"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Wednesday, January 30, 2013

അയ്യേ.. ഞാനാ താക്കോൽ ദ്വാര ടൈപ്പൊന്നുമല്ല..!!



 (ചിത്രം കടപ്പാട്: വീക്ഷണം)

കൊച്ചാട്ടൻ വെറുതെയൊന്ന് മൂപ്പിക്കുകയേയുള്ളൂ എന്നേ പാവം ചെന്നിത്തല നായരും കരുതിയിട്ടുണ്ടാകുള്ളു.. പക്ഷേ ഇതിപ്പം ഒരുമാതിരി മറ്റേടത്തെ പണിയായിപ്പോയല്ലോ കൊച്ചാട്ടാ..

താക്കോൽ കണ്ട് പിടിച്ച സായിപ്പിനെ സമ്മതിക്കണം. ആ താക്കോലും ഉമ്മഞ്ചാണ്ടി മന്ത്രി സഭയും തമ്മിലുള്ള അഭേദ്യ ബന്ധം പുറത്ത് കൊണ്ട് വന്ന സൂമാരൻ നായരെ രണ്ട് വട്ടം സമ്മതിക്കണം.

ഉപ്പിലിടാൻ വെച്ചിരുന്ന ഏതാണ്ട് സാധനം തേങ്ങയിടാൻ വന്ന ഹിന്ദികാരൻ അടിച്ചോണ്ട് പോയീന്ന് പറഞ്ഞപോലെ കാര്യങ്ങൾ മൊത്തത്തിൽ കൈവിട്ട് പോയ അവ്സ്ഥയിലാണ് NSSഉം ചെന്നിത്തലയും, മുഖ്യമന്ത്രിയുമൊക്കെ. ഇടക്കാലത്ത് NSSമായി ഐക്യമൂട്ടിയുറപ്പിച്ച SNDPക്ക് ഈ വകയിൽ പണി താക്കോൽ ദ്വാരത്തിലൂടെയെങ്ങാനും കിട്ടുമോ എന്ന പേടി ഇല്ലാതെയില്ല. ഐക്യത്തിന് ശേഷം കൊച്ചാട്ടൻ പറഞ്ഞതിനെയൊക്കെ മറ്റെ പുള്ളി നിർവ്യാജം പിന്താങ്ങിക്കൊണ്ടിരുന്നതാണ്. ഇതിപ്പൊ അങ്ങനെ കണ്ണുമടച്ച് താങ്ങാനും പറ്റില്ല. സൂമാരേണ്ണൻ പറഞ്ഞിരിക്കുന്നത് ഭൂരിപക്ഷ സമുദായത്തിന്റെ മാത്രം കാര്യമല്ലെ. അതിലെന്തോന്ന് SNDP.

ഗണേഷ്കുമാറിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം എന്ന പിള്ളയുടെ ആവശ്യത്തെ പുശ്ചിച്ച് തള്ളിയ കോങ്ക്രസിനിട്ട് പിള്ള കാണാമറയത്തിരുന്ന് കൊടുത്ത പണിയാണോ എന്ന് ചിലർക്കെങ്കിലും സന്ദേഹം കാണും. എന്തായിരുന്നാലും രമേശിനോട് ഈ കൊലച്ചതി വേണ്ടായിരുന്നു. എത്രകൊല്ലം കൊണ്ട് ഉണ്ടാക്കിയെടുത്ത മതേതര ലേബലാണ് ഒറ്റയടിക്ക് ഇടിവെട്ടി പണ്ടാരടങ്ങിപ്പോയത്. ഇനിയിതൊക്കെ അണികളെയും നാട്ടാരെയുമൊക്കെ പറഞ്ഞ് വിശ്വസിപ്പിക്കാൻ കാലമെത്രയെടുക്കും? കാലം കുറെ എടുത്താലും വേണ്ടില്ല, തെണ്ടി നാട്ടുകാരിതൊക്കെ ഇനി വിശ്വസിക്കണമെന്നെന്താണൊരുറപ്പ്?

തിരഞ്ഞെടുപ്പടുക്കുമ്പോൾ രാഷ്ട്രീയപാർടികൾ സമുദായ നേതാക്കളുമായുണ്ടാക്കുന്ന രഹസ്യ അജണ്ടകളിൽ ക്ഷമ കെട്ടപ്പോൾ ഒരു ചെറിയ സുഡാപ്പി സൂമാരൻ നായർ എടുത്ത് പൊട്ടിച്ചെന്നേ ഉള്ളു. അതിത്രേം പാരക്കുരു ഉണ്ടാക്കിയെങ്കിൽ ഇതിലുമൊക്കെ ഉഗ്രൻ പ്രകമ്പനമുണ്ടാക്കാൻ പറ്റിയ വേറെ എന്തോരം ഉടമ്പടികൾ ഇവൻമാരുണ്ടാക്കി വെച്ചിട്ടുണ്ടാകും? ഇതൊന്നുമറിയാതെ പൊട്ടൻ ഡാഷു കണ്ടപോലെ വീണ്ടും വീണ്ടും വോട്ട് കുത്തി ഇവൻമാരെ അധികാരത്തിലെത്തിക്കുന്ന പൊതുജനം അന്നും, ഇന്നും, എന്നും വെറും എരപ്പാളികൾ തന്നെ..

കൊച്ചാട്ടൻ വെല്ലുവിളിച്ചപോലെ നട്ടെല്ലുള്ള എത്ര കോങ്ക്രസ് നേതാക്കൻമാരുണ്ട് ഈ വിവാദത്തെ പരസ്യമായി ഖണ്ഡിക്കാൻ? ഒരുത്തനും ധൈര്യപ്പെടില്ല തന്നെ. അങ്ങുമിങ്ങും പോറലേൽക്കാതെ ഒന്ന് രണ്ട് പരസ്യ പ്രസ്താവനയും, ഫെയ്സ്ബുക്കിൽ ഒരു എമ്മല്ലേയുടെ സ്റ്റാറ്റസും, കുട്ടിക്കുരങ്ങൻമാരെക്കൊണ്ട് ഒരു കോലം കത്തിക്കലുമായാൽ ഇതിന്റെയൊക്കെ ഉള്ളുകള്ളികൾ സാധാരണക്കാരിൽ നിന്ന് ഒളിച്ച് വെക്കാമെന്ന് കോങ്ക്രസ് മൊയലാളിമാർ ധരിച്ച് വെച്ചിട്ടുണ്ടെങ്കിൽ പണി വീണ്ടും വരും .. ജാഗ്രതൈ..!


Monday, January 14, 2013

പ്ലീസ് ശവത്തിൽ കുത്തരുത് സർ..!! അഥവാ പവനായി വീണ്ടും ശവമായി..!!


ആത്മാർത്ഥത ഇല്ലാത്തവൻ, പത്ത് പത്തര മണിക്ക് വന്ന് പര പരാ മൂന്നര മണി ആകുമ്പോളേക്കും സ്ഥലം കാലിയാക്കുന്നവർ, ഒരാവാശ്യത്തിന് ചെന്നാൽ പാവപ്പെട്ടവനെ നക്കാപ്പിച്ചക്കാശിന് വേണ്ടി അങ്ങോട്ടുമിങ്ങോട്ടും കേറ്റിയിറക്കി നടത്തിക്കുന്നവർ, കണ്ണീച്ചോരയില്ലാത്തവർ.. സർകാരുദ്യോഗസ്ഥരെ പ്രാകിപ്രാകി നാട്ടുകാർ പൊറുതിമുട്ടി..

നന്ദികെട്ട പൊതു ജനമേ ഇക്കഴിഞ്ഞ ആറ് ദിനങ്ങൾ ഞങ്ങൾ ശമ്പളം പോലും വേണ്ടെന്ന് വച്ച് നടത്തിയ ഈ ജീവന്മരണ സമരമുണ്ടല്ലോ അത് ഞങ്ങൾക്ക് വേണ്ടീട്ടല്ല, നാളെ നിങ്ങളോ, നിങ്ങളുടെയൊക്കെ മക്കളോ സർക്കാര് ജോലിക്ക് കേറുമ്പോൾ ഈ സർക്കാര് ഞഞ്ഞാപിഞ്ഞാ പറയാതിരിക്കാനാണ് ഞങ്ങൾ ഈ പെടാപ്പാട് പെട്ടത്..  ഇപ്പക്കണ്ടില്ലേ ഞങ്ങളെക്കൊണ്ട് സർക്കാർ പറഞ്ഞത് സമ്മതിപ്പിച്ചത്.. ഹും ഞങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കും..!! {ഇനിയും ഞങ്ങക്കിട്ട് പാരവെക്കാനാണെങ്കിൽ നാളേം എന്തേലും ആവശ്യം പറഞ്ഞ് ആപ്പീസിലോട്ട് വാ.. അപ്പം കാണിച്ച് തരാം.. }

സ്വന്തം ജോലിപോലും തൃണവൽഗണിച്ച് ഭാവി തലമുറക്ക് വേണ്ടി വേവലാതിപ്പെട്ടവരാണ് ഒപ്പം ജോലി ചെയ്യുന്നവരെ വസ്ത്രാക്ഷേപം നടത്തിയതും, ചീമുട്ടയെറിഞ്ഞതും, ചാണകവെള്ള പ്രയോഗം നടത്തിയതും. ജോലിക്ക് വന്നവരെ തെറിയഭിഷേകം നടത്തിയും, ഓഫീസുകൾ താഴിട്ട് പൂട്ടിയും, സഹാധ്യാപകരെ മർദ്ദിച്ചും മാതൃക കാട്ടിയത്. ഈ അധ്യാപകരാണ് വീണ്ടും ഇന്ന് മുതൽ കുട്ടികളെ നല്ല നടപ്പിന്റെ പാഠങ്ങൾ പഠിപ്പിക്കാനുള്ളത്. ഈ സഹപ്രവർത്തകരാണ് അപ്പുറവും ഇപ്പുറവുമിരുന്ന് മുഖത്തോട് മുഖം നോക്കി ജോലി ചെയ്യാനുള്ളത്..

ശമ്പളത്തിനും കിമ്പളത്തിനും പുറമേ നിങ്ങളുടെ മാത്രം സ്വകാര്യ ലാഭമായിരുന്ന പെൻഷനിൽ ചില നീക്ക്പൊക്കുകൾ ഉണ്ടാകുമെന്നായപ്പോൾ ഉണ്ടായ ഈ ഉൾവിളിയെന്തേ, സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചപ്പോൾ, പാചക വാതകത്തിനും ഡീസലിനും വില കൂടിയപ്പോൾ, ബസ് കൂലി കൂട്ടി സാധാരണക്കാരന്റെ നടുവൊടിച്ചപ്പോൾ നിങൾക്കൊന്നുമുണ്ടായില്ല. പാർടിക്കാർ ആഹ്വാനം ചെയ്ത ഒരു ഹർത്താലും, പിന്നെ കുറെ മുദ്രാവാക്യങ്ങളും മുഴക്കിയതോടെ നിങ്ങളുടെ ആവേശം ആവിയായിപ്പോയോ..? അപ്പോഴൊക്കെ നിങ്ങൾ ആർക്കൊപ്പമായിരുന്നു..??

വരും തലമുറക്ക് വേണ്ടി ഇത്രയും ശുഷ്കാന്തി കാണിച്ച നിങ്ങൾ, സർക്കാർ സ്കൂളുകളിൽ പോയി പഠിക്കുന്ന സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസാവകാശം തടഞ്ഞതല്ലാതെ പുതിയതായി എന്ത് നേടി ഈ ആറ് ദിവസത്തെ സമരം കൊണ്ട്?? നിങ്ങളിപ്പോൾ നേടി എന്ന് വീമ്പിളക്കുന്നതൊക്കെ തന്നെയല്ലെ മുഖ്യനും സർക്കാരും ആദ്യം മുതലേ പറഞ്ഞുകൊണ്ടിരുന്നത്..?


കല്ലേറ്:

അവസാനകാലത്ത് കിട്ടുന്ന പെൻഷൻ എന്ന ആകർഷണവും, പിന്നെ ജോലി ചെയ്തില്ലെങ്കിലും ഓഫീസിൽ ഹാജർ വച്ചാൽ ശമ്പളം ഇങ്ങ് പോരും എന്ന അതിരുവിട്ട വിശാസവും ഉള്ളത്കൊണ്ട് മാത്രമാണ് ഭൂരിപക്ഷം പേരും സർക്കാർ ജോലിക്ക് ശ്രമിക്കുന്നത്. അല്ലാതെ നാട്ടുകാരെ സേവിക്കാൻ മുട്ടി നിന്നിട്ടാണെന്ന് അവർക്കു തന്നെ അഭിപ്രായം ഉണ്ടാകില്ല. ജോലികിട്ടി കുറച്ച് കഴിഞ്ഞാൽ ലീവ് സംഘടിപ്പിച്ച് വിദേശത്ത് പോയി പത്ത് പുത്തനുണ്ടാക്കാൻ നോക്കുന്നവരും കുറവല്ല. {തിരുട്ട് പണികളൊന്നുമില്ലാതെ ആത്മാർഥ ജനസേവനം നടത്തുന്ന കിമ്പളമൊന്നും സമ്പാദിക്കാത്ത തുശ്ചം ജീവനക്കാർക്ക് അത് അനുഗ്രഹം തന്നെ എന്ന് വിസ്മരിക്കുന്നില്ല; പങ്കാളിത്ത പെൻഷനിലും മിനിമം പെൻഷൻ ഉറപ്പാക്കുന്നു എന്നാണ് ചർച്ചകളിൽ സർക്കാർ വ്യക്തമാക്കിയത്.}