"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Saturday, March 24, 2012

എമ്മെല്ലെമാർക്ക് കേരള ഗവൺമെന്റ് ഭാഗ്യക്കുറിയുടെ ബമ്പറടിച്ചു..!!

MLA മാരുടെ ശമ്പളം 39,500 രൂപയാക്കി വർദ്ധിപ്പിച്ചു. മുൻപ് 20,300 രൂപയായിരുന്നു..

പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഐകകണ്ഠേന സമ്മതം.. സഭ സ്തംഭിപ്പിക്കലില്ല, ഇറങ്ങിപ്പോക്കില്ല, നടുത്തളത്തിൽ കുത്തിയിരിപ്പില്ല, കൂട്ടത്തല്ലില്ല, മന്ത്രിമാർക്ക് നേരെ കരിങ്കൊടി കാണിക്കലില്ല.. എന്തൊരു ഐകമത്യം.. ഹോ..!!

അത്രെം മാത്രമല്ല; ഇനീമുണ്ട് അലവൻസുകൾ;

നിയോജക മണ്ഡലം അലവൻസ്:  12,000 രൂ.
നിശ്ചിത റ്റീ.എ.                       :   15,000 രൂ.
ടെലഫോൺ അലവൻസ്    :  15,000 രൂ.
ഇൻഫർമേഷൻ ബത്ത        : 1000 രൂ
(??? രഹസ്യം ചോർത്തിക്കൊടുക്കുന്നതിനുള്ള അലവൻസാണോ?? ജോർജ്ജിനൊക്കെ ഒരു സംഖ്യ കിട്ടുമായിരിക്കുമല്ലോ)

അനാമത്ത് ചിലവുകൾ    : 3000 രൂ.
(??? അപ്പോൾ പിന്നെ ഈ കൊടുക്കുന്നതൊക്കെ എന്താണാവോ?)

റോഡ് യാത്ര കിലോമീറ്ററിന്        7 രൂ.
ദിന ബത്ത (യാത്ര ചെയ്യുമ്പോൾ) 750 രൂ.

പിന്നെ ഉന്തിത്തള്ളി 5 കൊല്ലം കൊണ്ടെത്തിച്ചാൽ പെൻഷൻ 10000  രൂ.

എല്ലാം കൂടി ആകെ മൊത്തം ഒരെമൗണ്ട് മാസാമാസം ഇങ്ങു പോരും..

ഇതു വെറും ചോട്ടാ MLA മാരുടെ കാര്യം.. അപ്പോൾ പിന്നെ മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയുമൊക്കെ കാര്യം പറയാനുണ്ടോ...!!

ഇനിയിപ്പോ ചിലവൻമാരൊക്കെ നെയ്യാറ്റിങ്കരയിലൊരു തള്ള് തള്ളും.... കിട്ടിയാൽ ലോട്ടറി..

(നാട്ടുകാരുടെ തല പണയം വെച്ച് വായ്പ തരാൻ ലോക ബാങ്കും, ജപ്പാൻ പദ്ധതി, മെട്രോ പ്രൊജക്റ്റ് തുടങ്ങി കുറെ ഗമണ്ടൻ പരിപാടികളൊക്കെയുള്ളത് കൊണ്ട് ഖജനാവിൽ പണത്തിന് വലിയ പങ്കപ്പാട് കാണില്ല.. കാട്ടിലെ തടി, തേവരുടെ ആന.. വലിയെടാ.. വലി..)

Saturday, March 10, 2012

അറിയാത്ത പാർടി, സെൽവരാജൻമാർ ചൊറിയുമ്പോൾ അറിയണം..


കോമഡിഷോ കണ്ടുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കറണ്ട് പോയാൽ ജനാലയിലൂടെ അയലത്ത്കാരന്റെ വീട്ടിൽ ഒളിഞ്ഞ് നോക്കിയിട്ട് അവിടേം പോയെങ്കിൽ ഹൊ..ഹെന്തൊരാശ്വാസം.. എന്നിട്ട് "അമ്മിണിയേയ് ലവന്റേം പോയെടീ.." എന്നുകൂടി പറഞ്ഞാലേ നമ്മൾ മലബാറീസിന് സമാധാനമാകൂ..!!

അങ്ങിനെ ലവന്റെ പോകുന്നതും, പിന്നെ രണ്ടവൻമാരെക്കൂടി ഇങ്ങോട്ട് പൊക്കുന്നതും, ഭരണം മറിയുന്നതുമൊക്കെ മനക്കോട്ട കെട്ടി പിറവത്തോട്ട് കണ്ണും നട്ടിരിക്കുന്നതിനിടയിൽ സ്വന്തം കളസത്തിന്നടിയിലൂടെ ഒരുത്തൻ ഊർന്ന് പോയത് പന്ത്രണ്ടാം മണിക്കൂറിലാണ് ഹൈടെക് കോർപറേറ്റ് പാർടി അറിയുന്നത്..ലവനാരാ സാധനം.. ഇവിടെ മനക്കോട്ട കെട്ടിയപ്പം അവിടെ കോട്ടകെട്ടി ഗേറ്റടച്ച് കുറ്റിയും വച്ചു..!

പീസീ ജോർജ് ആണ് സെൽവരാജിനെ ചാക്കിലാക്കിയതെന്ന് വീയെസ് ആണയിട്ട്  പറയുന്നു. ഈ ചാരബുദ്ധി വീയെസിന് നേരത്തെ പ്രവർത്തിപ്പിച്ചിരുന്നെങ്കിൽ രാജി ഒഴിവാക്കാമായിരുന്നല്ലോ..?? അതോ ഒരു പണി കേന്ദ്രക്കമ്മറ്റിക്കും മറ്റേ സാറൻമാരിക്കും ഇരിക്കട്ടെ എന്നു കരുതി മനഃപ്പൂർവ്വം ഭൂതം കുടത്തീന്ന് ചാടും വരെ മിണ്ടാതിരുന്നതാണോ..??

പിറവം തിരഞ്ഞെടുപ്പിന് മുൻപ് ഇനിയും പൊട്ടും ഇപ്പപ്പൊട്ടും എന്ന് പുലമ്പിക്കൊണ്ട് പീസീ ജോർജും, ചാടിയവൻ വന്നാൽ ഞങ്ങളെടുത്തോളാം എന്ന് മുഖ്യനും പാടിനടക്കുന്നു..

കുതികാൽ വെട്ടും, മറുകണ്ടം ചാടലും, കുതിരക്കച്ചവടവും പാർടിക്കുള്ളിലെ വെട്ടിനിരത്തലും ഒന്നും രാഷ്ട്രീയത്തിൽ പുത്തരിയല്ല.. രാഷ്ട്രീയ സദാചാര മൂല്യങ്ങൾ മറന്നുകൊണ്ടുള്ള അവസര വാദം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പാർടികൾക്കും ഭൂഷണമല്ല.. ഇന്ന് ഇങ്ങോട്ട് ചാടിയവൻ നാളെ ലാഭം കൂടുതൽ കിട്ടുമ്പോൾ വീണ്ടും മറുകണ്ടം ചാടും..!! അതാണ് നാട്ട് നടപ്പ്..!!


ഇപ്പോൾ കേട്ടത്:
യു ഡി എഫ് ന് നെയ്യാറ്റിങ്കരയിൽ മൽസരിക്കാൻ വേറെ ആങ്കുട്ടികളുണ്ട്, ചാടിവന്ന സെൽവരാജന്റെ ആവശ്യമില്ലെന്ന് മുരളീധരൻ പരസ്യമായി തുറന്നടിച്ചിരിക്കുന്നു..!!