"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Monday, July 25, 2011

ഇൻ‍കം ടാക്സ്കാർക്കെന്താ ഈ വീട്ടിൽ കാര്യം..!!


സംഗതി ലവൻ‍മാർ സൂപ്പർ ബമ്പർ സ്റ്റാർ തന്നെ.. പക്ഷെ കൈയ്യിലിരിക്കുന്നത് അഞ്ഞൂറ്റി ഒന്ന് ബാർ സോപ്പിട്ട് കഴുകിയാലും വെളുക്കാത്ത കള്ളപ്പണത്തിന്റെ പെട്ടികളല്ലെ.. രണ്ട് മെഗാ സാറൻ‍മാർക്കും കൂടി അന്യ സംസ്ഥാനങ്ങളിലും വിദേശത്തുമായി ആയിരം കോടിയിലധികം കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ്‌ മംഗളം അച്ചായൻ പറയുന്നത്..
ഇവരാണോ നാട് നന്നാക്കാൻ പാട് പെടുന്ന പരസ്യങ്ങളുടെ ബ്രാൻഡ് അംബാസഡർമാർ..

അഴീക്കോട് മാഷ് മുമ്പ് ചിലതൊക്കെ പറഞ്ഞപ്പോൾ അങ്ങേർക്ക് പെണ്ണ് കെട്ടാത്തതിന്റെ സൂക്കേടാണെന്ന് പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നു കീറിയ ഫാൻ‍സുകാർ..കൂട്ടത്തിലുള്ളവർ വല്ലതും പറഞ്ഞ് പോയാൽ "അമ്മ" കോളറിന്‌ പിടിച്ച് വെളിയിൽ തള്ളും..(പാവം തിലകൻ).

ഇപ്പോതന്നെ ഏഴ് വർഷം അകത്ത് കിടക്കാനുള്ള ആനക്കൊമ്പ് ലാലിന്റെ വീട്ടിൽ നിന്നുംകിട്ടി..(ഇനി അതിനൊര്‌ പേപ്പറുണ്ടാക്കാനാണോ നമ്മുടെ നാട്ടിൽ പാട്??)

തോന്നക്കൽ പഞ്ചായത്തിലെ അരി മുഴുവൻ ഇൻ‍കംടാക്സ്കാർ പറുക്കി എടുത്തു. മോഹൻ‍ലാലിന്റെ വീട്ടിലെ രണ്ട് 'നിലവറ' കൂടി (ബയൊ മെട്രിക് ലോക്കർ) തുറക്കാനുണ്ട്.. അതിനകത്ത് നിന്നും ഏത് ജീംബൂംബയാണോ പുറത്ത് ചാടാനിരിക്കുന്നത്??

രണ്ട് സൂപ്പറൻ‍മാരെയും അവർ ആഗ്രഹിച്ചതിലും അർഹിച്ചതിലും ഉയരെ സിംഹാസനങ്ങളിലേറ്റിയ ലക്ഷക്കണക്കിന്‌ സാധാരണക്കാരായ മലയാളി പ്രേക്ഷകരോടും, ഇവരെ വച്ച് പടം പിടിച്ച് കുത്ത്പാളയെടുത്ത് പിച്ചക്കാരായിപ്പോയ നിർമ്മാതാക്കളോടും വസ്തുതകളുടെ പരമാർത്ഥം ബോധ്യപ്പെടുത്തേണ്ടുന്ന ബാധ്യത രണ്ട് വമ്പൻ‍മാർക്കും ഉണ്ട്..

Thursday, July 21, 2011

കോയിക്കോട് യൂണിബേർസിറ്റീടെ മൊയ്‍ലാളി..!!


കോയിക്കോട്ട് ഒരു ബല്യ ഇസ്കൂളില്ലെ പുള്ളെ..
ബല്യ ഇസ്കൂളാ.. അദേദാണ്‌ അയ്മദിക്കാ.. ഞമ്മളറിയാത്ത ഒരു പുതിയ ബല്യ ഇസ്കൂള്‌..
എടാ പുള്ളെ.. ഇസ്കൂളിന്റെം കൊറച്ചുംകൂടി ബല്യ ഇസ്ക്കൂളെ.. എന്തോ ഒരു സിറ്റീന്നൊക്കെ ബരും അതിന്റെ പേര്‌..
യേത് ഞമ്മട കോയിക്കോട് യൂണിബേർസിറ്റിയാണാ അയ്മദിക്ക പറേണത്..
അദന്നെ.. ബലാല്‌.. ആ സിറ്റി തന്നെ..
അദിനെന്ത് പറ്റി..
ഒന്നും പറ്റീല്ല പുള്ളെ.. ഞമ്മളെ അയിന്റെ മൊയ്‍ലാളി ആക്കാമെന്ന് ഞമ്മട സായിബ് പറഞ്ഞീന്‌..
നാളെ നേരം ബെളുത്താല്‌ ആ സിറ്റീന്റെ മൊയ്‍ലാളി ആരാ.. ഈ ഞമ്മള്‌... പടച്ചോന്റെ ഓരൊ കളികളെയ്..
കാലിക്കറ്റ് യൂണിവേർസിറ്റിയുടെ "മൊയ്‍ലാളി" ആകാൻ കാത്തിരുന്ന മെമ്പർ "അയ്മദി"ക്കാന്റെ കിനാവ് ഐ.എം വിജയന്റെ കാലിൽ തട്ടിയ പന്തുപോലെ അയൽ‍പക്കത്തെ പുരയിടവും കഴിഞ്ഞ് മുസ്ലിം ലീഗിന്റെ ഉമ്മറത്ത് വീണ്‌ ശൂ.. എന്ന് കാറ്റ് പോയി.
നാടറിഞ്ഞു.. നാട്ടാരറിഞ്ഞു.. കാലികറ്റ് യൂണിവേർസിറ്റി നാണിച്ച് തലതാഴ്തി..
പണ്ട് പറഞ്ഞ് കേട്ടിട്ടില്ലെ ചെമ്മാനും ചെരുപ്പ് കുത്തിയും എന്നൊക്കെ..
ഇനി ഇതൊക്കെ കഴിഞ്ഞിട്ടാണ്‌ പൊതു മേഖലാ സ്ഥാപനങ്ങളുടെ കാര്യം.. ഏതിന്റെയൊക്കെ തലപ്പത്ത് ഏതൊക്കെ ചെമ്മാനും ചെരുപ്പ് കുത്തിയും വരാനിരിക്കുന്നു.. ആവോ..
രാഷ്ട്രീയ സമവാക്യങ്ങൾ എവിടെയെങ്കിലും കൊണ്ട് ചെന്നെത്തിക്കണ്ടെ.. ഇല്ലെങ്കിൽ സ്വസ്ഥമായി അഞ്ച് കൊല്ലം ഭരിക്കാൻ വിടുമോ ഈ "മൊയ്‍ലാളി"മാർ

Wednesday, July 20, 2011

തച്ചങ്കരി ആള്‌ പുലിയാണ്‌ കേട്ടാ..!!


വിവാദ ഐപിഎസ് ഉദ്യോഗസ്ഥൻ ടോമിൻ തച്ചങ്കരിയെ സർവീസിൽ തിരിച്ചെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറയുകയുണ്ടായി. ഇങ്ങനെ ഒരനുവാദം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി തൊട്ടുപിന്നാലെ വ്യക്തമാക്കി. പിന്നെ ആര്‌ എവിടുന്നാണ്‌ മുഖ്യ മന്ത്രിക്ക് അനുവാദം കൊടുത്തത്..??
ദുരൂഹതകളുള്ള വിദേശ യാത്രയിൽ തച്ചങ്കരി ഭീകര സ്വഭാവമുള്ള ചിലരുമായി ചർച്ച നടത്തിയെന്ന വിവാദം ബാക്കി നിൽ‍ക്കെയാണ്‌ മുഖ്യമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. ഇതിന്‌ മുൻ‍പും തച്ചങ്കരിയുടെ അടിക്കടിയുള്ള വിദേശ യാത്രകളും, അളവിൽ കവിഞ്ഞ ഇലക്ട്രോണിക് ഉപകരണങ്ങൾ അനധികൃതമായി വിദേശത്ത് നിന്നും കടത്തിക്കൊണ്ട് വന്നതും, ഭാര്യയുടെ കൊച്ചിയിലെ സി.ഡി നിർമ്മാണ കമ്പനിയിലെ വ്യാജ സി.ഡി കേസുകളും ആകെ മൊത്തം നേരെ ചൊവ്വെ അല്ലാത്ത ഇദ്ദേഹത്തെ ധൃതിപ്പെട്ട് തിരിച്ചെടുത്തില്ലെങ്കിൽ ആർക്കാണ്‌ ഉറക്കം കെട്ട് പോകുന്നത്?? എന്താണ്‌ അതിന്‌ പിന്നിലെ ഗുട്ടൻസ്?? ഇദ്ദേഹം പോലീസ് സേനയിൽ ഇല്ലെങ്കിൽ സുനാമി വരുമോ??
താൻ സൽസ്വഭാവിയാണ്‌ എന്ന് പൊതു സമൂഹത്തിന്‌ മുന്നിൽ തെളിയിക്കേണ്ട ബാധ്യത ഉയർന്ന ഉദ്യോഗസ്ഥനായ തച്ചങ്കരിയുടെ ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ്‌. കോടതി കുറ്റവിമുക്തനാക്കുന്നതിന്‌ മുൻ‍പ് കേരള സർക്കാർ തച്ചങ്കരിക്ക് വേണ്ടി വളഞ്ഞവഴിയിലൂടെ പോകുന്നത് നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്‌. കേരളത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ ചെലുത്തേണ്ട എത്രയോ ജനകീയ വിഷയങ്ങൾ വേറെ കിടക്കുന്നു..
എന്തായാലും തച്ചങ്കരി ആള്‌ പുലിതന്നെ കേട്ടാ..

Friday, July 15, 2011

കാരക്കോണം മെഡിക്കൽ കോളജ്..!! സഭയുടെ നിർലജ്ജ ആക്രാന്തത്തിന്‌ മീതെ ബിഷപ്പും പറക്കില്ല..!!


5o ലക്ഷം രൂപവരെ ഒരു മെഡിക്കൽ സീറ്റിന്‌ തലവരിയായി വാങ്ങിയ കാരക്കോണം c.s.i സഭയുടെ മെഡിക്കൽ കോളജ് (അതോ മേടിക്കൽ കോളജോ..??) കുംഭകോണ അഴിമതിക്കഥകൾ പുറത്തുകൊണ്ടുവന്ന ഏഷ്യാനെറ്റ് റിപ്പോർട്ടറെയും ക്യാമറമാനെയും സഭയുടെ തന്നെ നല്ല കുഞ്ഞാടുകൾ തലങ്ങും വിലങ്ങും കേറി മേഞ്ഞു. ദൃശ്യങ്ങൾ പകർത്തിയ ടേപ്പ് കനാൻ ദേശത്തെ ഗോലിയാത്തിന്റെ കൈയ്യിലെ ഉരുളൻ കല്ലുപോലെ നല്ല ഇടയൻ‍മാർ വലിച്ചെറിഞ്ഞു. ക്വട്ടേഷൻ ടീമിനെ പോലും ലജ്ജിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങൾ സഭയുടെ നിർലജ്ജ ആക്രാന്തത്തിന്‌ മീതെ ബിഷപ്പും പറക്കില്ല എന്ന ഇരട്ടത്താപ്പ് നയത്തിന്റെ വ്യക്തമായ തെളിവല്ലെ..? സ്വാശ്രയ മാനേജ്‍മെന്റുകളോടുള്ള സംസ്ഥാന സർ‍ക്കാരിന്റെ മൃദു സമീപനം ഇത്തരം കൊള്ളത്തരത്തിനുള്ള തുറന്ന ലൈസൻസാണോ?? മാപ്പ് പറഞ്ഞതുകൊണ്ട് സഭയുടെ സമീപനം മാറുമോ..? മറ്റ് സ്വാശ്രയ മാനേജ്മെന്റുകൾക്കും ഇത്തരം നിലപാടാണോ?? മറുപടി പറയേണ്ടത് ആരാണ്‌..?

Wednesday, July 13, 2011

കൊതുകുകൾക്കും വരും ഒരു രാജ യോഗം..!!

സിംഗപൂരിൽ നിന്നും കടത്തിക്കൊണ്ട് വന്ന നക്ഷത്ര ആമകളെ കൊച്ചിയിൽ കസ്റ്റംസ് പിടിച്ചു.. (വാർത്ത). പാറ്റ, പല്ലി, പഴുതാര, എലി, മരപ്പട്ടി, മൂട്ട തുടങ്ങിയ ജീവികൾക്കും വരും കാലങ്ങളിൽ ഡിമാന്റുണ്ടാകാൻ സാധ്യതയുണ്ട്.. ആയതിനാൽ ഈ വക അമൂല്യ ജീവികളെ, അവയുടെ അനുമതിയോടെയും അല്ലാതെയും വീടുകളിലും ഫ്ലാറ്റുകളിലും വളർത്തുന്നവർ സന്തോഷിപ്പിൻ..
കൊതുകുകളെക്കൂടി അലങ്കാര ഇനത്തിൽ പെടുത്തിയിരുന്നെങ്കിൽ അടിച്ചോണ്ട് പോകാൻ ആള്‌ സിംഗപ്പൂരീന്ന് വന്നേനെ.. കൊച്ചിക്കാർ രക്ഷപ്പെട്ടേനെ.. ങ്ഹാ.. കൊച്ചീലെ കൊതുകുകൾക്കും വരും ഒരു രാജ യോഗം..

Tuesday, July 5, 2011

അദ്ഭുതങളുടെ അനന്തപദ്മനാഭ കലവറ..!!


ലോക മാധ്യമങളെയും ജനതയെയും അമ്പരപ്പെടുത്തിക്കൊണ്ട് അൽ‌ഭുതക്കൂമ്പാരങ്ങളുടെ നിലവറ തുറന്ന് അനന്തപദ്മനാഭ ക്ഷേത്രം..!
നിധിയെന്ന് ഒരു വിഭാഗം, ഹൈന്ദവരുടെ മാത്രം സ്വത്തെന്ന് വെള്ളാപ്പള്ളി (എസ്.എൻ.ഡി.പി യുടെതെന്ന് പറയാത്തത് ഭാഗ്യം), ക്ഷേത്രത്തിന്റെ സ്വത്താണെന്ന് മുഖ്യമന്ത്രി, മൌനം അവലംബിക്കുന്ന രാജകുടുംബം, രാജകുടുംബത്തിന് സ്വത്തിൽ അവകാശമില്ലെന്ന് ഒരു കൂട്ടർ, പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി ചിലവാക്കണമെന്ന് ജ.കൃഷ്ണയ്യർ, മ്യൂസിയം ഉണ്ടാക്കി സൂക്ഷിക്കണമെന്ന് വേറൊരു കൂട്ടർ, ട്രസ്റ്റുണ്ടാക്കി കൈകാര്യം ചെയ്യണമെന്ന് മറ്റൊരു വിഭാഗം, സ്വത്തിനെക്കുറിച്ച് വേറെയാരും വേവലാതിപ്പെടെണ്ടന്ന് ശിവസേനയും ബി.ജെ.പി യും.. ഊഹാപോഹങ്ങൾ പലവഴിക്ക്..
അപ്രതീക്ഷിതമായി കണ്ടെത്തിയ ലക്ഷം കോടിയുടെ സ്വത്തുക്കൾ അന്യായ വഴിയിൽ എത്തിപ്പെടാതെ പൊതു സമൂഹത്തിലെ സംശുദ്ധമായ വ്യക്തിത്വങ്ങളുടെ നിരീക്ഷണത്തിൽ സംരക്ഷിച്ച് സമൂഹത്തിലെ താഴെ തട്ടിലുള്ള വിഭാഗങ്ങളുടെ ഉന്നമനത്തിനും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കൂടി അതിന്റെ ഗുണ ഫലത്തിന്റെ ഒരു പങ്ക് ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ സാക്ഷാൽ അനന്തപദ്മനാഭന് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ അർച്ചനയായിരിക്കും.. അനന്തപദ്മനാഭൻ അതായിരിക്കും കൂടുതൽ ആഗ്രഹിക്കുന്നതും..