"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Thursday, April 14, 2011

പെട്ടിക്കുള്ളിലെ ഭൂതം ഇടതനൊ? വലതനൊ? ഒരു ചാനൽ ചർച്ച..!!


കൊട്ടിക്കലാശത്തോടെ തിരഞ്ഞെടുപ്പ് കഴിഞ്ഞു.. വോട്ടുകൾ പെട്ടിക്കുള്ളിലായി.ഇനി കാത്തിരിപ്പിന്റെ നാളുകൾ.. ഭരണ തുടർച്ച ഉണ്ടാകുമോ? ഭരണ മാറ്റം ഉണ്ടാകുമോ? യഥാർത്ഥ ഫലം അറിയാൻ മെയ് 13 ആകണം..

ഇനി ചാനലുകാരുടെ ഊഴം..!!
പെട്ടിക്കുളിലായ വോട്ടിന്‌ മുകളിൽ കയറിയിരുന്ന് ചാനലുകാർ തട്ടുപൊളിപ്പൻ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. പെട്ടിക്കുള്ളിലെ ഭൂതം ഇടതനൊ? വലതനൊ? അഭ്യൂഹങ്ങൾ, വാഗ്വാദങ്ങൾ, ഊഹാപോഹങ്ങൾ, പൈതഗോറസിനെ വെല്ലുന്ന കണക്ക് സിദ്ധാന്തങ്ങൾ ആകെ കോലാഹലം.. ഇപ്പോഴത്തെ പോക്കനുസരിച്ച് മെയ് 13 ന്‌ മുമ്പ് തന്നെ നമ്മുടെ ചാനലുകാർ വോട്ടെണ്ണി മന്ത്രി സഭ രൂപീകരിച്ച് ഭരണം തുടങ്ങാനുള്ള സാധ്യത ഉണ്ട്.
ഓരോ ചാനലുകാരും അര മണിക്കൂർ പരിപാടികൾ തട്ടിക്കൂട്ടാനുള്ള തത്രപ്പാടുകൾ ഒരു ശരാശരി പ്രേക്ഷകന്‌ മനസ്സിലാകും. പരിധി വിട്ടുള്ള ഇത്തരം അഭ്യാസ പ്രകടനങ്ങളിൽ വായ വലിച്ച് കീറിയുള്ള ചിരിയുമായി വിടുവായത്തം വിളിച്ചു പറയാൻ തയ്യാറായി വരുന്ന ഓരോ രാഷ്ട്രീയ പാർടിക്കാരുടെയും ആസ്ഥാന ചർച്ചാ വിദഗ്‍ദ്ധരെ നമിക്കണം..!!

Saturday, April 9, 2011

അണ്ണാ ഹസാരെമാർ കാലഘട്ടത്തിന്റെ ആവശ്യമാണ്‌..!!





അഴിമതിക്കെതിരെ പോരാടിവന്ന ഗാന്ധിയനായ അണ്ണാ ഹസാരെ ഉന്നയിച്ച ആവശ്യങൾ സർക്കാർ അംഗീകരിച്ചതിനെ തുടർന്ന് നിരാഹാര സമരം അവസാനിപ്പിച്ചു.
സ്കൂൾ കുട്ടികൾ മുതൽ മുതിർന്ന പൗരൻ‍മാർ വരെ അണ്ണാ ഹസാര എന്ന ഒറ്റയാൾ പോരാട്ടത്തിന്‌ ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ അഴിമതിക്കെതിരെ തങ്ങളും ജാഗരൂകരാണ്‌ എന്ന് ഭരണ വർഗ്ഗത്തെയും അഴിമതിക്കാരെയും വീണ്ടും വീണ്ടും ഓർമിപ്പിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒത്തു കൂടി..
സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടിയുള്ള ആക്രാന്തം ഭാരതമെന്ന മഹാരാജ്യത്തെയും അതിന്റെ സംസ്കാരത്തെയും മത ഭ്രാന്തൻ‍മാരുടെയും, ഭീകര വാദികളുടെയും, അഴിമതിക്കാരുടെയും കൈകളിൽ കൊണ്ടെത്തിച്ചിരിക്കുന്നു. മൂന്നാം ലോക രാജ്യങ്ങൾ ശക്തമായ ഉയിർ‍ത്തഴുന്നേൽ‍പ്പ് നടത്താനൊരുങ്ങുമ്പോൾ 125 കോടി ജനങളുള്ള ഇന്ത്യ അഴിമതിക്കാരുടെ ചൂതാട്ട ഭൂമിയായി മറുന്നു. ഇവരിൽ നിന്നൊക്കെ ഇന്ത്യയെ മോചിപ്പിക്കാൻ ഇനിയും ലക്ഷക്കണക്കിന്‌ അണ്ണാ ഹസാരെമാർ നമുക്കിടയിൽ നിന്നും ഉയർന്ന് വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. രാജ്യത്തെയും ജനങ്ങളെയും ഉന്നതിയിലേക്ക് നയിക്കാനുള്ള ഒരു ശക്തമായ മാറ്റം അനിവാര്യമായിരിക്കുന്നു..
അണ്ണാ ഹസാരെമാർ കാലഘട്ടത്തിന്റെ ആവശ്യമാണ്‌..
അഴിമതിക്കെതിരെ പോരാടുവാൻ ഓരൊ പൗരനും പ്രതിജ്ഞാ ബദ്ധരാവണം.