"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Tuesday, May 22, 2012

മത്തായിച്ചാ മുണ്ട്..മുണ്ട്..!! നീ മുണ്ട്..എനിക്ക് വലിയ പരിചയമൊന്നുമില്ല.. ഞാൻ മുണ്ടില്ല..!!
ഒടുവിൽ സംസ്കാരിക നായകൻമാർ വായ തുറന്നിരിക്കുന്നു.. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ടി.പി യുടെ കൊലപാതകം നടന്ന് മാസമൊന്നാകാറായപ്പോൾ.. ഇവരൊക്കെ എവിടെയായിരുന്നു ഇതു വരെ..??

മലയാളത്തിന്റെ മഹാകവി ഓ.എൻ.വി "പ്രതികരിക്കുന്നില്ല" എന്ന് പ്രതികരിച്ചിരിക്കുന്നു..

ടി.പത്മനാഭൻ പറയുന്നത് "എഴുത്ത്കാരൻ പ്രതികരണ തൊഴിലാളി" അല്ല പോലും.. എന്തിനും ഏതിനും എഴുത്ത്കാരൻ പ്രതികരിക്കണം എന്ന് പറയുന്നത് ശെരിയല്ല എന്നാണ് വെളിപാട്..

ജനകീയ നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന് ഈ വിഷയത്തിൽ ഒന്നും പറയാനില്ല പൊലും..

ബാക്കിയുള്ളവരും നാട്ടുകാരുടെ ചോദ്യം കേട്ട് കേട്ട് സഹിക്കാൻ വയ്യാതെ ഇപ്പോൾ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു.. വെറും ബോധ്യപ്പെടുത്തൽ മാത്രം..!!

സാമൂഹിക അനീതിക്കും അക്രമങ്ങൾക്കുമെതിരെ എഴുതിയെഴുതി വായനക്കാരെ പ്രബുദ്ധരാക്കിക്കൊണ്ടിരുന്ന മഹാൻമാരായ ഈ എഴുത്ത്കാർക്ക് ഈ കൊലപാതകത്തിനെതിരെ പ്രതികരിക്കാൻ ബുദ്ധിമുട്ടായിരിക്കുന്നു.. പൗരുഷം മറ്റെന്തിനൊക്കെയോ അടിയറവ് വച്ചിരിക്കുന്നുവോ..?? ഇത്തരം സന്ദർഭങ്ങളിൽ സുകുമാർ അഴീക്കോട് മാഷിന്റെ നഷ്ടം സാംസ്കാരിക കേരളം തിരിച്ചറിയുന്നു..

സമൂഹത്തിന്റെ ഗതിവിഗതികളിലൂടെ പറഞ്ഞും പ്രതികരിച്ചും നടന്ന്പോകേണ്ടവനാണ് യഥാർത്ഥ എഴുത്ത്കാരൻ. സാമൂഹിക പ്രതിബദ്ധതയില്ലാത്തവൻ എഴുത്ത്കാരനല്ല, വിറ്റ്പോകുന്ന പുസ്തകങ്ങളുടെ റോയൽറ്റി എന്ന പഴച്ചാറിന് വേണ്ടി ആർത്തിപൂണ്ടിരിക്കുന്ന വെറും കച്ചവടക്കാരൻ മാത്രമാണ്.. കച്ചവടക്കണ്ണിൽ ഒരിക്കലും മനുഷ്യത്വം ഉണ്ടാകില്ല..

മുഖമാകെ അമ്പതിൽ പരം വെട്ടും കുത്തും കൊണ്ട് വികൃതമാക്കപ്പെട്ട പൈശാചികമായ ഈ കൊലപാതകത്തിനെതിരെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ എഴുത്ത്കാർക്ക് മനുഷ്യത്വത്തിന്റെ പേരിലെങ്കിലും ഒന്നു പ്രതികരിക്കാൻ കഴിയുന്നില്ലെങ്കിൽ.. ഹേ നിർലജ്ജ പൗരുഷമേ...കേരളം ലജ്ജിക്കുന്നൂ..!!


പുറം ചൊറിയൽ:
മോഹൻലാലിനെ ലാലേട്ടനാക്കിയ കേരളത്തിൽ ജീവിക്കുവാൻ അദ്ദേഹത്തിനിപ്പോൾ പേടിയാണ് പോലും...പുള്ളിക്ക് ദുഫായിൽ സ്വന്തം ഫ്ലാറ്റും വില്ലയുമൊക്കെ ഉള്ളത്കൊണ്ട് ഒരു കുഴപ്പവുമില്ല.. പാവം നുമ്മ പുവർ മല്ലൂസ് എന്ത് ചെയ്യും.. എന്റെ ശിബനേ..!!  Saturday, May 19, 2012

ബലാൽസംഗം ചെയ്യുവാൻ തീരുമാനിച്ചിറങ്ങിയവൻ ബ്രേസിയറിന്റെ അളവു ചോദിക്കുന്നതെന്തിന്??


എല്ലാർക്കും സുന്ദരിമാരും സുന്ദരൻമാരും ആകണമെന്ന അതിമോഹത്തെ സിനിമാ നടിമാരും നടൻമാരും കൈയ് നിറയെ കാശും വാങ്ങി ധാത്രിക്കും, ഇന്ദുലേഖക്കും, ശ്രീധരീയത്തിനും ഒക്കെ വേണ്ടി ആളെക്കൂട്ടിക്കൊടുത്തിട്ടിപ്പോ എന്തായി..?? ((കള്ളക്കമ്പനികളുടെ പരസ്യത്തിലൂടെ ആളുകളെ പറ്റിച്ച കാവ്യാമാധവൻ, സംവൃതാ സുനിൽ, സംയുക്താവർമ, നവ്യാനായർ, അനൂപ് മേനൊൻ എല്ലാരും നാട്ടുകാരോട് മറുപടി പറയണം))

കഷണ്ടിയുണ്ടോ?? കുടവയറുണ്ടോ?? നിങ്ങൾക്ക് ഭർത്താവിനെ സംശയമുണ്ടോ?? ഭാര്യക്ക് രഹസ്യക്കാരനുണ്ടോ?? നിങ്ങൾക്കെന്തുണ്ടോ അതിനൊക്കെ ശാശ്വത പരിഹാരമല്ലെ ഇവർ വാഗ്ദാനം ചെയ്തത്. ഉള്ളതിനെ ഇല്ലാതാക്കി തരും, ഇല്ലാത്തതിനെ ഉണ്ടാക്കി തരും. എന്തിനേറേ വീട്ടിനുള്ളിൽ അല്പസ്വല്പം മനസമാധാനമുണ്ടെങ്കിൽ അതുവരെ ഇല്ലാണ്ടാക്കി തരാൻ ആയുർവേദ ഒറ്റമൂലി റെഡി..!!

കോടിക്കണക്കിന് പരസ്യ വരുമാനമുള്ളത് കൊണ്ട് ഇയ്യിടെ നടന്ന തട്ടിപ്പ് വാർത്തകളും റെയിഡ് വാർത്തകളും മുഖ്യധാരാ വാർത്താമാധ്യമങ്ങൾ കണ്ണ്മടച്ച് വിഴുങ്ങി..ബലാൽസംഗം ചെയ്യുവാൻ തീരുമാനിച്ചിറങ്ങിയവൻ ബ്രേസിയറിന്റെ അളവു ചോദിക്കുന്നതെന്തിന്?? പണം തരുന്നവന്റെ ആസനം വരെ നക്കിക്കൊടുക്കുന്ന പുത്തൻ മാധ്യമ സംസ്കാരം..!!

ആട്, തേക്ക്, മാഞ്ചിയം, റ്റോട്ടൽ 4 യു, ലിസ്, ലോട്ടറി, ആപ്പിൾ.. എത്രയെത്ര ഇക്കിളിപ്പെടുത്തുന്ന വാഗ്ദാനങ്ങൾ നമ്മെ കോരിത്തരിപ്പിച്ചു.. എന്നിട്ടും നമ്മൾ പഠിച്ചില്ല.. ഇനി പഠിക്കുകയുമില്ല..തട്ടിപ്പുകാർക്കിത് നന്നായിട്ടറിയുകേം ചെയ്യാം..!!

നാളെ ബഹിരാകാശത്ത് പത്ത് സെന്റ് ആകാശം ബുക്ക് ചെയ്ത് അഡ്വാൻസ് കൊടുക്കാൻ പരസ്യം കണ്ടാൽ അവിടെയും നമ്മൾ കൊണ്ട് പോയി തലവച്ച് കൊടുക്കും.. അതാണ് നമ്മൾ..മലയാളീസ്..!!


പുറംചൊറിയൽ:
ഇപ്പോൾ ഡയബറ്റിക് രോഗികളുടെ എണ്ണം കൂടി വരുന്നത് കണ്ട് ഹാലിളകിയ ആയുർവേദ കമ്പനിക്കാർ അവരുടെ പുറകെ കൂടിയിരിക്കുകയാണ്.. മധുരാമൃതം, ഡയബറ്റീ എന്ന് വേണ്ട എന്തൊക്കെ ആണ് ഇപ്പോൾ ഇവരുടെ വക  ഐറ്റംസ് വിപണിയിൽ കിട്ടുന്നത്..!!


Thursday, May 10, 2012

അർത്ഥം കണ്ട് പിടിച്ച് വാക്യത്തിൽ പ്രയോഗിക്കുക..


ഗുണ്ടർട്ട് സായ്പ് കാലം ചെയ്തതിന് ശേഷം മലയാള ഭാഷക്ക് അങ്ങിനെ ഇങ്ങിനെയൊന്നും പറയത്തക്കതായ ഒരു എഴുമ്പേറ്റം ഇല്ലാണ്ടിരിക്കുകയായിരുന്നു..

പുതിയ തലമുറ മംഗ്ലീഷിൽ "മലയാലം" പറഞ്ഞ് ഭാഷയെ എന്തരോ ചെയ്യുമ്പോൾ മണ്മറഞ്ഞ് പൊയ്കൊണ്ടിരിക്കുന്ന മലയാള ഭാഷക്ക് നമ്മുടെ ചില രാഷ്ട്രീയ നേതാക്കൾ അടുത്തകാലത്തായി വാരിക്കോരി തരുന്ന സംഭാവനകൾ എത്ര വലുതാണ്.

പ്രത്യേകിച്ചും രാഷ്ട്രീയ എതിരാളികൾക്കിട്ട് നാല് അലക്കലക്കണമെന്ന് തോന്നുമ്പോൾ സന്ദർഭം പോലുമാലോചിക്കാതെ ഈ നേതാക്കളുടെ നാവിൻ തുമ്പിൽ വിളയാടുന്ന ഭാഷാ പ്രയോഗങ്ങൾ ഹോ.. വർണിക്കാൻ വാക്കുകളില്ല തന്നെ.. വോവ്.. ഏവ്സം..

ഇതൊക്കെ മലയാലം മംഗ്ലീഷിൽ പറയുന്ന രഞ്ജിനി ഹരിദാസും പിന്നെ മറ്റ് പീറ ചാനൽ പിള്ളേരും കേട്ട് പഠിക്കട്ടെ..

ജയരാജൻ, അച്ചുതാനന്ദൻ, ഗണേഷ് കുമാർ തുടങ്ങിയവരാണ് ഇതിന് മുമ്പ് ഈ മേഖലയിൽ ഗവേഷണം നടത്തി ഭാഷയെ പരിപോഷിപ്പിച്ചിട്ടുള്ളവരിൽ പ്രമുഖർ. ഇപ്പോൾ അത്രക്ക് വലിയ കേട്ടുകേൾവിയൊന്നുമില്ലാതിരുന്ന "കുലം കുത്തി" എന്ന വാക്കുമായി പിണറായി കൂടി ഈ പട്ടികയിൽ മഹനീയ സ്ഥാനം അലങ്കരിച്ചിരിക്കുന്നു.. അഭിനന്ദനങ്ങൾ..!!

ട്രാഫിക് പോലീസുകാർക്ക് ഇനിമുതൽ ഹെൽമറ്റില്ലാതെ ബൈക്കോടിച്ച് പിടിക്കുന്ന യാത്രക്കാരെക്കൊണ്ട് 200 പേജ് ബുക്ക് നിറയെ "കുലം കുത്തി.. കുലം കുത്തി" എന്ന് ഇമ്പോസിഷൻ എഴുതിപ്പിച്ച് വാക്കിന്റെ പ്രാധാന്യം നാട്ടുകാർക്ക് മനസ്സിലാക്കി കൊടുക്കാവുന്നതാണ്

{ശുംഭന്‍, നികൃഷ്ട ജീവി, അഭിസാരിക അഥവാ കറിവേപ്പില, കാമഭ്രാന്തന്‍, കുലംകുത്തി തുടങ്ങിയവയാണ് അടുത്തിടെയായി മലയാളത്തിന്റെ യശസ്സുയർത്തും വിധം ഉപയോഗിക്കപ്പെട്ട വാക്കുകൾ..! (ഓർമയിൽ വരാത്തവ വിട്ടു പോയിട്ടുണ്ട്; ക്ഷമിക്കുക) }

ഇനിയെങ്കിലും മലയാള ഭാഷക്ക് ക്ലാസിക് പദവി നൽകി ആദരിക്കാൻ കേന്ദ്രത്തിന് കനിവുണ്ടാകുമോ??


എന്റെ സംശയം: രാഷ്ട്രീയ എതിരാളികളെ കൊട്ടേഷൻ കൊടുത്ത് കൊല്ലിക്കുന്നതിനേക്കാൾ വലിയ വിഷയമാണോ "കുലം കുത്തി" വിവാദം??