"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Thursday, February 24, 2011

ഒന്ന് വെച്ചാല്‍ പത്ത്.. പത്ത്‌ വെച്ചാല്‍ ഇരുപത്...!!


മുഖ്യ മന്ത്രിക്കെതിരെ ആരോപണം.. മുഖ്യമന്ത്രിയുടെ മകനെതിരെ ചന്ദനവും ലോട്ടറിയും മാറിമാറി അടിക്കുന്നു.. തിരിച്ച് പ്രതിപക്ഷ നേതാവിനെതിരെ പ്രത്യാരോപണം.. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വേറെയാരോപണാം.. ലോട്ടറിക്കേസ്സില്‍ മുഖ്യമന്ത്രിക്ക്‌ രഹസ്യ അജണ്ഡ..വ്യവസായ മന്ത്രിയുടെ ഓഫീസ്സില്‍ 15 കോടിയുടെ അഴിമതി...പ്രതിപക്ഷത്തിന് മറുപടിയായി ഭരണ പക്ഷ എം എല്‍ ഏ മാരുടെ പ്രകടനം..പി.ശശി.. ഐസ്ക്രീം..

ഒന്നും പറയണ്ട.. പുകിലോട് പുകില്‌ തന്നെ...ഒന്ന് വെച്ചാല്‍ പത്ത്.. പത്ത്‌ വെച്ചാല്‍ ഇരുപത്...വെയ് രാജാ വെയ്യ്...!!

ഒരു ഇലക്ഷന്‍ വരുന്നു എന്ന് കരുതി ഇത്രേമൊക്കെ വേണോ..??? അതോ കേരളത്തിലെ സകല കുഞ്ഞുകുട്ടി പരാധീനങ്ങളും വെറും ഏഭ്യന്മാരും ഈ രാഷ്ട്രീയക്കാര്‍ മാത്രം കേമന്മാരുമാണോ..???

എന്തായാലും കണ്ടറിയാം.. ഇലക്ഷന്‍ കഴിയുന്നത് വരെ ഈ കളികള്‍ക്ക് മാറ്റം ഉണ്ടാകില്ല.. പുതിയ കളികള്‍ കാണണമെങ്കില്‍ ഇലക്ഷന്‍ കഴിയണം..

പൊതുജനമെന്ന നാം ഇതെല്ലാം സഹിക്കുകയും വേണം..!!

Sunday, February 20, 2011

ഓം ഹ്രീം തത്വമസിയാഹ സ്വാഹാ..!!വീണ്ടും അഴീക്കോട് മാഷ് മോഹൻലാലിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നു..

ഒരാൾ സാംസ്കാരിക നായകനും മറ്റൊരാൾ പ്രേക്ഷക ലക്ഷങ്ങൾ നെഞ്ചിലേറ്റിയ മഹാ നടനും. കേരളീയർക്ക് മാതൃകയാകേണ്ടുന്ന ഇത്തരം മാതൃകാവ്യക്തികൾ വിഡ്ഡി കൂശ്മാണ്‌ഢങ്ങളുടെ വേഷം കെട്ടി പരസ്പരം ചെളി വാരിയെറിയുന്നത് തികച്ചും അപഹാസ്യവും, ഇവരെ വളർത്തി വലുതാക്കിയ സാംസ്കാരിക കേരളത്തിനോടും മലയാളത്തിനോടും മലയാളികളോടുമുള്ള വെല്ലുവിളിയുമാണ്‌.

കേരള, കേന്ദ്ര ഗവൺ‍മെന്റുകൾ നൽ‍കിയിട്ടുള്ള പദ്‍മശ്രീ ഉൾപ്പടെയുള്ള ആദരവുകളും ബഹുമതികളും ഇത്തരക്കാരിൽ നിന്നും തിരികെ വാങ്ങി കോടതി വളപ്പിൽ കിടന്ന് കഴുത്തിന്‌ കുത്തിപ്പിടിച്ച് വീണ്ടും വീണ്ടും സ്വയം മണ്ടൂക ശിരോമണികളാകാൻ വിടുകയാണ്‌ വേണ്ടത്..


Friday, February 18, 2011

കുരുന്നുകളുടെ ആത്മാവു‍കള്‍ക്ക് അശ്രു പൂജ..!!ഈ ലോകത്തോട് ഒരു തെറ്റും ചെയ്യാത്ത അഞ്ച് കുരുന്നുകള്‍ ..
കേരളത്തെ ഞെട്ടിച്ച നഴ്സറി സ്കൂള്‍ വാഹനാപകടത്തില്‍ പൊലിഞ്ഞത് എട്ടും പൊട്ടും തിരിയാത്ത അഞ്ച് പൈതലുകളും ഒരു സ്കൂള്‍ ജീവനക്കാരിയും..

ആരാണ്‌ തെറ്റുകാര്‍..
19 വയസ്സ് മാത്രം പ്രായമുള്ള വാന്‍ ഡ്രൈവറോ..??
അയാള്‍ക്ക് ജോലികൊടുത്ത സ്കൂള്‍ നടത്തിപ്പുകാരോ..??
അതോ റോഡിന്‍റെ ശോചനീയാവസ്ഥയോ..??

പാലം തകര്‍ന്ന് മരണങ്ങള്‍ സംഭവിക്കുമ്പോള്‍ പാലങ്ങളെക്കുറിച്ചും, റോഡപകടങ്ങളില്‍ ജീവനുകള്‍ പൊലിയുമ്പോള്‍ റോഡുകളെക്കുറിച്ചും, വാഹനാപകടങ്ങളുണ്ടാകുമ്പോള്‍ വാഹനങ്ങളെക്കുറിച്ചും അന്വഷണങ്ങള്‍ നടത്തി പരിപാടി എങ്ങുമെത്താതെ അവസാനിപ്പിക്കുന്ന പരമ്പരാഗത ഏര്‍പ്പാടാണ്‌ നമ്മുടെ നിലവിലുള്ള നാട്ടുനടപ്പ്.
ഇനിയെങ്കിലും മൊത്തത്തില്‍ ഒരു അഴിച്ചുപണിയുടെ ആവശ്യകതയെക്കുറിച്ച് എന്തുകൊണ്ട് വേണ്ടപ്പെട്ട അധികാരികള്‍ ചിന്തിക്കുന്നില്ല.
അപകടങ്ങളും അക്രമങ്ങളും നടന്നതിന്‌ ശേഷം മുതലക്കണ്ണീരൊഴുക്കാതെ അവ ഒഴിവാക്കുന്നതിനെക്കുറിച്ച് പ്രായോഗികമായി വേണ്ടപ്പെട്ട ഡിപ്പാര്‍ട്ട്‍മെന്റുകളുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കൂ.. ഇനിയെങ്കിലും കണ്ണുതുറക്കൂ അധികാരികളേ..

കുരുന്നുകളുടെ ആത്മാവു‍കള്‍ക്ക് അശ്രു പൂജ..!!

Tuesday, February 15, 2011

വെളിപ്പെടുത്തലുകള്‍.. വെളിപ്പെടുത്തലുകള്‍...!!വെളിപ്പെടുത്തലുകള്‍.. വെളിപ്പെടുത്തലുകള്‍... ആകെമൊത്തം ഒരു പുകില്‌ തന്നെ...
കുഞ്ഞാലിക്കുട്ടിക്കെതിരെ സ്വന്തം മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ തന്നെ ചില വെളിപ്പെടുത്തലുകള്‍ നടത്തിക്കൊണ്ട് തുടങ്ങിയ പരിപാടി ഒരുപാട് പേര്‍ക്ക് പ്രചോദനമായി മറ്റു ചിലര്‍ക്കെതിരെ തലങ്ങും വിലങ്ങും വെളിപ്പെടുത്തലുകളുടെ ഒരു ഘോഷ യാത്ര തന്നെ... മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലുകള്‍, മന്ത്രിമാര്‍ക്കെതിരെ വെളിപ്പെടുത്തലുകള്‍, ഒടുവില്‍ ചുമ്മാ കേറി ജഡ്‍ജിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തി സുധാകരന്‍ എം‍പി ഓടിക്കൊണ്ടിരുന്ന ജീപ്പിന്‍റെ സ്റ്റിയറിം‍ഗ് ഊരിയെറിഞ്ഞതുപോലെ വളക്കാനും വയ്യാ തിരിക്കാനും വയ്യാ എന്ന അവസ്ഥയിലുമായി..
ഒരു വെളിപ്പെടുത്തല്‍ മഹോല്‍സവം നടത്തി ഈ വര്‍ഷത്തെ ഏറ്റവും ഉഗ്രന്‍ ജനപ്രിയ വെളിപ്പെടുത്തലിന്‌ സര്‍ക്കാര്‍ വക ഒരു അവാര്‍ഡ് പ്രഖ്യാപിചിരുന്നെങ്കില്‍ കാണാമായിരുന്നു പിന്നാലെ വരാനിരിക്കുന്ന വെളിപ്പെടുത്തലുകളുടെ ഘരരൂപം...
വെളിപ്പെടുത്തലിന്‍റെ ഉപജ്‍ഞാതാവായ മഹാനായ റൗഫ് അങ്ങത്തെ അങ്ങേക്ക് നമോവാകം..