"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Tuesday, March 29, 2011

ആരോപണങ്ങൾക്ക് മേലെ ഹെലികോപ്ടറും പറക്കില്ല..!!



രണ്ട് മൂന്ന് ദിവസങ്ങളായി രാഷ്ട്രീയ കേരളത്തിന്റെ ആകാശത്തിൽ ഒരു ഹെലികോപ്ട‍ർ ചീറിപ്പാറി പറക്കുന്നു. അതിന്റെ ഇരമ്പൽ മറ്റ് ചിലരുടെ ഉറക്കം കെടുത്തുന്നു.
കേരളത്തിലെ ഒരു നേതാവ് കേരളത്തിനുള്ളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‌ ഹെലികോപ്ട‍ർ ഉപയോഗിക്കുന്നത് നിലവിലുള്ള സാഹചര്യങ്ങളിൽ അനിവാര്യമാണോ? ഇതിനുള്ള പണം പാർടി ഏത് ചിലവിൽ  വകയിരുത്തും?
രണ്ട് രൂപ അരി സമരത്തിന്‌ തൽകാലം അവധി കൊടുത്തിട്ട് ഹെലികോപ്ടറിന്റെ പിന്നാലെയാണ്‌ പ്രമുഖ ഭരണ പക്ഷ നേതാക്കളെല്ലാം.
ഇവർക്ക് ജനഹിത അജൻ‍ഡകളേക്കാൽ പ്രാധാന്യം രാഷ്ട്രീയ മുതലെടുപ്പുകൾക്ക് തന്നെ.
രാഷ്ട്രീയ ചർച്ചകൾക്ക് ശേഷം പ്രതികരണം അനുകൂലമല്ലെങ്കിൽ മാധ്യമ പ്രവർത്തകരെ വളഞ്ഞിട്ട് തല്ലുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണോ ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരുടെ പ്രവർത്തന രീതി?
ആരാണ്‌ ശെരി? ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ അല്ലെ ഇരു പക്ഷവും? അധികാരത്തിന്റെ മധുരം ആർക്കാണ്‌ കയ്ക്കുന്നത്?

ഇലക്ഷൻ അടുത്തതിന്റെ പൂരം ജനങ്ങളും ആസ്വദിക്കട്ടെ..

Wednesday, March 23, 2011

ഈ അച്‍ഛന്‍ ആരോടാണ്‌ തെറ്റ് ചെയ്തത്..??

                                    അച്‍ഛനും മകളും.

കൗമാര പ്രായത്തിലുള്ള പെണ്മക്കളുടെ മനസ്സിലെ ഏറ്റവും വലിയ സുരക്ഷിതത്വ കേന്ദ്രവും സുരക്ഷിതത്വ ബോധവും അവരുടെ പിതാക്കന്‍മാര്‍ തന്നെയാണ്‌.


സ്വന്തം മകളെ കോളേജില്‍ വിടാന്‍ മകളോടൊപ്പം പോയ പിതാവിനെ ചെങ്ങന്നൂരില്‍ ഒരു ചെറുപ്പക്കാരന്‍ കൊലക്കത്തിക്കിരയാക്കിയിരിക്കുന്നു. കുത്തു കൊണ്ട മകള്‍ ആശുപത്രി കിടക്കയില്‍..

ഈ അച്‍ഛന്‍ ആരോട് എന്ത് തെറ്റാണ്‌ ചെയ്തത്.
ഒരു പെണ്‍കുഞ്ഞിന്‌ ജന്മം കൊടുത്ത് പ്രതീക്ഷകളോടെ വളര്‍ത്തിയതാണോ തെറ്റ്?

തന്‍റെ ഗര്‍ഭ പാത്രത്തില്‍ വളരുന്നത് പെണ്‍കുഞ്ഞാണെന്നറിയുമ്പോള്‍ ഒരമ്മക്കുണ്ടാകുന്ന ഭയാശങ്കകള്‍ക്ക് എന്താണറുതി..??

താന്‍ ജന്മം നല്‍കിയത് ഒരു പെണ്‍ കുഞ്ഞിനാണെന്നറിയുമ്പോള്‍ ഒരച്‍ഛന്‍റെ ആത്മ വീര്യം തകര്‍ന്നു പോയാല്‍ അതിനാരാണുത്തരവാദി..??

ഝാന്‍സി റാണിമാര്‍ ജനിച്ച് വളര്‍ന്ന നാട്ടില്‍ പെണ്‍ ഭ്രൂണഹത്യയെക്കുറിച്ച് മാതാപിതാക്കള്‍ ചിന്തിച്ച് പോകാതിരിക്കട്ടെ..

Monday, March 21, 2011

ദാസാ.. കടലുണ്ടിയിലുണ്ടോ ഉണ്ടി..??



രാവിലെ ശിവദാസമേനോൻ മലമ്പുഴയിൽ വിയെസിന്റെ തിരഞ്ഞെടുപ്പ് കൺ‍വെൻഷനിൽ ഘോരഘോരം കണ്ഠഭേദ്യം ചെയ്യുന്നത് കേട്ടു..

ഒരിക്കൽ തേക്കിൻ‍കാട് മൈതാത്ത് എന്റെ പ്രസംഗം ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോഴോ.. അവിടെ തേക്കുമില്ല.. കാടുമില്ല.. എന്നിട്ടും മൈതാനത്തിന്‌ പേര്‌ തേക്കിൻ കാട് മൈതാനം. അതു പോലെയാണ്‌ മറ്റെ പാർട്ടിയുടെ പേര്‌ ഐക്യ ജനാധിപത്യ മുന്നണി.. അതിൽ ഐക്യവുമില്ല.. ജനാധിപത്യവുമില്ല.. എന്നിട്ടും പേര്‌ ഐക്യ ജനാധിപത്യ മുന്നണി.

ഇക്കണക്കിന്‌ ഇദ്ദേഹം കോട്ടയത്തെങ്ങാനും പോയാൽ അവിടെ കോട്ടയും കടലൂണ്ടിയിൽ പോയി കടലും പിന്നെ ഒരിക്കലും ഉണ്ടാകാൻ വഴിയില്ലാത്ത ഉണ്ടിയും അന്വഷിച്ച് വലഞ്ഞുപോകുമല്ലോ..??

ഇത്തരം ഉത്തരവാദപ്പെട്ട പാർട്ടിയുടെ മുതിർന്ന നേതാക്കൻ‍മാർ മിമിക്രിക്കാർ പോലും കൈ വിട്ട ഇതുപോലുള്ള തരം താണതും ബാലിശവുമായ രീതിയിലാണോ ജനങ്ങളോട് സാഹചര്യങ്ങൾ വിവരിക്കേണ്ടത്‌.

കൈപ്പിടി: ശിവദാസമേനോൻ എന്ന അദ്ദേഹം ശിവനാണോ? അതൊ ദാസനാണോ? എന്നിട്ടും അദ്ദേഹത്തിന്റെ പേര്‌ ശിവദാസൻ..

Wednesday, March 16, 2011

അച്ചുതാനന്ദന്‌ സീറ്റില്ല..അരം + അരം = കിന്നരം..!!



അചുതാനന്ദനെ മുന്‍പില്‍ നിര്‍ത്തി വീണ്ടും ഒരു മല്‍സരത്തിനിറങ്ങിയാല്‍, അടുത്ത 5 വര്‍ഷത്തേക്ക് തുടര്‍ന്നും ഭരണം കിട്ടുമെന്നും അങ്ങിനെ കടിഞ്ഞാണ്‍ അചുതാനന്ദന്റെ കൈപ്പിടിയില്‍ ആവുമെന്നും ലാവ്‍ലിന്‍ ഉള്‍പ്പടെ ഉള്‍പ്പാര്‍ട്ടി പീഡനം നടത്തി കൂട്ടത്തിലുള്ള പല വമ്പന്മാരോടും എണ്ണിയെണ്ണി പകരം വീട്ടുമെന്നുമുള്ള പേടിയാണോ സീറ്റ് കൊടുക്കാതെ അദ്ദേഹത്തിനെ ഒഴിവാക്കാന്‍ കാരണം..

മറിച്ച് ചരട് കൊടിയേരിയെ ഏല്പ്പിച്ച് ഗോദയിലിറങ്ങി അധികാരം UDF ന്റെ കൈയ്യില്‍ ഏല്പ്പിച്ചു കൊടുത്താല്‍ ലാവ്‌ലിന്‍ കേസ് ഒത്തുതീര്‍പ്പാക്കിക്കിട്ടുന്നതിന്‌ പകരമായി ഇപ്പോള്‍ കുടം പൊട്ടി ഒഴുകി തുടങ്ങിയ പാമോയില്‍ കേസ് വീണ്ടും കുടത്തിലാക്കി ആണി അടിച്ച് തരാമെന്നും ഉള്ള ഒത്തു തീര്‍പ്പ് ഫോര്‍മുലയല്ലെ ഈ പിന്നാമ്പുറക്കളികളുടെ ഗുട്ടന്‍സ്..

രാഷ്ട്രീയ സമ വാക്യങള്‍ക്ക് പൈതഗോറസ് തിയറി ബാധകമല്ല.. അരം + അരം കിന്നരം..
തന്ത്രമറിയാത്ത പാവം അണികള്‍..

വാല്‍കഷ്ണം: രാഷ്ട്രീയത്തില്‍ ആരും അനിവാര്യരല്ല.

Tuesday, March 8, 2011

ദയാ വധം.. സുപ്രീം കോടതി വിധി അഭിനന്ദനീയം..!!




37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൃഗീയമായ വെറിയുടെ ഇരയായി അര്‍ദ്ധ മരണം സംഭവിച്ച് യന്ത്ര സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തുന്ന അരുണ എന്ന സഹജീവിക്ക് ദയാവധം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ആദരണീയവും മനുഷ്യത്വത്തോടും ധാര്‍മികതയോടുമുള്ള സാധൂകരണവുമാണ്‌.

അഥവാ ദയാവധത്തിനെ അനുകൂലിച്ചുകൊണ്ട് വിധിയെങ്ങാനും മറിച്ചായിരുന്നെങ്കില്‍ കേരളത്തിലുള്‍പ്പെടെ, സ്വന്തം മക്കളാല്‍ ത്യജിക്കപ്പെട്ട നൂറ്‍ കണക്കിന്‌ വൃദ്ധരും അശരണരുമായ മാതാപിതാക്കള്‍ സ്വന്തം മക്കളുടെ കൈ കൊണ്ട് തന്നെ സ്വത്തിന്‌ വേണ്ടിയും ശല്യം ഒഴിവാക്കപ്പെടാന്‍ വേണ്ടിയും ദയാവധത്തിന്‍റെ പേരില്‍ മൃഗീയമായി വധിക്കപ്പെട്ടേനെ.

എന്തായാലും അതൊഴിവായല്ലൊ..!!