"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Friday, January 3, 2014

അഛനുറങ്ങാത്ത വീട്..!
ഗണേശനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ പിള്ള കളിച്ച കളികൾ കണ്ട് സാക്ഷാൽ ഒടേ തമ്പുരാൻ പോലും പിള്ളയുടെ കാൽക്കൽ വീണ് സാഷ്ടാംഗം നമിച്ച് പോയിക്കാണും. പണിയൊന്നും ഏശാതായപ്പോൾ ഇനി അങ്ങനൊരു മകൻ എനിക്ക് പിറന്നിട്ടില്ലെന്നും കേ.കോ. ക്ക് അങ്ങനൊരു മന്ത്രിയില്ലെന്നും പറയാൻ പിള്ള രണ്ടാമതൊന്നാലോചിച്ചില്ല. അതാണ് പിള്ള.

ആ പിള്ളക്കാണ് ഇപ്പോൾ ഉറക്കമില്ലാത്ത രാവുകൾ തള്ളി നീക്കേണ്ടുന്ന ഗതികേട് വന്നിരിക്കുന്നത്. മകനെ മന്ത്രിയാക്കാത്തതിൽ മനം നൊന്ത് നെഞ്ചകം പൊട്ടി നിലവിളിക്കുന്ന ആ അഛന്റെ കണ്ണീർ കാണാൻ കണ്ണിൽ ചോരയില്ലാത്ത ഒരുത്തനും ഐക്യമുന്നണിയിൽ ഇല്ലാതായിപ്പോയതിൽ ഞാൻ എന്റെ കുണ്ഠിതം നിർവ്യാജം രേഖപ്പെടുത്തുന്നു. ഇടിവെട്ടിയ മാക്കാം തവളയുടെ പള്ളക്ക് പാണ്ടീലോറി കേറിയപോലെ എന്നൊക്കെ പറയുന്നത് ഇതിനെയാണോ സർ?

പണ്ട് രമേശിനെ മന്ത്രിയാക്കാൻ നടന്ന പിള്ളയാണ് ഇപ്പൊ മന്ത്രിസഭക്ക് കോഴിവസന്ത പിടിച്ചിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.!

ഇക്കൊല്ലം ഇദ്ദേഹത്തിനൊരു പദ്മ ശ്രീയെങ്കിലും കിട്ടും..!!  ഇല്ലെങ്കിൽ കനപ്പെട്ടത് എന്തെങ്കിലും ഇദ്ദേഹത്തിന് കൊടുക്കണം..!

============================================
മിനിറ്റ് മിനിറ്റ് ഒരുളുപ്പുമില്ലാതെ മാറ്റിമാറ്റി പ്പറയുന്നതൊക്കെ കേട്ടോണ്ടിരിക്കാൻ നാട്ടുകാരൊക്കെ വെറും കിഴങ്ങന്മാരാണെന്ന് വിചാരിക്കുന്ന എല്ലാ ഇരട്ടത്താപ്പിന്റെ ഉസ്താദ് മാർക്കും വേണ്ടി സമർപ്പിക്കുന്നു.!