ഉൾപ്പടെയുള്ള ആദരവുകളും ബഹുമതികളും ഇത്തരക്കാരിൽ നിന്നും തിരികെ വാങ്ങി കോടതി വളപ്പിൽ കിടന്ന് കഴുത്തിന്‌ കുത്തിപ്പിടിച്ച് വീണ്ടും വീണ്ടും സ്വയം മണ്ടൂക ശിരോമണികളാകാൻ വിടുകയാണ്‌ വേണ്ടത്..


Friday, February 18, 2011

കുരുന്നുകളുടെ ആത്മാവു‍കള്‍ക്ക് അശ്രു പൂജ..!!ഈ ലോകത്തോട് ഒരു തെറ്റും ചെയ്യാത്ത അഞ്ച് കുരുന്നുകള്‍ ..
കേരളത്തെ ഞെട്ടിച്ച നഴ്സറി സ്കൂള്‍ വാഹനാപകടത്തില്‍ പൊലിഞ്ഞത് എട്ടും പൊട്ടും തിരിയാത്ത അഞ്ച് പൈതലുകളും ഒരു സ്കൂള്‍ ജീവനക്കാരിയും..

ആരാണ്‌ തെറ്റുകാര്‍..
19 വയസ്സ് മാത്രം പ്രായമുള്ള വാന്‍ ഡ്രൈവറോ..??
അയാള്‍ക്ക് ജോലികൊടുത്ത സ്കൂള്‍ നടത്തിപ്പുകാരോ..??
അതോ റോഡിന്‍റെ ശോചനീയാവസ്ഥയോ..??

പാലം തകര്‍ന്ന് മരണങ്ങള്‍ സംഭവിക്കുമ്പോള്‍ പാലങ്ങളെക്കുറിച്ചും, റോഡപകടങ്ങളില്‍ ജീവനുകള്‍ പൊലിയുമ്പോള്‍ റോഡുകളെക്കുറിച്ചും, വാഹനാപകടങ്ങളുണ്ടാകുമ്പോള്‍ വാഹനങ്ങളെക്കുറിച്ചും അന്വഷണങ്ങള്‍ നടത്തി പരിപാടി എങ്ങുമെത്താതെ അവസാനിപ്പിക്കുന്ന പരമ്പരാഗത ഏര്‍പ്പാടാണ്‌ നമ്മുടെ നിലവിലുള്ള നാട്ടുനടപ്പ്.
ഇനിയെങ്കിലും മൊത്തത്തില്‍ ഒരു അഴിച്ചുപണിയുടെ ആവശ്യകതയെക്കുറിച്ച് എന്തുകൊണ്ട് വേണ്ടപ്പെട്ട അധികാരികള്‍ ചിന്തിക്കുന്നില്ല.
അപകടങ്ങളും അക്രമങ്ങളും നടന്നതിന്‌ ശേഷം മുതലക്കണ്ണീരൊഴുക്കാതെ അവ ഒഴിവാക്കുന്നതിനെക്കുറിച്ച് പ്രായോഗികമായി വേണ്ടപ്പെട്ട ഡിപ്പാര്‍ട്ട്‍മെന്റുകളുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കൂ.. ഇനിയെങ്കിലും കണ്ണുതുറക്കൂ അധികാരികളേ..

കുരുന്നുകളുടെ ആത്മാവു‍കള്‍ക്ക് അശ്രു പൂജ..!!

Tuesday, February 15, 2011

വെളിപ്പെടുത്തലുകള്‍.. വെളിപ്പെടുത്തലുകള്‍...!!വെളിപ്പെടുത്തലുകള്‍.. വെളിപ്പെടുത്തലുകള്‍... ആകെമൊത്തം ഒരു പുകില്‌ തന്നെ...
കുഞ്ഞാലിക്കുട്ടിക്കെതിരെ സ്വന്തം മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ തന്നെ ചില വെളിപ്പെടുത്തലുകള്‍ നടത്തിക്കൊണ്ട് തുടങ്ങിയ പരിപാടി ഒരുപാട് പേര്‍ക്ക് പ്രചോദനമായി മറ്റു ചിലര്‍ക്കെതിരെ തലങ്ങും വിലങ്ങും വെളിപ്പെടുത്തലുകളുടെ ഒരു ഘോഷ യാത്ര തന്നെ... മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലുകള്‍, മന്ത്രിമാര്‍ക്കെതിരെ വെളിപ്പെടുത്തലുകള്‍, ഒടുവില്‍ ചുമ്മാ കേറി ജഡ്‍ജിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തി സുധാകരന്‍ എം‍പി ഓടിക്കൊണ്ടിരുന്ന ജീപ്പിന്‍റെ സ്റ്റിയറിം‍ഗ് ഊരിയെറിഞ്ഞതുപോലെ വളക്കാനും വയ്യാ തിരിക്കാനും വയ്യാ എന്ന അവസ്ഥയിലുമായി..
ഒരു വെളിപ്പെടുത്തല്‍ മഹോല്‍സവം നടത്തി ഈ വര്‍ഷത്തെ ഏറ്റവും ഉഗ്രന്‍ ജനപ്രിയ വെളിപ്പെടുത്തലിന്‌ സര്‍ക്കാര്‍ വക ഒരു അവാര്‍ഡ് പ്രഖ്യാപിചിരുന്നെങ്കില്‍ കാണാമായിരുന്നു പിന്നാലെ വരാനിരിക്കുന്ന വെളിപ്പെടുത്തലുകളുടെ ഘരരൂപം...
വെളിപ്പെടുത്തലിന്‍റെ ഉപജ്‍ഞാതാവായ മഹാനായ റൗഫ് അങ്ങത്തെ അങ്ങേക്ക് നമോവാകം..

Friday, January 28, 2011

ഓന്‍ ഐസ്ക്രീമിനും പെയിന്‍റ് അടിക്കാറായോ..??കേരള രാഷ്ട്രീയത്തിലെ അഭിനവ ചാണക്യന്‍ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചുകൊണ്ട് ബന്ധു നടത്തിയ പത്രസമ്മേളനവും മറുപത്രസമ്മേളനവും ചാനലുകാരുടെ ആഘോഷവും എല്ലാം കൂടി പൈങ്കിളിക്കഥകളെയും വെല്ലുന്ന തരത്തില്‍ നാഡീ ഞരമ്പുകളെ ത്രസിപ്പിക്കുന്ന തരത്തില്‍ ബഹു ജോര്‍...  ദിവസം പോയതറിഞ്ഞില്ല.. കേരളം ഭരിക്കാന്‍ കാത്തിരിക്കുന്നവരും ഭരിക്കുന്നവരും ആയ ആര്‍ക്കെങ്കിലും ഇമ്മാതിരി പണിക്ക് പോകുവാന്‍ എന്തെങ്കിലും ഉള്‍വിളി വല്ലതും ഉണ്ടായാല്‍ മേലിലെങ്കിലും പങ്കു കച്ചവടക്കാരെ അടുപ്പിക്കാതിരിക്കുക.. അടുപ്പിച്ചാല്‍ ഭാവിയില്‍ തെറ്റിപ്പിരിഞ്ഞ് ചാനലുകാര്‍ക്ക് ആഘോഷത്തിന്‌ വകയുണ്ടാക്കിക്കൊടുക്കും...
നൂറ്‌ ശതമാനം സാക്ഷരത നേടിയ കേരളത്തിലെ ജനങ്ങളെ ഭരിക്കുന്നവര്‍ ഏത് തരത്തിലുള്ളവരായിരിക്കണം എന്ന് വ്യക്തമായ മാനദണ്ഡം ഉണ്ടാകേണ്ടിയിരിക്കുന്നു..
വരും ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുന്ന പുതിയ വെളിപ്പെത്തുലുകള്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കും എന്ന് ഉറപ്പ്..

Wednesday, January 19, 2011

കേന്ദ്ര മന്ത്രിയാകാന്‍ പടക്കുറുപ്പ് വരുന്നു... NSS വണ്ടിയില്‍...!!കെ.സി വേണുഗോപാലിന്‌ കേന്ദ്ര സഹ മന്ത്രി സ്ഥാനം.. വാര്‍ത്ത കേട്ടപ്പോള്‍ കഴിവുള്ള ഒരാള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടി എന്നെ തോന്നിയുള്ളു..
പക്ഷെ സംഗതിയുടെ കിടപ്പ് അങ്ങിനെയല്ലന്ന് മറ്റ് വാര്‍ത്തകള്‍ വായിച്ചപ്പോളല്ലെ മനസ്സിലായത്..
വരാനിരിക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പോടനുബന്ധിച്ച് ഇടഞ്ഞു നില്‍ക്കുന്ന NSS നെ പ്രീതിപ്പെടുത്തുന്നതിന്‍റെ ഭാഗമായുള്ള സമവാക്യ പൂരണാമാണ്‌ KC യുടെ മന്ത്രിസ്ഥാനം എന്നും ഇതു കൊണ്ടൊന്നും ഒന്നുമായില്ലെന്ന് NSS ന്‍റെ പ്രസ്ഥാവന വീണ്ടും കോണ്‍ഗ്രസ്സിന്‌ തലവേദനയാകുമെന്നുമൊക്കെയാണ്‌ പിന്നാമ്പുറം..
കമ്പക്കാരന്‍റെ വീടിനടുത്ത് പൊട്ടാസ് പൊട്ടിച്ച് ഇക്കിളിയാക്കല്ലെ കോണ്‍ഗ്രസേ...
മന്ത്രിപ്പണി വരുന്ന ഓരോ വഴികളേയ്... ഇതിനാണ്‌ തലവരയെന്നും ഭാഗ്യമെന്നുമൊക്കെ പറയുന്നത്...
രാജ്യത്തെ ഭരണ സമവാക്യ മന്ത്രങ്ങള്‍ എഴുതുന്നത് ആരാണ്‌..???
ജനാധിപത്യം നീണാള്‍ വാഴട്ടെ..!!

Saturday, January 8, 2011

ക്രിക്കറ്റ് മച്ചമ്പീ നീയില്ലാതെ എന്താഘോഷം..!!
ആഘോഷ പൂര്‍വ്വം കൊട്ടിഘോഷിച്ച ഐ.പി.എല്‍. ലേലത്തില്‍ കൊത്തിക്കൊണ്ട് പോകും എന്ന് കരുതി കുപ്പായം തയ്പ്പിച്ച് കാത്തിരുന്ന ചില വമ്പന്മാരെ ഒരു ഈച്ച പോലും തിരിഞ്ഞു നോക്കിയില്ല.. വീണിതില്ലോ കിടക്കുന്നു ധരണിയില്‍... ഗാംഗുലിയേയും ലാറയേയും ചുമ്മ കൊടുത്താലും വേണ്ടെന്ന് ടീമുകള്‍..
പ്രതീക്ഷിക്കാത്ത റേറ്റില്‍ (4.14 കോടി രൂപ) ശ്രീശാന്തിനെ കൊച്ചി ഐ.പി.എല്‍. വിലയുറപ്പിച്ചു. ഗൗതം ഗംഭീറിന്‌ സ്വപ്ന വില.. ഇനി ഐ.പി.എല്‍. ഭ്രാന്തന്‍മാരുടെ തേരോട്ടം..
പാവം ക്രിക്കറ്റ് ഭ്രാന്തന്‍ പ്രേക്ഷകര്‍..
 ഉണ്ണാതെ ഉറങ്ങാതെ പണിക്ക് പോകാതെ ടി.വി. പെട്ടിക്ക് മുന്നില്‍ ഉറക്കമിളച്ചിരിക്കൂ ക്രിക്കറ്റ് പ്രേമികളേ..നിങ്ങളെ വിഡ്ഢികളാക്കാന്‍ പുതിയ ദലിത് മോഡിമാര്‍ പുതിയ രൂപത്തിലും ഭാവത്തിലും ഇനിയും വരും.. അവര്‍ പടുത്തുയര്‍ത്തുന്ന സ്വപ്ന സാമ്രാജ്യങ്ങള്‍ക്ക് കീജേ വിളിച്ച് നിങ്ങള്‍ വികാര വിജൃംഭിതരാകൂ...!!

ക്രിക്കറ്റ് കീ ജെയ്....!!

Thursday, January 6, 2011

വഴുതുന്ന വഴുതനിങ്ങയും രാഷ്ട്രീയ പാര്‍ട്ടികളും..!!

വാര്‍ത്തകളില്‍ ആകെ മൊത്തം ശ്രീനിജനും, കെ.ജി.ബി യും, അനധികൃത സ്വത്ത് സമ്പാദനവും, നിയമനത്തട്ടിപ്പ്, ലോട്ടറിത്തട്ടിപ്പ്, മുഖ്യമന്ത്രിയുടെ കത്ത്, മറുപടിക്കത്ത്, വാഗ്വാദം, എന്‍ഡോസള്‍ഫാന്‍, 2ജി സ്പെക്ട്രം, റോഡിലെ കുഴി പിന്നെ മേമ്പൊടിയായി പീഢനങ്ങളും വാര്‍ത്തകള്‍ കേട്ട് കേട്ടും വായിച്ച് വായിച്ചും മടുത്തു...രാഷ്ട്രീയക്കാര്‍ക്ക് പുതുതായി മറ്റൊരു വിഷയവും കിട്ടാത്തതുകൊണ്ടായിരിക്കാം ജനിതക വിത്തുകള്‍ വിളയിപ്പിച്ച് നോക്കാം എന്ന് കരുതി ഇറങ്ങിത്തിരിച്ചത്. വിത്ത് വിതക്കാന്‍ ചെന്നപ്പോളല്ലെ വിവരം അറിയുന്നത്.. വിളയുന്ന മുറക്ക് വെട്ടിനിരത്താന്‍ തക്കം പാര്‍ത്തിരിക്കുന്നു മറ്റൊരു കൂട്ടര്‍.. ബിടി വഴുതനങയോ ബിടി പരുത്തിയോ കേരളത്തില്‍ എവിടെയെങ്കിലും കണ്ടു പോയാല്‍ പറിച്ച് അവിയല്‌ പരുവമാക്കിക്കളയും എന്നാണ്‌ നിലപാട്. ജൈവ സാങ്കേതിക വിദ്യയും അതുവഴി ഉല്‍പാദിപ്പിക്കുന്ന ജനിതക മാറ്റം വരുത്തിയ വിത്തുകളും അവയുടെ ഉപയോഗവും അനന്തര ദൂക്ഷ്യ ഫലങ്ങളും ജൈവ സാങ്കേതിക വിദഗ്‍ദ്ധരെ ഏല്‍പ്പിച്ച് അവരുടെ പഠന റിപ്പോര്‍ട്ടിനനുസരിച്ച് തീരുമാനത്തിലെത്തുന്നതല്ലെ നല്ലത്.. നാട്ടുകാര്‍ക്കുപയോഗപ്രദമാകുന്ന മറ്റെത്രയോ പ്രാഥമിക വിഷയങ്ങളുണ്ട് നിലവില്‍ രാഷ്ട്രീയക്കാര്‍ക്ക് ആലോചിച്ച് തല പുണ്ണാക്കാനും ഇടപെടാനും...