"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Wednesday, February 29, 2012

ആപ്പിലായ കപ്പല് മുതലാളി..!!എൻറിക്ക ലെക്സി.. ഒന്ന് സൂക്ഷിച്ച് നോക്കിക്കേ.. പേരിൽ തന്നെ എന്തോ ഒരു
പെരിസ്ട്രോയിക്ക ഉള്ളത് പോലെ തോന്നുന്നില്ലേ..??

ഒരു പ്രകോപനവുമില്ലാതെ രണ്ട് പാവം മൽസ്യ തൊഴിലാളികളെ നിഷ്കരുണം കടൽ മധ്യത്തിൽ വെടി വച്ച് കൊന്ന കപ്പലിൽ ഉണ്ടായിരുന്ന ആറ് നാവികർക്ക് ഉപയോഗിക്കാൻ ആവ്ശ്യമായതിലുമധികം ആയുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.

കപ്പലിൽ നിന്നല്ല വെടിയുതിർത്തത് എന്ന് വരുത്തി തീർത്ത് കേസിനെ തേയ്ച് മായ്ച് കളയാൻ കപ്പിത്താൻ നടത്തിയ കള്ളക്കളികൾ ഫോറൻസിക് വിധഗ്ദരുടെ പരിശോധനയിൽ പൊളിയുമെന്നിരിക്കെ കപ്പലിൽ ആയുധങ്ങളൊന്നുമില്ല എന്ന് ആദ്യം കള്ളം പറഞ്ഞ ക്യാപ്റ്റൻ പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ ആയുധമുണ്ട് എന്ന് തിരുത്തിപ്പറഞ്ഞു. എന്തായാലും കപ്പലിലെ സകല തുപ്പാക്കികളും ചാക്കിൽ കെട്ടി പരിശോധനക്ക് കൊണ്ട് വന്നിട്ടുണ്ട്.

കപ്പലിന് ഒരിഞ്ച് അനങ്ങണമെങ്കിൽ മൂന്ന് കോടി രൂപ ബാങ്ക് ഗ്യാരന്റി നൽകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. കപ്പൽ പിടിച്ചിട്ടിരിക്കുന്ന കടൽ പ്രദേശം പിറവത്തല്ലാത്തത് കൊണ്ട് കപ്പൽ വിഷയം ഉപതിരഞ്ഞെടുപ്പിൽ ഇരു കക്ഷികളുടെയും വിജയത്തിലും പരാജയത്തിലും ഒരു ചലനവും ഉണ്ടാക്കില്ല.. അത്രയും ആശ്വാസം..!!

ഇനി മധ്യസ്ഥ ചർച്ചകൾ 10 ജനപഥ് ന്യൂഡൽഹി വഴി തിരിച്ച് വിട്ട് പുഷ്പം പ്പോലെ ഊരിപ്പോകാമെന്ന് പാവം കപ്പല് മുതലാളിക്ക് ആഗ്രഹം വല്ലതും ഉണ്ടോ ആവോ..??

മറിമായങ്ങൾ ഒന്നും നടന്നില്ലെങ്കിൽ മരണമടഞ്ഞ മൽസ്യത്തൊഴിലാളികളുടെ
കുടുംബങ്ങൾക്ക് നീതി ലഭിക്കും...!!

====================================================
കപ്പലിന്റെ ഡക്കിൽ കേട്ടത്: സോണിയാഗാന്ധി വൈദ്യപരിശോധനകൾക്കായി
വിദേശത്തേക്ക് പൊയി..!!


Sunday, February 12, 2012

വാലന്റൈൻ പിന്തിരിപ്പൻ മൂരാച്ചികളെ കൃമികടിക്ക് മരുന്നില്ല...!!!
അമ്മായിഅമ്മേടെ നടു ഉളുക്കിയാൽ കുടുംബശ്രീയിൽ മരുമകളുടെ വക ആഘോഷം, മരണ ശേഷം ഒസ്യത്ത് എഴുതി വച്ച തന്തപ്പടി തട്ടിപ്പോയാൽ മക്കൾ കുപ്പി പൊട്ടിച്ചാഘോഷം, പിള്ളാരെ ഭർത്താവിന് ബോണസ്സായി കൊടുത്ത് ഭാര്യ അയൽക്കാരന്റെ കൂടെ മുങ്ങിയാൽ "സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യെ.." പാടി കെട്ടിയോന്റെ മുഴുനീള ആഘോഷം, പറമ്പ് കിളപ്പിക്കുവാനോ, തേങ്ങായിടാനോ ഒരുത്തനെ ഒത്ത് കിട്ടിയാൽ അതിന് മറ്റൊരാഘോഷം..അങ്ങിനെ കേരള നാട്ടിൽ ആഘോഷങ്ങൾക്ക് ഒരു പഞ്ഞവുമില്ല...  "ഞാനില്ലാതെ നിങ്ങൾക്കെന്താഘോഷം.." എന്ന ബിവറേജസിന്റെ കാലാകാലങ്ങളിലെ വിറ്റ്‌വരവു തന്നെ അതിന് തെളിവ്...

തൊട്ടതിനും പിടിച്ചതിനുമൊക്കെ ആഘോഷിക്കാമെങ്കിൽ പിന്നെ വാലന്റൈൻ ആഘോഷിച്ചാൽ ഇവിടെന്താ ആരുടെയെങ്കിലും കപ്പല് മുങ്ങിപ്പോകുമോ..?? മൂരാച്ചി തന്തമാർക്കും അവരെ സപ്പോർട്ടുന്ന പിന്തിരിപ്പൻ തള്ളമാർക്കും ഇതിനൊന്നും പറ്റാതെ പോയതിലുള്ള അസൂയയും കുശുമ്പുമല്ലേ..??

"ബ്ലഡി കൂതറ പ്യാരന്റ്സ്"

അയ്യോ ഇതൊന്നും ഞാൻ പറയുന്നതല്ല.. ഇന്നത്തെ പുതു പുത്തൻ പിള്ളാര് ചോദിക്കുന്നതാണേ.. ഈ മക്കൾക്കറിയുമോ; വീട്ടിൽ നിന്ന് പുറത്ത് പോകുന്ന പെൺമക്കളും ആൺമക്കളും പ്രത്യേകിച്ച് പെൺകുട്ടികൾ സുരക്ഷിതരായി വീട്ടിൽ തിരിച്ചെത്തുന്നത് വരെ അവരുടെ  മാതാപിതാക്കളുടെ നെഞ്ചിലെ തീ..!! ഈ മക്കളെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുവാൻ ഇന്നത്തെ ചാനലുകാരുടെയും, കച്ചവടക്കാരുടെയും മാർക്കറ്റിംഗ് തന്ത്രം വൻതോതിൽ  ഇവരിൽ സ്വാധീനം ചെലുത്തിയിത്തിയിട്ടില്ലേ..??

"വിശ്വാസം അതല്ലെ എല്ലാം..!!"

വാലന്റൈൻ എന്ന പാതിരിയുടെ തല വെട്ടുന്നതിന് മുൻപേ ആദവും ഹവ്വയും ഉണ്ടായ കാലം മുതൽ പ്രപഞ്ചത്തിൽ പ്രണയം ഉണ്ടായിരുന്നു.. കലണ്ടറിൽ ഫെബ്രുവരി 14 എന്ന ഒരു ദിവസം ഇല്ലെങ്കിലും കോടാനുകോടി പ്രണയിനികൾ പ്രണയിക്കും..

വാലന്റൈൻ ദിനം എന്ന ഒരു സംഭവം ഇല്ലെങ്കിലും യഥാർത്ഥ പ്രണയം ലോകാവസാനം വരെ തുടർന്നുകൊണ്ടേയിരിക്കും.. പിന്നെ എന്തിന് ഇതിനുവേണ്ടി പ്രത്യേകമായി ഒരു ദിവസം..??