"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Monday, April 30, 2012

വെറുതെയല്ല ഭാര്യ.. പത്ത് പേരെ കാണിക്കാനാ..!!"

അങ്ങിനെ കേരളത്തിലെ കോടിക്കണക്കിന് വരുന്ന ദമ്പതികളാരും ദമ്പതികളല്ലെന്നും, മനോരമക്കാർ പ്രഖ്യാപിച്ച ദമ്പതിമാരാണ് ഏദൻ തോട്ടത്തിലെ യഥാർത്ഥ ആദവും ഹവ്വയുമെന്നും, ബാക്കിയുള്ള സകല അലവലാതി ഭാര്യമാരും, ഭർത്താക്കന്മാരും ചട്ടിയും കലവും പരസ്പരം നെഞ്ചെത്തെറിഞ്ഞുടച്ചും, ഭാര്യമാർ ഭർത്താക്കന്മാരുടെ രഹസ്യക്കാരിക്കിട്ട് പണി കൊടുത്തും, ഭർത്താക്കന്മാർ ഭാര്യമാരുടെ രഹസ്യക്കാരെ തപ്പി പിടിച്ച് പറ്റുമെങ്കിൽ അപ്പോൾ തന്നെ ലവന്മാരുടെ തലയിൽ കെട്ടി വച്ച് ആർമാദിക്കുന്ന കൂതറകളാണെന്നും, വേറെ കുറെ ഭാര്യമാർ വിധവാ പെൻഷൻ കിട്ടുമെന്നുള്ള ഒറ്റ ആശ്വാസത്തിൻമേൽ പലതും സഹിച്ച് ജീവിച്ച് പോരുകയാണെന്നും ആണെന്നാണോ ചാനൽ മുതലാളിമാർ പറയുന്നത്...???

ഈ 60 ലക്ഷത്തിന്റെ ഫ്ലാറ്റിന് വേണ്ടിയുള്ള ഭാര്യമാരുടേയും ഭർത്താക്കൻമാരുടേയും ഡപ്പാംകൂത്തും ആക്രാന്തവും കണ്ടാൽ ഏത് പെണ്ണുങ്ങളും വെറുതെയെങ്കിലും പ്രാർത്ഥിച്ച് പോകും: "ഹീശ്വരാ.. എന്റെ കെട്ട്യോനും ബോട്ടും കൊണ്ട് കടലിൽ പോയിട്ടുണ്ട്, അങ്ങോരുടെ ബോട്ടിന് മുമ്പിലും ഒരു ഇറ്റലിക്കാരന്റെ കപ്പൽ വരണെ ഫഗവാനേ... റ്റീവിയിൽ ഇമ്മാതിരി ഡപ്പാംകുത്തൊന്നും കാണിക്കാതെ കോടി ഒന്ന് പുഷ്പം പോലെ ഇങ്ങ് പോന്നേനെ..."

ചേട്ടൻമാരെ ഭാര്യമാരോട് വെറുതെ അസൂയാലുക്കളായിട്ട് ഒരു കാര്യവുമില്ല. വീട്ടിൽ വെറുതെയിരുന്ന് തൊട്ടതിനും പിടിച്ചതിനും ചുമ്മാ ചൊറിയുന്ന ഭാര്യമാരെ പരദൂക്ഷണം പറയാൻ വിടാതെ കൊണ്ട് പോകൂ ഈ രണ്ടാം സീസണിൽ; എന്നിട്ട് നെഞ്ച് വിരിച്ച് പറയൂ " വെറുതെയല്ല ഭാര്യ.. പത്ത് പേരെ കാണിക്കാനാ.."

ഈ ചാനൽ മാമാങ്കത്തിൽ സമ്മാനം കിട്ടാതെ മനസമാധാനം തകർന്ന് മാതൃകാ ദമ്പതികളല്ലാതായി തീർന്ന ബാക്കി എല്ലാ മൽസരാത്ഥികൾക്കും അനുശോചനം..!!

Wednesday, April 11, 2012

ഈ അഞ്ചാമനെന്നാൽ ആരാണെന്നാ ബിസാരം...!!!ഒടുവിൽ അഞ്ചാമൻ ഭൂമിയിൽ ഭൂജാതനായി..!

ഇതോടെ കേരളത്തിലെ ജനങ്ങളുടെ സകലമാന അടിയന്തിര പ്രശ്നങ്ങൾക്കും പരിഹാരമാകാൻ പോകുകയാണ്.

വറുതിയും, പട്ടിണിയും, പരിവട്ടവും, പിടിച്ച് പറിയും, കള്ളനോട്ടടിയും,സ്ത്രീ പീഡനങ്ങളും, പെൺവാണിഭം, പ്രായമാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കൽ, പെൺ ഭ്രൂണ ഹത്യ, പൊട്ടിപ്പൊളിഞ്ഞ റോഡ്, റോഡപകടങ്ങൾ, വിലക്കയറ്റം, സർക്കാരാപ്പീസുകളിലെ കൈക്കൂലി, തൊഴിലില്ലായ്മ,ക്വട്ടേഷൻ, മോഷണം, കൊലപാതകം, കള്ളക്കടത്ത്, വിദ്യാഭ്യാസക്കച്ചവടം തുടങ്ങി സകല തട്ടിപ്പ് തരികിട പരിപാടികളും കേരളത്തിൽ നിന്ന് അപ്രത്യക്ഷമാകാൻ പോകുകയാണ്..

ഹോ.. ഈ അഞ്ചാം മന്ത്രി ഇല്ലായിരുന്നെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു... ഹീശ്വരാ..!!

ഇനിമുതൽ കേരളം, തമിഴ്നാട്ടിൽ നിന്നും പാണ്ടിലോറിയിൽ കൊണ്ടുവരുന്ന പാലും തേനും ഒഴുക്കി കനാൻ ദേശമായി അറിയപ്പെടും..!!

അഞ്ചാമനെ മന്ത്രിയാക്കി കേരളത്തെയും കേരള ജനതയെയും വരാനിരുന്ന ഒരു വൻ വിപത്തിൽ നിന്നും അതി സാഹസികമായി രക്ഷിച്ച മുഖ്യമന്ത്രിക്കും ചെന്നിത്തലക്കും അഭിവാദ്യങ്ങൾ.. ഒപ്പം ചരിത്രത്തിന്റെ സ്വർണ്ണ താളുകളിൽ ഇടം പിടിച്ച ലീഗ് മന്ത്രി നീണാൾ വാഴട്ടെ..!!

((ഈ ചേട്ടന്മാർക്കെന്തേ ഈ ബുദ്ധി നേരത്തേ തോന്നാതിരുന്നത്..!!))