"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Monday, June 17, 2013

ബാലകൃഷ്ണപിള്ള മകൻ ഗണേശൻ വക സോളാർ വെടി ഒന്നേയ്..


കടഞ്ഞെടുത്ത അമൃത് അടിച്ച് മാറ്റാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തത് മോഹിനി രൂപം പൂണ്ട മഹാവിഷ്ണുവാണ്.അതേ മോഹിനിയാണ് കൈലാസനാഥനായ പരമശിവനെ കണ്ണും കൈയ്യും കാട്ടി വനമധ്യത്തിൽ വരുത്തിച്ചതും അത് പിന്നീട് റ്റീവിചാനലുകാർക്ക് സീരിയലാക്കാനുള്ള അവസരം ലഭിച്ചതും..

ഘോരതപസ്വിയായ മഹർഷിയുടെ തപസ്സിളക്കാൻ ദേവന്മാർ പറഞ്ഞ്‌വിട്ട രംഭയും മേനകയും തിലോത്തമയും മഹാമുനിയെ ഇക്കിളിപ്പെടുത്താൻ പോന്നത്രയും ലാവണ്യസ്വരൂപങ്ങളായിരുന്നു..

അതൊക്കെ പുരാണം

'ലോക' പ്രസിഡന്റ് സാക്ഷാൽ ക്ലിന്റന്റെ കാൽസ്ര അഴിപ്പിച്ച് ലോകം മുഴുവൻ നാറ്റിച്ചത് വെറുമൊരു സെക്രട്ടറി പെണ്ണ്.. (അബദ്ധവശാലെങ്ങാനും ജോർജ്ജച്ചായന്റെ അപ്പനെങ്ങാനും അമേരിക്കക്കാരനായിരുന്നെങ്കിൽ ഇങ്ങേരവിടെപ്പോയി ജനിച്ച് ക്ലിന്റണെ ഇതിനേക്കാളും നാറ്റിച്ച് കട്ടപ്പൊഹയാക്കിക്കളഞ്ഞേനെ ഈ ജോർജ്ജച്ചായൻ)

ശ്രീഹരിക്കോട്ടയിൽ നിന്നും വിട്ട റോക്കറ്റ് പോലെ ഗുമ്മ്ഗുമ്മാ നിക്കുന്ന കുഞ്ഞാപ്പക്കിട്ട് ഒളിഞ്ഞും തെളിഞ്ഞും നിന്ന് ഐസ്ക്രീം കോരിയൊഴിക്കുന്നത് റജീനയെന്ന വെറുമൊരു ചീള് പെണ്ണ്.. (റജീനയെന്ന് കേൾക്കുമ്പോ ഇന്ത്യാവിഷം ചാനലിന് രോമാഞ്ചം കൊണ്ടിരിക്കാൻ പറ്റാണ്ടായിട്ടുണ്ട്..)

ശബരിമലതന്ത്രിയെ പ്രലോഭിപ്പിച്ച് ഫ്ലാറ്റിനുള്ളിൽ കൊണ്ടെത്തിച്ചത് വേറൊരു പെണ്ണ്..

പിന്നെന്താ ഈ സരിതാ നായർക്കിതൊന്നും പാടില്ലാന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ..

ഗണേശൻ അടിസ്ഥാനപരമായി ഒരു സിനിമാക്കാരനാണ്. കുറച്ചും കൂടി ലളിതമായി പറഞ്ഞാൽ ഒരുമാതിരി നേർച്ചക്കോഴി. പിടയെ എവിടെക്കണ്ടാലും കൊക്കൊക്കോ കൂവും.. ഇങനെയുള്ളവനെയൊക്കെ മന്ത്രിയാക്കുമ്പോൾ മുഖ്യമന്ത്രി വരും വരായ്കകൾ ഓർക്കണമായിരുന്നു.. അതെങ്ങനെ പറ്റും.. ക്യാമറവെച്ച് സുതാര്യമാക്കിയാൽ എല്ലാം ക്ലീൻ ആകും എന്ന് എല്ലാരും കൂടി പറഞ്ഞ് പറ്റിച്ചത് പാവം വിശസിച്ചു..കൂടെ നിന്ന് വേണ്ടാത്തിടത്തൊക്കെ കൈയ്യെത്തിച്ച് ചൊറിയാൻ തുടങ്ങിയ പേഴ്സണൽ സ്റ്റാഫിനെ കാണാൻ ഈ ക്യാമറകൾക്കൊന്നും ആയതുമില്ല..

കേന്ദ്ര മന്ത്രിയും, എം പീയും, എമ്മല്ലേയും, സിനിമാക്കാരുമൊക്കെ ആവോളം ഒലിപ്പീരുമായി നടന്നതിന്റെ വീഡിയോയൊക്കെ പെണ്ണുമ്പിള്ള റ്റീവീക്കാർക്ക് കൊടുത്തിട്ടുണ്ട്.. ഉപ്പ് തിന്നാൽ വെള്ളം കുടിക്കും.. മേക്കപ്പ് അധികമിട്ടാൽ ചൊറിയും.. സോളാറിൽ തൊട്ടാൽ പൊള്ളും.. ഇതൊക്കെ നാട്ട് നടപ്പാണ്..

============================================
ഇതാണ് എന്റെ ചോദ്യം (എക്കോ മൈക് ഉപയോഗിച്ച് ബാസ് കൂട്ടി) 

ഉമ്മൻ ചാണ്ടി സോളാറിൽ തട്ടി കൂപ്പ് കുത്തുമോ?? ഗണേശിന് ഉണ്ട തിന്നേണ്ടി വരുമോ?? സരിതാ നായർ പ്രസവിക്കുമോ?? യാമിനി തങ്കച്ചി തിരിച്ച് വരുമോ??? ബിജു രാധാകൃഷ്ണൻ ശാലു മേനോനെ കെട്ടുമോ??

=============================================
സോളാർ: കോലാഹലത്തിനിടയിൽ പെട്രോൾ ലിറ്ററിന് രണ്ട് രൂപ കൂടി.. വാർത്ത ഉൾപേജിൽ ഒരു കോളം.
 പകർച്ചപ്പനിക്കൊരു കുറവുമില്ല.. വാർത്ത 8-ആം പേജ് അരക്കോളം.
 ===========================================

പേരിലൊര് നായരുള്ളതുകൊണ്ട് ഇനി സുകുമാരാദികൾ അതെങ്ങനെ മുതലാക്കുമോ ആവോ.. കണ്ടറിയണം ..
===========================================


Monday, May 27, 2013

മലയാളി ഹൗസും കൊറേ ശ്രേഷ്ഠ പുംഗൻമാരും..!



ഉദാത്തം, ഉൽകൃഷ്ടം, സാമൂഹിക പ്രതിബദ്ധത നിറഞ്ഞ് തുളുമ്പുന്ന ഘടാഘടികൻ.. ഛായ്..

മലയാളം ശ്രേഷ്ഠ ഭാഷയാക്കീന്ന് പറഞ്ഞിട്ടെന്ത് കുന്തം.. ഒരു നല്ല കാര്യം പറയാൻ വന്നപ്പോൾ വാക്കുകൾ കിട്ടാനില്ല..

ഓ.. എന്തരാ ആവട്ട്.. ചുരുക്കിപ്പറയാം.. സംഗതി ലത് തന്നെ; കിടു പരിപാടി അണ്ണാ.. കിടു.. ഒരൊന്നൊന്നര പരുവാടികള് തന്ന കേട്ടാ.. ഷക്കീലപ്പടമൊന്നും ഇതിന്റ ഏഴയലോക്കത്ത് വരൂല്ല.. ഓരോരുത്തമ്മാര മടീല് കേറിയിരുന്ന് ലവള്‌മാര് പറേണ ഡയലോഗ്കള് കേട്ടാ പൊന്നണ്ണാ ശ്വാസം പിടിച്ചിരുന്ന് പോവും.. ഓ സത്യം..

ഇത് പോലെ ഗമണ്ടൻ പരുവാടികള് സ്ഥിരമായി കാണിക്കണ ചാനലുകള്‌ക്ക് സർക്കാര് എന്തെങ്കിലും സബ്സിഡികളൊക്ക കൊടുക്കണം കേട്ടാ..

നമ്മള സംസ്കാരിക മന്ത്രി ആരണ്ണാ..
ഓ.. ആരങ്കിലുമാവട്ട്.. അങ്ങെരുക്കൊരുമ്മ.. അണ്ണാ ഇനീം ഇതേപോലത്ത പരുവാടികള് കാണിക്കുമ്പം ഇത്തിരിക്കൂടിയൊക്കെ കാണിക്കാനൊള്ള ഓല എഴുതിക്കൊടുക്കണം കേട്ടാ.. അയിനുംകൂടി ഒള്ള ലൈസന്‌സ്കള് കൊടുക്കീന്ന്.. പുള്ളരമ്മാര് കണ്ട് നല്ല പൗരമ്മാരായ് വളരട്ടന്ന്..

ഇത് മറ്റതാണ്.. സദാചാരത്തിന്റ മൂട്ടില് തൊള വീണുപോകും എന്നൊക്കെ പറഞ്ഞ് കൊറെ മാക്രി പുള്ളകള് ഫെയ്സ്ബുക്കില് കെടന്ന് ചാടണൊണ്ട് കേട്ടാ.. അതൊന്നും കണ്ട് ഞെട്ടാതെ പരുവാടികള് ഗംഭീരമാവട്ടണ്ണാ.. സദാചാരക്കാരമ്മാര് കൊറെ ഒണ്ടാക്കും.. അവമ്മാര് രാത്രീലെ ഷോ കണ്ണിലെണ്ണ ഒഴിച്ചിരുന്ന് കാണണത് ആരും അറീല്ലന്നാണ് പാവങ്ങള തോന്നല്‌കള്.. പാവം പയല്‌കള് തന്ന.. ഒക്കൂങ്കി ദെവസി നാല് നേരം വീതം കാണിക്കണെ അണ്ണാ..

കാര്യങ്ങള പോക്ക് ഇങ്ങനേക്കെ ആണങ്കി ഒള്ളത് പറയാമല്ല.. ഇത് കസറും.. ഷക്കീലേം സിൽക്കുമെല്ലാം നാണിച്ച് പോകും..

ഇത്രേം കലാ വല്ലഭനായ പ്രദീപ് സാറാണാ അശ്വമേധോ യാഗാശ്വോ എന്തരൊക്കേ അളിഞ്ഞ കൂതറ പരിപാടികള് നടത്തി ലൈഫ് കോഞ്ഞാട്ട ആക്കിക്കളഞ്ഞത്.. ആ സമയത്ത് ഇതുമാതിരി രണ്ട്മൂന്ന് പരുവാടികള് നടത്തീരുന്നെങ്കി പണ്ടേ നാട്ടിലെങ്ങും പാട്ടായിപ്പോയേനെ.. പോയ ബുദ്ധി പിടിച്ചാ കിട്ടൂല്ലണ്ണാ..

ദോഷം പറയരുതല്ല, പണ്ഡിറ്റ് സാർ പഴേ നെലവാരം കൊറച്ചൂട മെച്ചപ്പെടുത്തീട്ടൊണ്ട് കേട്ടാ.. അങ്ങേർക്കിട്ട് പണി കൊടുക്കാനാണാ ഈ പ്രോഗ്രാം തന്നെ നടത്തണതെന്ന ഒരു ഡൗട്ട് ഇപ്പഴും അങ്ങെര മൊഖത്തൊണ്ട്..

സിന്ധു മാഡം ഒരു സംഭവം തന്ന കേട്ടാ.. എന്തൊരു പെർഫൊമൻസ്.. എന്നിട്ട് പിന്നെന്തണ്ണാ അവര് രണ്ട് പാർടീലും പച്ചപിടിക്കാതെ പോയത്.. എന്തരായാലും അവര്‌ക്ക് കഴിവില്ലാത്തോണ്ടൊന്നും അല്ല കേട്ടാ.. തൊഴുത്തീക്കുത്തും .. സമയം മോശോം ആയതോണ്ട് തന്നെ.. എന്തരായാലും ഇത് അവര്‌ക്ക് പറ്റിയ പണിതന്ന.. ഇതില് കസറും..

ഈ പരിവാടി നിറുത്തണം നിറുത്തണം എന്ന് കൂവണോമ്മാരടുത്ത് ഒന്നേ പറയാനൊള്ള്..മലയാളത്തിനേല്ലീ ശ്രേഷ്ഠമാക്കീത്.. അല്ലാതെ മലയാളികളെ ഒന്നുമല്ലല്ല്.. പിന്നെന്തിന് നീയക്ക കെടന്ന് തുള്ളണത്, കൈയ്യില് റിമോട്ടില്ലേടാ കോപ്പേ..

========
ഇൻഹൗസ്:
സാംസ്കാരിക കേരളം വിജൃംഭിക്കട്ടെ.. കുഞ്ഞൂഞ്ഞും ബാക്കി സമുദായ മന്ത്രിമാരും നീണാൽ വാഴട്ടെ..

http://www.mallutalk.com/detail.php?featId=2123#.UZ7zR6JmBXN ലിങ്കില് ക്ലിക്കി
ഈ വീഡിയൊകള് കണ്ട് നിങ്ങളും വിജൃംഭിക്കീം..!!




Tuesday, April 2, 2013

പൊട്ടിക്കരഞ്ഞുകൊണ്ടോമനേ...



മുഖത്ത് കറുത്ത് കരുവാളിച്ച അടിയുടെ പാടുകൾ.. ഇടിച്ച് പാളീസാക്കിയ മൂക്കിലൂടെ ഒലിച്ചിറങ്ങുന്ന ചോരച്ചാലുകൾ.. കരഞ്ഞ് കലങ്ങിയ കണ്ണുകളിൽ പീഡിപ്പിക്കപ്പെട്ട ഇരയുടെ ദയനീയ ഭാവം..
മലയാളം സീരിയലുകളെ കവച്ച് വെക്കുന്ന പ്രകമ്പനം കൊള്ളിക്കുന്ന സീനുകൾ..
വിവിധ പോസുകളിലുള്ള ഫോട്ടോകൾ സീഡിയിലാക്കി തലങ്ങും വിലങ്ങും വീശുന്നു..
ഒന്ന് വെച്ചാൽ തങ്കച്ചി രണ്ട് വെക്കും.. കൃത്രിമമില്ലാതെ കരയിപ്പിക്കാൻ വേണ്ടതെല്ലാം ഒരുക്കിക്കൊടുത്ത് കണ്ണീർ തുടക്കുന്ന മാധ്യമ വേതാളങ്ങൾ.. ഹോ.. പുകിലോട് പുകിൽ തന്നെ..
കേരളത്തിന്റെ ഭരണ യന്ത്രം കേവലമൊരു വിവാഹമോചന കേസിൽ കുരുങ്ങി നാലരക്കോടി ജനങ്ങളുടെ നെഞ്ചത്ത് പീപ്പി ഉരുട്ടിക്കളിക്കുന്ന മുഖ്യൻ..
സെറ്റപ് ഒത്ത് തീർപ്പാക്കി കൊടുക്കാൻ ഓടി നടക്കുന്ന വെറുമൊരു കേസ്കെട്ട് വക്കീലിന്റെ വേഷം മാത്രമായ മുഖ്യൻ..

പെൻഷൻ പണത്തിന് വേണ്ടി ചുവപ്പ് നാടയുടെ കുരുക്കഴിക്കാൻ സർക്കാരോഫീസുകൾ കേറീയിറങ്ങുന്ന വയോധികരുടെ ദയനീയ മുഖം ഈ മുഖ്യമന്ത്രി കാണുന്നില്ലാ..
കെട്ടുപ്രായം കഴിഞ്ഞ പെണ്മക്കളുടെ കല്യാണാവശ്യത്തിന് ധനസഹായത്തിനായി തെണ്ടിനടക്കുന്ന നിരാലംബരായ മാതാപിതാക്കളെ ഈ മുഖ്യമന്ത്രി കാണുന്നില്ല..
കാണുന്നതൊക്കെയും ഒന്ന് മാത്രം.. ഒരു വിഷയം മാത്രം.. വെറുമൊരു വിവാഹമോചനക്കേസ്.. നിലവിൽ കെരളത്തിന്റെ അടിയന്തിര പ്രശ്നം..

ഒടുവിൽ പുലി എലിയായതോടെ മുഖ്യമന്ത്രീടെ ശ്വാസം നേരേ വീണു..
രാജി എഴുതി വാങ്ങിച്ചതോടെ കേരളത്തിന്റെ അടിയന്തിര പ്രശ്നങ്ങൾക്ക് തീരുമാനമായി.. നാളെമുതൽ കേരളം തേനും പാലുമൊഴുകുന്ന കനാൻ ദേശം പോലെ സുന്ദരമായിരിക്കും..
ഹോ.. ഇനി സുഖമായിക്കിടന്നുറങ്ങാം..!!


Wednesday, January 30, 2013

അയ്യേ.. ഞാനാ താക്കോൽ ദ്വാര ടൈപ്പൊന്നുമല്ല..!!



 (ചിത്രം കടപ്പാട്: വീക്ഷണം)

കൊച്ചാട്ടൻ വെറുതെയൊന്ന് മൂപ്പിക്കുകയേയുള്ളൂ എന്നേ പാവം ചെന്നിത്തല നായരും കരുതിയിട്ടുണ്ടാകുള്ളു.. പക്ഷേ ഇതിപ്പം ഒരുമാതിരി മറ്റേടത്തെ പണിയായിപ്പോയല്ലോ കൊച്ചാട്ടാ..

താക്കോൽ കണ്ട് പിടിച്ച സായിപ്പിനെ സമ്മതിക്കണം. ആ താക്കോലും ഉമ്മഞ്ചാണ്ടി മന്ത്രി സഭയും തമ്മിലുള്ള അഭേദ്യ ബന്ധം പുറത്ത് കൊണ്ട് വന്ന സൂമാരൻ നായരെ രണ്ട് വട്ടം സമ്മതിക്കണം.

ഉപ്പിലിടാൻ വെച്ചിരുന്ന ഏതാണ്ട് സാധനം തേങ്ങയിടാൻ വന്ന ഹിന്ദികാരൻ അടിച്ചോണ്ട് പോയീന്ന് പറഞ്ഞപോലെ കാര്യങ്ങൾ മൊത്തത്തിൽ കൈവിട്ട് പോയ അവ്സ്ഥയിലാണ് NSSഉം ചെന്നിത്തലയും, മുഖ്യമന്ത്രിയുമൊക്കെ. ഇടക്കാലത്ത് NSSമായി ഐക്യമൂട്ടിയുറപ്പിച്ച SNDPക്ക് ഈ വകയിൽ പണി താക്കോൽ ദ്വാരത്തിലൂടെയെങ്ങാനും കിട്ടുമോ എന്ന പേടി ഇല്ലാതെയില്ല. ഐക്യത്തിന് ശേഷം കൊച്ചാട്ടൻ പറഞ്ഞതിനെയൊക്കെ മറ്റെ പുള്ളി നിർവ്യാജം പിന്താങ്ങിക്കൊണ്ടിരുന്നതാണ്. ഇതിപ്പൊ അങ്ങനെ കണ്ണുമടച്ച് താങ്ങാനും പറ്റില്ല. സൂമാരേണ്ണൻ പറഞ്ഞിരിക്കുന്നത് ഭൂരിപക്ഷ സമുദായത്തിന്റെ മാത്രം കാര്യമല്ലെ. അതിലെന്തോന്ന് SNDP.

ഗണേഷ്കുമാറിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം എന്ന പിള്ളയുടെ ആവശ്യത്തെ പുശ്ചിച്ച് തള്ളിയ കോങ്ക്രസിനിട്ട് പിള്ള കാണാമറയത്തിരുന്ന് കൊടുത്ത പണിയാണോ എന്ന് ചിലർക്കെങ്കിലും സന്ദേഹം കാണും. എന്തായിരുന്നാലും രമേശിനോട് ഈ കൊലച്ചതി വേണ്ടായിരുന്നു. എത്രകൊല്ലം കൊണ്ട് ഉണ്ടാക്കിയെടുത്ത മതേതര ലേബലാണ് ഒറ്റയടിക്ക് ഇടിവെട്ടി പണ്ടാരടങ്ങിപ്പോയത്. ഇനിയിതൊക്കെ അണികളെയും നാട്ടാരെയുമൊക്കെ പറഞ്ഞ് വിശ്വസിപ്പിക്കാൻ കാലമെത്രയെടുക്കും? കാലം കുറെ എടുത്താലും വേണ്ടില്ല, തെണ്ടി നാട്ടുകാരിതൊക്കെ ഇനി വിശ്വസിക്കണമെന്നെന്താണൊരുറപ്പ്?

തിരഞ്ഞെടുപ്പടുക്കുമ്പോൾ രാഷ്ട്രീയപാർടികൾ സമുദായ നേതാക്കളുമായുണ്ടാക്കുന്ന രഹസ്യ അജണ്ടകളിൽ ക്ഷമ കെട്ടപ്പോൾ ഒരു ചെറിയ സുഡാപ്പി സൂമാരൻ നായർ എടുത്ത് പൊട്ടിച്ചെന്നേ ഉള്ളു. അതിത്രേം പാരക്കുരു ഉണ്ടാക്കിയെങ്കിൽ ഇതിലുമൊക്കെ ഉഗ്രൻ പ്രകമ്പനമുണ്ടാക്കാൻ പറ്റിയ വേറെ എന്തോരം ഉടമ്പടികൾ ഇവൻമാരുണ്ടാക്കി വെച്ചിട്ടുണ്ടാകും? ഇതൊന്നുമറിയാതെ പൊട്ടൻ ഡാഷു കണ്ടപോലെ വീണ്ടും വീണ്ടും വോട്ട് കുത്തി ഇവൻമാരെ അധികാരത്തിലെത്തിക്കുന്ന പൊതുജനം അന്നും, ഇന്നും, എന്നും വെറും എരപ്പാളികൾ തന്നെ..

കൊച്ചാട്ടൻ വെല്ലുവിളിച്ചപോലെ നട്ടെല്ലുള്ള എത്ര കോങ്ക്രസ് നേതാക്കൻമാരുണ്ട് ഈ വിവാദത്തെ പരസ്യമായി ഖണ്ഡിക്കാൻ? ഒരുത്തനും ധൈര്യപ്പെടില്ല തന്നെ. അങ്ങുമിങ്ങും പോറലേൽക്കാതെ ഒന്ന് രണ്ട് പരസ്യ പ്രസ്താവനയും, ഫെയ്സ്ബുക്കിൽ ഒരു എമ്മല്ലേയുടെ സ്റ്റാറ്റസും, കുട്ടിക്കുരങ്ങൻമാരെക്കൊണ്ട് ഒരു കോലം കത്തിക്കലുമായാൽ ഇതിന്റെയൊക്കെ ഉള്ളുകള്ളികൾ സാധാരണക്കാരിൽ നിന്ന് ഒളിച്ച് വെക്കാമെന്ന് കോങ്ക്രസ് മൊയലാളിമാർ ധരിച്ച് വെച്ചിട്ടുണ്ടെങ്കിൽ പണി വീണ്ടും വരും .. ജാഗ്രതൈ..!


Monday, January 14, 2013

പ്ലീസ് ശവത്തിൽ കുത്തരുത് സർ..!! അഥവാ പവനായി വീണ്ടും ശവമായി..!!


ആത്മാർത്ഥത ഇല്ലാത്തവൻ, പത്ത് പത്തര മണിക്ക് വന്ന് പര പരാ മൂന്നര മണി ആകുമ്പോളേക്കും സ്ഥലം കാലിയാക്കുന്നവർ, ഒരാവാശ്യത്തിന് ചെന്നാൽ പാവപ്പെട്ടവനെ നക്കാപ്പിച്ചക്കാശിന് വേണ്ടി അങ്ങോട്ടുമിങ്ങോട്ടും കേറ്റിയിറക്കി നടത്തിക്കുന്നവർ, കണ്ണീച്ചോരയില്ലാത്തവർ.. സർകാരുദ്യോഗസ്ഥരെ പ്രാകിപ്രാകി നാട്ടുകാർ പൊറുതിമുട്ടി..

നന്ദികെട്ട പൊതു ജനമേ ഇക്കഴിഞ്ഞ ആറ് ദിനങ്ങൾ ഞങ്ങൾ ശമ്പളം പോലും വേണ്ടെന്ന് വച്ച് നടത്തിയ ഈ ജീവന്മരണ സമരമുണ്ടല്ലോ അത് ഞങ്ങൾക്ക് വേണ്ടീട്ടല്ല, നാളെ നിങ്ങളോ, നിങ്ങളുടെയൊക്കെ മക്കളോ സർക്കാര് ജോലിക്ക് കേറുമ്പോൾ ഈ സർക്കാര് ഞഞ്ഞാപിഞ്ഞാ പറയാതിരിക്കാനാണ് ഞങ്ങൾ ഈ പെടാപ്പാട് പെട്ടത്..  ഇപ്പക്കണ്ടില്ലേ ഞങ്ങളെക്കൊണ്ട് സർക്കാർ പറഞ്ഞത് സമ്മതിപ്പിച്ചത്.. ഹും ഞങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കും..!! {ഇനിയും ഞങ്ങക്കിട്ട് പാരവെക്കാനാണെങ്കിൽ നാളേം എന്തേലും ആവശ്യം പറഞ്ഞ് ആപ്പീസിലോട്ട് വാ.. അപ്പം കാണിച്ച് തരാം.. }

സ്വന്തം ജോലിപോലും തൃണവൽഗണിച്ച് ഭാവി തലമുറക്ക് വേണ്ടി വേവലാതിപ്പെട്ടവരാണ് ഒപ്പം ജോലി ചെയ്യുന്നവരെ വസ്ത്രാക്ഷേപം നടത്തിയതും, ചീമുട്ടയെറിഞ്ഞതും, ചാണകവെള്ള പ്രയോഗം നടത്തിയതും. ജോലിക്ക് വന്നവരെ തെറിയഭിഷേകം നടത്തിയും, ഓഫീസുകൾ താഴിട്ട് പൂട്ടിയും, സഹാധ്യാപകരെ മർദ്ദിച്ചും മാതൃക കാട്ടിയത്. ഈ അധ്യാപകരാണ് വീണ്ടും ഇന്ന് മുതൽ കുട്ടികളെ നല്ല നടപ്പിന്റെ പാഠങ്ങൾ പഠിപ്പിക്കാനുള്ളത്. ഈ സഹപ്രവർത്തകരാണ് അപ്പുറവും ഇപ്പുറവുമിരുന്ന് മുഖത്തോട് മുഖം നോക്കി ജോലി ചെയ്യാനുള്ളത്..

ശമ്പളത്തിനും കിമ്പളത്തിനും പുറമേ നിങ്ങളുടെ മാത്രം സ്വകാര്യ ലാഭമായിരുന്ന പെൻഷനിൽ ചില നീക്ക്പൊക്കുകൾ ഉണ്ടാകുമെന്നായപ്പോൾ ഉണ്ടായ ഈ ഉൾവിളിയെന്തേ, സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചപ്പോൾ, പാചക വാതകത്തിനും ഡീസലിനും വില കൂടിയപ്പോൾ, ബസ് കൂലി കൂട്ടി സാധാരണക്കാരന്റെ നടുവൊടിച്ചപ്പോൾ നിങൾക്കൊന്നുമുണ്ടായില്ല. പാർടിക്കാർ ആഹ്വാനം ചെയ്ത ഒരു ഹർത്താലും, പിന്നെ കുറെ മുദ്രാവാക്യങ്ങളും മുഴക്കിയതോടെ നിങ്ങളുടെ ആവേശം ആവിയായിപ്പോയോ..? അപ്പോഴൊക്കെ നിങ്ങൾ ആർക്കൊപ്പമായിരുന്നു..??

വരും തലമുറക്ക് വേണ്ടി ഇത്രയും ശുഷ്കാന്തി കാണിച്ച നിങ്ങൾ, സർക്കാർ സ്കൂളുകളിൽ പോയി പഠിക്കുന്ന സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസാവകാശം തടഞ്ഞതല്ലാതെ പുതിയതായി എന്ത് നേടി ഈ ആറ് ദിവസത്തെ സമരം കൊണ്ട്?? നിങ്ങളിപ്പോൾ നേടി എന്ന് വീമ്പിളക്കുന്നതൊക്കെ തന്നെയല്ലെ മുഖ്യനും സർക്കാരും ആദ്യം മുതലേ പറഞ്ഞുകൊണ്ടിരുന്നത്..?


കല്ലേറ്:

അവസാനകാലത്ത് കിട്ടുന്ന പെൻഷൻ എന്ന ആകർഷണവും, പിന്നെ ജോലി ചെയ്തില്ലെങ്കിലും ഓഫീസിൽ ഹാജർ വച്ചാൽ ശമ്പളം ഇങ്ങ് പോരും എന്ന അതിരുവിട്ട വിശാസവും ഉള്ളത്കൊണ്ട് മാത്രമാണ് ഭൂരിപക്ഷം പേരും സർക്കാർ ജോലിക്ക് ശ്രമിക്കുന്നത്. അല്ലാതെ നാട്ടുകാരെ സേവിക്കാൻ മുട്ടി നിന്നിട്ടാണെന്ന് അവർക്കു തന്നെ അഭിപ്രായം ഉണ്ടാകില്ല. ജോലികിട്ടി കുറച്ച് കഴിഞ്ഞാൽ ലീവ് സംഘടിപ്പിച്ച് വിദേശത്ത് പോയി പത്ത് പുത്തനുണ്ടാക്കാൻ നോക്കുന്നവരും കുറവല്ല. {തിരുട്ട് പണികളൊന്നുമില്ലാതെ ആത്മാർഥ ജനസേവനം നടത്തുന്ന കിമ്പളമൊന്നും സമ്പാദിക്കാത്ത തുശ്ചം ജീവനക്കാർക്ക് അത് അനുഗ്രഹം തന്നെ എന്ന് വിസ്മരിക്കുന്നില്ല; പങ്കാളിത്ത പെൻഷനിലും മിനിമം പെൻഷൻ ഉറപ്പാക്കുന്നു എന്നാണ് ചർച്ചകളിൽ സർക്കാർ വ്യക്തമാക്കിയത്.}