"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Wednesday, October 15, 2014

അഭയ കേസ്: ഒരു ജുഡിഷ്യറിയുടെ പരാജയം..!
22 വർഷങ്ങൾക്ക് മുൻപ് നടന്ന അഭയ കൊല കൊലക്കേസിന്റെ രജിസ്റ്റർ തിരുത്തിയ കേസിലെ മൊഴി ഇന്നും എടുത്തു. പഴയ ഡയലോഗ് തന്നെ പ്രതികൾ ആവർത്തിച്ചു. ഇനി ലോകാവസാനം വരെ മൊഴിയെടുപ്പ് തുടരും..! (http://www.manoramaonline.com/cgi-bin/MMONline.dll/portal/ep/malayalamContentView.do?contentId=17758855&programId=1073753760&BV_ID=@@@&tabId=11)

മകളുടെ കൊലപാതകികൾ എന്ന് ആരോപിക്കപ്പെടുന്നവർ ഉന്നതരും മത മേലദ്ധ്യക്ഷന്മാരും ആകുമ്പോൾ വെറും സാധാരണക്കാരിൽ സാധാരണക്കാരായ ഒരു കുടുംബത്തിന് പൊരുതി ജയിക്കാൻ ആയുസ്സിൽ കഴിയുകയില്ല എന്ന് ഒരിക്കൽ കൂടി നമ്മുടെ ജുഡിഷ്യറി യും നിയമ വ്യവസ്ഥിതികളും നമ്മെ മനസ്സിലാക്കിത്തരുന്നു..കഷ്ടം..! ദൈവ വഴിയിൽ പോയ നിർദ്ധനയയ ഒരു പെൺകുട്ടിക്ക് ദൈവം പോലും തുണയില്ലാത്ത വിരോധാഭാസം..!
____________________________________________________________________________

സിസ്റ്റർ അഭയ എന്ന19 വയസ്സുള്ള കന്യാസ്ത്രിയുടെ ജഡം 1992 മാർച്ച് 27-നു കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെൻത് കോൺ‌വെന്റ് കിണറിൽ കണ്ടെത്തിയതാണ് സിസ്റ്റർ അഭയ കൊലക്കേസിന് ആധാരമായ സംഭവം.

കോട്ടയം ജില്ലയിലെ അരീക്കരയിൽ അയ്ക്കരക്കുന്നേൽ വീട്ടിൽ എം. തോമസിന്റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം. കലാലയത്തിൽ രണ്ടാം വർഷ പ്രീഡിഗ്രീ വിദ്യാർത്ഥിനിയായിരുന്നു.

കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ
==============================

ഈ കൊലക്കേസുമായി ബന്ധപ്പെട്ട് 2008 നവംബർ 18-നു 2008 ഒക്‌ടോബർ 18, 19 തീയ്യതികളിലായി ഫാ. തോമസ്‌ കോട്ടൂർ, ഫാ. ജോസ്‌ പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്‌റ്റു ചെയ്‌തു. അഭയ താമസിച്ചിരുന്ന പയസ്‌ ടെൻത്‌ കോൺവെന്റിനു സമീപത്തുനിന്നും സി.ബി.ഐ സംഘം കസ്‌റ്റഡിയിൽ എടുത്ത സഞ്‌ജു പി. മാത്യു എന്നയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റ്. അറസ്റ്റ് ചെയ്ത മൂന്നു പ്രതികളേയും 2008 നവംബർ 19നു, കോടതിയിൽ ഹാജരാക്കുകയും, കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കൂടുതൽ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു കൊടുക്കുകയും ചെയ്തു. സി.ബി.ഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി.

ഇതിനിടെ സിസ്‌റ്റർ അഭയയുടെ കൊലപാതകക്കേസ്‌ അന്വേഷിച്ച മുൻ എ.എസ്‌.ഐ വി.വി. അഗസ്‌റ്റിൻ 2008 നവംബർ 25ന് ആത്മഹത്യ ചെയ്‌തു. സി.ബി.ഐ ചോദ്യം ചെയ്‌ത അഗസ്‌റ്റിനെ 2008 നവംബർ 25ന് കൈത്തണ്ടയിലെ ഞരമ്പ്‌ മുറിച്ചനിലയിൽ ചിങ്ങവനം ചാലിച്ചിറയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന്‌ ഉത്തരവാദി സി.ബി.ഐയാണെന്ന്‌ പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ്‌ ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്‌. അഭയ ആത്മഹത്യയുടെ ഇൻക്വസ്‌റ്റ്‌ തയ്യാറാക്കിയത്‌ അന്ന്‌ കോട്ടയം വെസ്‌റ്റ്‌ സ്‌റ്റേഷനിൽ എ.എസ്‌.ഐയായിരുന്നു അഗസ്‌റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന്‌ ശേഷം ആദ്യം പയസ്‌ ടെൻത്‌ കോൺവെന്റിലെത്തിയ അഗസ്‌റ്റിൻ കേസ്‌ സംബന്ധിച്ച നിർണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന്‌ നേരത്തെ ആരോപണം ഉയർന്നിരുന്നു. പല തവണ ഇയാളെ സി.ബി.ഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തിരുന്നു.സിസ്‌റ്റൻ അഭയ മരിച്ച സമയത്ത്‌ കോട്ടയം വെസ്‌റ്റ് പോലീസ്‌ സ്‌റ്റേഷനിൽ എ.എസ്‌.ഐ. ആയിരുന്നു അദ്ദേഹം. 75 വയസുളള അഗസ്‌റ്റിൻ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ മാപ്പു സാക്ഷിയാകാൻ തയാറായിരുന്നു. പിന്നീട്‌ അദ്ദേഹം നിലപാടു് മാറ്റിയിരുന്നു. കേസന്വേഷണത്തിനിടെ അദ്ദേഹത്തിന്റെ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്ന്‌ സി.ബി.ഐ. സംഘം വ്യക്‌തമാക്കിയിരുന്നു. കോട്ടയം ചാലച്ചിറയ്‌ക്ക് സമീപം മകന്റെ വീടിന്‌ സമീപം ഞെരമ്പ്‌ മുറിച്ചാണ്‌ അദ്ദേഹം ആത്മഹത്യ ചെയ്‌തത്‌.

കൊലക്കേസിൽ കോട്ടയം ബി.സി.എം. കോളജിലെ മുൻ പ്രഫസർ ത്രേസ്യാമ്മയുടെ വെളിപ്പെടുത്തൽ പ്രകാരം കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായിരുന്ന കുര്യാക്കോസ് കുന്നശ്ശേരിക്കു പങ്കുണ്ടെന്നു സി.ബി.ഐ. കോടതിയിൽ സത്യവാങ്മൂലം നൽകി.ചില ലിങ്കുകൾ:
_________________________________________________________________
അഭയ കേസ്: രജിസ്റ്റർ തിരുത്തിയിട്ടില്ലെന്ന് പ്രതികൾ വീണ്ടും മൊഴി നൽകി
http://www.manoramaonline.com/cgi-bin/MMONline.dll/portal/ep/malayalamContentView.do?contentId=17758855&programId=1073753760&BV_ID=@@@&tabId=11
_________________________________________________________________
http://malayalam.oneindia.com/news/2012/07/24/kerala-enough-evidence-abhaya-case-cbi-103232.html
( അഭയകേസ്: മുന്‍ ആര്‍ച്ച് ബിഷപ്പിന് അവിഹിതബന്ധമെന്ന് )
_________________________________________________________________
http://www.mathrubhumi.com/story.php?id=415581

Monday, October 13, 2014

വിഴുപ്പുകെട്ടുകൾ ആഘോഷമാക്കുന്ന ചാനൽദാരിദ്ര്യം..!എന്തിനും പറ്റിയ വളക്കൂറുള്ള ഒരു ഭൂപ്രദേശം ഇന്ത്യാ ഭൂപടത്തിൽ കേരളമല്ലാതെ വേറൊന്നില്ല. തട്ടിപ്പ് കാർക്കും കുറ്റവാളികൾക്കും എന്ന് വേണ്ട എല്ലാ പുളുന്താന്മാർക്കും രാഷ്ട്രീയത്തിൽ തിളങ്ങാമെങ്കിൽ അതെ പശ്ചാത്തലമുള്ള ഒരാൾക്ക് അതും ഒരു സ്ത്രീക്ക് എന്ത് കൊണ്ട് സെലിബ്രറ്റിയാകാൻ പാടില്ല? നിയമം അതിന് അവരെ വിലക്കുന്നില്ല. എന്നാൽ അവരെ പൊക്കിപ്പിടിച്ച് സെലിബ്രറ്റിയാക്കാൻ നടക്കുന്നവന് താനെന്താണ് ചെയ്യുന്നത് എന്ന് ഉത്തമ ബോധ്യം ഉണ്ടാകണം. അതില്ലാത്തവനെ ജനം പുറന്തള്ളണം.

സുബോധമുള്ള ഒരു സധാരണക്കാരൻ മാലിന്യ വസ്തുക്കളും ദുർഗന്ധ വിസർജ്യങ്ങളും പട്ടി പോലും തോണ്ടി പുറത്തെടുക്കാത്ത വിധം ദൂരെയെവിടെയെങ്കിലും കുഴിച്ചിടുകയോ നശിപ്പിച്ച് കളയുകയോ ആണ് ചെയ്യാറുള്ളത്. അല്ലാതെ ഒരു മനുഷ്യനും ഈ സാധനം സ്വീകരണ മുറിയിൽ അതിഥികൾക്ക് മുന്നിൽ കണ്ണാടി പാത്രത്തിലിട്ട് പ്രദർശിപ്പിക്കാറില്ല. സുഗന്ധ ദ്രവ്യം പൂശിയാലും അത് പുണ്യ വസ്തു ആകുകയുമില്ല. ആരെങ്കിലും അങ്ങനെ വിചാരിക്കുന്നുണ്ടെങ്കിൽ അവന് സാരമായ എന്തോ പ്രശ്നം ഉണ്ടെന്ന് വേണം കരുതാൻ. ദൗർഭാഗ്യവശാൽ ഏഷ്യാനെറ്റും അതിന്റെ ചുക്കാൻ പിടിക്കുന്നവരും അങ്ങനെ ഒരു മാനസികാവസ്ഥയിലാണെന്ന് പരസ്യമായി പറയേണ്ടിയിരിക്കുന്നു.

ഈ ചാനൽവിദ്വാന്മാർ വീഡിയോ ക്ലിപ് വിഷയത്തിൽ പണ്ഡിത ശിരോമണികളെ വിളിച്ച് ചർച്ചകളും വിശകലനങ്ങളും നടത്തി ന്യൂസുകൾ കൊഴുപ്പിക്കുന്നത് കണ്ട് കോരിത്തരിക്കാനിരുന്ന പ്രേക്ഷകന്റെ കാത്തിരുപ്പ് വെറുതെയായിപ്പോയി. പേടിച്ചിട്ടാണോ, പെട്ടെന്ന് സദാചാരബോധം ഉണ്ടായതാണോ എന്നറിയില്ല അങ്ങനത്തെ ചർച്ചകളൊന്നും എവിടെയും കാണുന്നില്ല. ചിലപ്പോൾ ഉപകാര സ്മരണയായി മനപ്പൂർവ്വം വാർത്താ പ്രാധാന്യം കൊടുക്കാതെ ഒഴിവാക്കുന്നതുമായിരിക്കാം. പക്ഷെ വ്യക്തമായ ചില ലക്ഷ്യങ്ങളിലേക്കാണ് ഈ ക്ലിപ്പുകൾ വിരൽ ചൂണ്ടുന്നത് എന്ന് നിസ്സംശയം പറയാം.

റേറ്റിംഗ് ദാരിദ്ര്യം കലശലായി അനുഭവപ്പെട്ട്കൊണ്ടിരിക്കുന്ന ചാനലിന്റെ ലക്ഷ്യം കച്ചവട തന്ത്രം മാത്രമാണ്. വിവാദ സ്ത്രീയെ സ്റ്റേജിൽ ചുവട് വെപ്പിച്ചും പാട്ട് പാടിപ്പിച്ചും കാണികളുടെ കൈയ്യടി നേടുക എന്ന മൂന്നാം തരം കച്ചവടം. ഈ തന്ത്രം മനസ്സിലാക്കാനൊട്ട് ആ സരിതക്ക് ബുദ്ധി അങ്ങോട്ട് പോയതും ഇല്ല. റ്റീവിയിലൊക്കെ കാണിക്കുന്നതല്ലെ സംഗതി ഗംഭീരമാക്കണം, പോരെങ്കിൽ സിനിമാ നടിയും ആയി, പിന്നെ എന്തിന് കുറക്കണം എന്നതായിരിക്കണം അവരുടെ അംഗ വിക്ഷേപങ്ങളിൽ ഒരു സ്വയം സെലിബ്രറ്റിയുടെ മട്ടും ഭാവവും ഒക്കെ കാട്ടി കൂട്ടിയത്.

നിങ്ങൾ സരിതയെ പോലെ വളരൂ നിങ്ങളെ ഞങ്ങൾ സെലിബ്രിറ്റിയാക്കാം എന്ന് പരസ്യമായി പൊതു സമൂഹത്തിന് മുന്നിൽ offer വെക്കുന്നതിലൂടെ ചെറുതല്ലാത്ത ഒരു വിഭാഗം പെൺകുട്ടികളെയെങ്കിലും വഴി തെറ്റിച്ച് വിടാൻ ഇത്തരം ഊള പരിപാടികൾ പ്രചോദനമാകും എന്ന നേരിനെ കണ്ടില്ലെന്ന് നടിക്കരുത്.
ഒന്നടങ്കം ഇത്തരം ദുഷിച്ച പ്രവണതകളെ ചെറുത്ത് തോൽപ്പിക്കേണ്ടത് സമൂഹത്തിന്റെ സന്തുലിതമായ നില നില്പിന് അനിവാര്യമാണ്.

ഇന്നലെ വീഡിയോ കണ്ടാസ്വദിച്ച ആയിരക്കണക്കിന് പേർ ഇന്ന് സദാചാരപ്രസംഗവുമായി സോഷ്യൽ മീഡിയയിൽ പാഞ്ഞ് നടക്കുന്നു. കണ്ടവരാരും ഇത് വരെ കണ്ടു എന്ന് പറഞ്ഞ് കേട്ടില്ല.. പക്ഷെ എല്ലാരും അറിഞ്ഞു.. ഇതാണ് നമ്മൾ മലയാളിയുടെ പൊതു സദാചാര സംസ്കാരം.
 

========================
അടിവര: ഒരു കമന്റിൽ കണ്ടത്:
ഏഷ്യാനെറ്റ്  കട്ടൻ ചായ കൊടുക്കാൻ തുടങ്ങിയപ്പോഴേക്കും ആരോ ഒരാൾ (?) അതിനേക്കാൾ ഗംഭീരമാക്കി ബിരിയാണി ഉണ്ടാക്കി നാട്ട് കാർക്ക് മുഴുവൻ കൊടുത്തു.. കിട്ടിയവർ കിട്ടിയവർ അത് തലങ്ങും വിലങ്ങും മിന്നിപ്പിച്ച് അത് സൂപ്പർ ഹിറ്റാക്കി.. 

Saturday, May 17, 2014

കോൺഗ്രസിന്റെ അരിയും മൂഞ്ചി, മണ്ണെണ്ണയും മൂഞ്ചി..!

(( അഡൽറ്റ്സ് ഒൺലി.. 18 വയസിന് മുകളിലുള്ളവർ മാത്രം വായിക്കുക))


ബുദ്ധി വികാസമില്ലാത്ത സ്വന്തം മകളെ അവളുടെ നിസ്സഹായാവസ്ഥയും പ്രതികരിക്കാനുള്ള കഴിവില്ലായ്മയും മുതലെടുത്ത് കൊണ്ട് ഇവൾ ഒരിക്കലും വീട് വിട്ട് ഓടിപ്പോകില്ലെന്നും പ്രതിരോധിക്കില്ലെന്നും ഉള്ള ഉത്തമ ബോധ്യത്താൽ സ്വന്തം അഛനും അപ്പൂപ്പനും നിരന്തരം പീഡിപ്പിച്ച്കൊണ്ടിരിക്കുന്നു;

കോംഗ്രസും കൂട്ട് കക്ഷികളും ഇന്ത്യയിലെ ജനങ്ങളെ ഇങ്ങനെ പീഡിപ്പിക്കാൻ തുടങ്ങിയിട്ട്  കൊല്ലം കുറെയായി. പീഡിതരായ ജനം തിരിച്ചടിക്കില്ല എന്ന് വിചാരിച്ചിട്ടാണോഎന്തോ?

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ മാറ്റിമറിക്കുന്ന തരത്തിൽ പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിനുള്ള കുത്തകാവകാശം ഏതാനും കോർപ്പറേറ്റുകളുടെ ഉമ്മറത്ത് കൊണ്ട് ഇറക്കി കൊടുക്കുമ്പോൾ ഇതൊക്കെ തങ്ങളുടെ കുടുംബത്ത് നിന്ന് ജീപ്പിൽ കേറ്റിക്കൊണ്ട് വന്ന സ്ഥാവര ജംഗമ സ്വത്തുക്കളാണെന്നും ഞങ്ങൾക്കിഷ്ടമുള്ളവന് സൗജന്യമായി കൊടുക്കും നിനക്കൊക്കെ തോന്നക്കൽ പഞ്ചായത്തിൽ എന്താ കാര്യം എന്ന ഗർവ്വായിരുന്നു UPA ക്കും കൂട്ടുകമ്പനിക്കും ഉണ്ടായിരുന്നത്. ജനം തക്കം പാർത്തിരുന്ന് തിരിച്ചടിക്കും എന്ന് കരുതിയതേയില്ല.. അല്ലെങ്കിൽ അതിനുള്ള ബുദ്ധി അങ്ങോട്ട് പോയില്ല.

ആഗോള മന്നന്മാരാകാൻ നടന്ന് കയറിക്കൊണ്ടിരിക്കുന്ന ഇന്ത്യയെന്ന വമ്പൻ സാമ്പത്തിക സ്രോതസിന് സ്വാതന്ത്ര്യം കിട്ടി ആറേമുക്കാൽ പതിറ്റാണ്ടിനിപ്പുറവും 78 മില്യൻ ജനങ്ങളും ഭവന രഹിതരോ തെരുവുകളിൽ വസിക്കുന്നവരോ ആണ്. ചേരികളിൽ താമസിക്കുന്നവർ അതിലും കൂടുതലാണ്. 11.8% ജനങ്ങൾ ഒരു നേരം പോലും വയർ നിറച്ച് ആഹാരം കഴിക്കാൻ നിവൃത്തിയില്ലാത്ത വെറും ദരിദ്രന്മാരാണ്. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർ 25 കോടി ജനങ്ങൾ.!

സ്വതന്ത്രാനന്തര ഭാരതത്തെ 67 കൊല്ലത്തോളം മാറി മാറി ഭരിച്ചിട്ടും ഒരു രാജ്യത്തിന്റെ പ്രാഥമിക പ്രാരാബ്ധങ്ങൾക്ക് പകുതി പോലും പരിഹാരം കാണാൻ നമ്മുടെ ഭരണാധികാരികൾക്ക് കഴിഞ്ഞില്ലെങ്കിൽ അവരെ കാലം കല്ലെറിയുകതന്നെ ചെയ്യും..!

വിവിധ മേഖലകളിൽ ഇന്ത്യ കൈവരിച്ച അഥവാ കൈവരിക്കുന്ന സുവർണ നേട്ടങ്ങളോടൊപ്പം സാധാരണക്കാരിൽ സാധാരണക്കാരായ കോടിക്കണക്കിന് ജനങ്ങളുടെ പ്രാഥമികമായ ആവശ്യങ്ങളൂടെ നിലവാരം കൂടി വളരണം.. അതിന് അഴിമതി രഹിതമായ ഭരണം നടത്താൻ ആർജ്ജവമുള്ള ഭരണാധികാരികൾ ഉണ്ടാകണം.!

ഒരു മാറ്റം അനിവാര്യമാണ്..!
ശക്തമായ മാറ്റം..!
അഴിമതി രഹിതമായ ഭാരതത്തിന് വേണ്ടി..
മതേതര ഭാരതത്തിന് വേണ്ടി..
അഖണ്ഡ ഭാരതത്തിന് വേണ്ടി..

കാത്തിരിക്കാം..!Tuesday, May 13, 2014

മണവാളൻ & സൺസ് പൊതുജനങ്ങളുടെ അറിവിലേക്കായി പുറപ്പെടുവിക്കുന്ന നോട്ടീസ്..!കഷ്ടപ്പെട്ട് ബുദ്ധിമുട്ടി അങ്ങ് ദുഫായില് പൊരിവെയിലത്ത് ഒട്ടകത്തിനെ കറന്നും പനയിൽ കേറിയും ഊറ്റിയുറിഞ്ചി പത്ത് കാശുണ്ടാക്കി ശിഷ്ടകാലം നാട്ടിലെത്തി ചെറിയ ബ്ലേഡ് നടത്തി സ്വസ്ഥമായി ജീവിക്കാമല്ലോ എന്നും പാവപ്പെട്ടവർക്ക് ഒരത്താണിയാകുമല്ലോ എന്നും കരുതിയാണ് മണവാളൻ & സൺസ് കൂതറമുക്കിൽ ഒരു ബ്രാഞ്ച് തുടങ്ങിയത്; എന്നാൽ പലിശക്കെടുത്ത് മുങ്ങുന്നതും പോരാഞ്ഞിട്ട് ബ്ലേഡ് മാഫിയ ബ്ലേഡ് മാഫിയ എന്ന് വിളിച്ചാക്ഷേപിക്കുകയും പോലീസിനെകൊണ്ട് പിടിപ്പിക്കുകയും ചെയ്യുന്ന ഈ ബ്ലഡി മല്ലൂസ് ഒരുകാലത്തും ഗുണം പിടിക്കില്ല.!

പലിശക്കെടുത്ത് നോട്ടിരട്ടിപ്പിക്കാൻ കൊടുക്കുന്നതും അടിച്ച് പൊളിച്ച് ആർഭാടം കാണിക്കുന്നതും ആഡംബര വാഹങ്ങൾ വാങി മറിച്ച് വിറ്റും അതിൽ വരുന്ന കടം നികത്താൻ പിന്നെം പലിശക്കെടുത്ത്  തിരിച്ച് കൊടുക്കാൻ നിവൃത്തിയില്ലാതെ വരുമ്പോൾ ഒരുമുഴം കയറിൽ വീട്ടുകാരെല്ലാരും കൂടി ഒറ്റക്കുരുക്കിൽ കേറി തൂങ്ങുന്നതും ഇപ്പോൾ ഒരു മാതിരി ഫാഷനായിട്ടുണ്ട്.

തിരിച്ചടക്കാൻ നിവൃത്തിയില്ലാത്തവൻ പലിശക്കെടുക്കാൻ വരുന്നത് നിയമം മൂലം തടയാൻ സർക്കാർ തയ്യാറാകണം, ഒപ്പം പാവം പലിശക്കാരെ സംരക്ഷിക്കാനും നിയമം കൊണ്ട് വരണം; ഇല്ലെങ്കിൽ ഞങ്ങൾക്കും ആത്മഹത്യ തന്നെ തിരഞ്ഞെടുക്കേണ്ടി വരും.

നാട്ടുകാർക്കും പോലീസിനും പത്രക്കാരനും ടീവീക്കാരനും എല്ലാവനും കൂടി നെഞ്ചത്ത് കേറി നിരങ്ങാൻ മണവാളൻ & സൺസ് റോഡ് വക്കിൽ പാണ്ടിക്കാരൻ ഉണക്കാനിട്ടിരിക്കുന്ന നിക്കറല്ല എന്ന് വിനയപുരസ്സരം അറിയിക്കട്ടെ.

ഈ നിലയിൽ ഇനി ബിസിനസ് മുന്നോട്ട് കൊണ്ട് പോകാൻ കഴിയുകയില്ല എന്ന നഗ്ന സത്യം കൂടി നാട്ടുകാരെ അറിയിക്കാൻ ഈ അവസരം വിനിയോഗിക്കുകയാണ്.

ഇവിടുന്ന് ഓരോരുത്തന്മാർ കരഞ്ഞ് കാലുപിടിച്ച് മേടിച്ച്കൊണ്ട് പോയ കാശ് ആരുടേയും സ്ത്രീധന ബാക്കിയോ കുടുംബ ഓഹരിയോ അല്ലെന്ന് ഓർത്ത്, തരാതെ മുങ്ങി നടക്കുന്നവന്മാർ എത്രയും പെട്ടന്ന് എന്റെ കാശ് തിരികെ തന്ന് എന്നെയും കുടുംബത്തേയും ഒരാത്മഹത്യയിൽ നിന്ന് രക്ഷിക്കണം എന്ന്  അറിയിക്കുന്നു

എന്ന്

പ്രൊപ്രൈറ്റർ
മണവാളൻ & സൺസ്
(ഒപ്പ്)

Monday, May 12, 2014

"ഒരു ലൈക് ഒരു പ്രാർഥന", "ഒരു ഷെയർ പീഡിപ്പിച്ചവച്ചവന്റെ നെഞ്ചത്തിട്ട് ഒരു ചവിട്ട്"
നാടോടുമ്പം നടുവെ ഓടണം, പാമ്പിനെ തിന്നുന്ന നാട്ടിൽ ചെല്ലുമ്പോൾ നടുക്കണ്ടം തിന്നണം എന്നിങ്ങനെ പഴമൊഴിക്ക് ഒരു പഞ്ഞവുമില്ലാത്ത നാട്ടിലാണ് നമ്മുടെ വാസം.!

ഒരു സ്മാർട്ട് ഫോണും ഒരു ഫെയ്സ് ബുക്ക് അക്കൗണ്ടും ഇല്ലെങ്കിൽ പിന്നെ ഈ ഭൂമിയിൽ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം എന്നാണ് ന്യൂ ജനറേഷൻ ആകാൻ കൊണ്ട് പിടിച്ച് ശ്രമിക്കുന്ന തൈക്കിളവന്മാർ വരെ ചോദിക്കുന്നത്; അപ്പൊ പിന്നെ ഒറിജിനൽ ന്യൂ ജനറേഷന്റെ കാര്യം പറയാനുണ്ടോ?

നിങ്ങളാരും നിങ്ങളുടെ പെണ്മക്കൾക്ക് ദയവായി മൊബൈൽ ഫോൺ വാങ്ങി കോടുക്കരുതെ എന്ന് ഒരു അമ്മ പറഞ്ഞാൽ പെട്ടന്ന് അതങ്ങ് സമ്മതിച്ച് കൊടുക്കാൻ സോഷ്യൽ മീഡിയയിൽ കുത്തിയിരുന്ന് ഫെമിനിസം പുഴുങ്ങി പോസ്റ്റിടുന്ന ഏതെങ്കിലും വനിതാ രത്നങ്ങളോ അവരുടെ ആസനം താങ്ങികളോ തയ്യാറാകുമോ? നാട്ടിലെ പെൺപിള്ളാരെ ഫെമിനിസ്റ്റാക്കാനും പുരുഷന്മാരെ സദാചാരന്മാരാക്കാനും സദാ പാടുപെട്ടുകൊണ്ടിരിക്കുന്ന ഇവർ സ്വന്തം വീട്ടിലെ പെണ്മക്കൾ മൊബൈൽ ഫോണിൽ നിരന്തരം സമയത്തും അസമയത്തും കുശുകുശുക്കുന്നത് കണ്ടാൽ ചോദ്യം ചെയ്യാതെ കണ്ണടച്ച് അവരെ പ്രോൽസാഹിപ്പിക്കുകയാണോ ചെയ്യുക?

ഫോണും ഫെയ്സ്ബുക്കുമൊന്നുമില്ലാതിരുന്ന കാലത്തും പീഢനങ്ങളും വാണിഭങ്ങളുമൊന്നും നടന്നിട്ടില്ലേ എന്നത് മണ്ടൻ ചോദ്യമാണ്. നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്. പക്ഷേ തിരുവനന്തപുരത്ത് നിന്ന് പോകുന്ന ഒരു മിസ്ഡ് കാൾ കാസർഗോഡ് ഏതെങ്കിലും ഒരു പെങ്കൊച്ചിന്റെ മൊബൈലിൽ ആണ് ചെന്ന് വീഴുന്നതെങ്കിൽ പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി എരുമേലിയിൽ നിന്ന് ആട്ടോ വിളിച്ച് വരും എന്ന പോലെ ക്രമേണ ഒരു ഇന്റെർ ജില്ലാ പീഢനത്തിനുള്ള സധ്യത തെളിഞ്ഞ് വരുന്നില്ലേ? ഇന്നത്തെക്കാലത്ത് ദിവസേന മിനിമം ഒരു പത്ത് മൊബൈൽ പ്രണയ / പീഢന വാർത്തകളെങ്കിലുമില്ലാത്ത പത്രങളും ചാനലുകളും ഒരുമാതിരി മഞ്ഞക്കരു ഇല്ലാത്ത കോഴിമുട്ടപോലെയാണ്. (ഇമ്മാതിരി വാർത്തകളും ചൂടുള്ള ചർച്ചകളും ആണ് തിയറ്ററുകളിൽ A പടത്തിന്റെ ഡിമാന്റ് കുത്തനെ കുറയാനുള്ള കാരണം എന്ന് ആരുടേയോ സ്റ്റാറ്റസിൽ വായിച്ചിരുന്നു).

എന്നാൽ എല്ല മിസ്ഡ് കാളുകളും പീഡന കാളുകൾ ആണെന്നും മൊബൈൽ ഫോണുപയോഗിച്ചാൽ മൊത്തം പെമ്പിള്ളേരും വഴി തെറ്റി പോകുമെന്നും മൊബൈൽ ഫോൺ വഴിയാണ് കേരളതിൽ മുഴുവൻ പീഢനങ്ങളും വാണിഭങ്ങളും നടക്കുന്നതെന്നും സമർത്ഥിക്കുന്നത് മഠയത്തരമാണ്.

കൂട്ടുകാരിയുടെ വീട്ടിൽ പോയ മകൾ വരാൻ ലേറ്റ് ആയാൽ, റ്റ്യൂഷന് പോയ മക്കൾ എന്താ ഇനിയും വരാത്തതെന്ന് വിളിച്ച് ചോദിക്കാൻ  നിരവധി നിരവധി ഉപയോഗം ഈ സാധനത്തിനുണ്ട് എന്നത് കണ്ടില്ലെന്ന് നടിക്കുന്നത് കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം ഉൾക്കൊള്ളാൻ തയ്യാറാകാതെ വെറും പഴഞ്ചനായി തന്നെ ഇരിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ്.

എന്നാൽ ഒളിഞ്ഞിരിക്കുന്ന ഇതിന്റെ ദോഷവശം കണ്ടില്ലെന്ന് നടിക്കുന്നത് ഒരു പക്ഷേ ജീവിതം തന്നെ മാറി മറിഞ്ഞേക്കാം.. ഉപയോഗിക്കുന്നതിനുള്ള പക്വതയില്ലായ്മ ദുരുപയോഗപ്പെടുത്താൻ ഏറെ സാധ്യതയുണ്ട്.

മൊബൈലും മറ്റ് സാങ്കേതിക വിദ്യകളും വന്നതോട് കൂടി പീഡിപ്പിക്കാൻ മുട്ടി നിൽക്കുന്നോന്മാർക്ക് വിവിധ വാതായനങ്ങൾ പുഷ്പം പോലെ തുറന്ന് കിട്ടിയെന്നുള്ളതാണ് പരമാർത്ഥം. ഷെയർ മാർക്കറ്റിൽ മൂലധനമിറക്കാൻ ഒരു പലിശക്കാരൻ ശ്രമിക്കുന്നതിലും അപ്പുറത്തെ വിദ്യകളാണ് ലവൻ ഇവിടെ പ്രയൊഗിച്ച് തുടങ്ങുന്നത്. പാവം ചിലരെങ്കിലും ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഒരു പിടിയും കിട്ടാതെ പിടിച്ച് നിൽക്കാൻ പെടാപാട് പെട്ട് ഒടുവിൽ ഇവന്മാരുടെ പരാക്രമങ്ങളുടെ ഇരയായി തീർന്നാൽ ആരെയാണ് കുറ്റപെടുത്തുക? രക്ഷപ്പെടണം എന്ന തോന്നലുണ്ടാകുമ്പോഴേക്കും ചാനലുകളിൽ ലൈവ് ചർച്ചകളും പത്രത്താളുകളിൽ വെണ്ടക്കയും നിരന്ന് കഴിഞ്ഞിട്ടുണ്ടാകും. കേൾക്കുന്നവർക്കും കേൾപ്പിക്കുന്നവർക്കും ഒരു ദിവസത്തെ എന്റർടെയ്ന്റ്മെന്റ്.. ഒരു കുടുംബത്തിന്റെ ജീവിതം അവിടെ ഉരുകി തീരുന്നത് കാണാൻ കണ്ണുകളില്ലാതായി തീർന്നിരിക്കുന്നു എല്ലാർക്കും..!
ഇതാണ് സുഗതകുമാരി റ്റീച്ചർ പെൺകുട്ടികളുടെ അമ്മമാരെ ഓർമപ്പെടുത്തിയത്. ഇതിനെതിരേ വാളെടുക്കുന്ന ഭൂരിഭാഗം പേർക്കും സോഷ്യൽ മീഡിയയിലെ ചില പോസ്റ്റുകൾക്ക് "ഒരു ലൈക് ഒരു പ്രാർഥന", "ഒരു ഷെയർ പീഡിപ്പിച്ചവച്ചവന്റെ നെഞ്ചത്തിട്ട് ഒരു ചവിട്ട്" എന്നിങ്ങനെ ഷെയർ ചെയ്തും അതിൽ ലൈക്കടിച്ചും ഉള്ള ജീവകാരുണ്യ പ്രവർത്തികൾ ചെയ്തുള്ള പരിചയം മാത്രമാണുള്ളത് .

എന്നാൽ സ്വന്തം ജീവിത അനുഭവ സമ്പത്ത് കൊണ്ടാണ് ടീച്ചർ അത് പറഞ്ഞിട്ടുള്ളത്, ഇതൊന്നുമറിയാതെ റ്റീച്ചർക്കെതിരെ വാളെടുക്കാൻ എന്ത് മതിയായ അനുഭവങ്ങളാണ് സോഷ്യൽ മീഡിയ  എന്ന പൊട്ടക്കുളത്തിൽ തൂറി നാറ്റുന്ന ഡാഷുകൾക്കുള്ളതെന്ന് മനസ്സിലാകുന്നില്ല.

വെറും ലൈക്കുകളുടെ എണ്ണം കൂട്ടാൻ വേണ്ടി എഴുതി വിടുന്ന ലോകോത്തര സാഹിത്യങ്ങൾ പോസ്റ്റുന്നതിന് മുൻപായി സ്വന്തം വീട്ടിലെ മക്കൾ ഈ സാധനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്ന് കൂടി മനസ്സിലാക്കാൻ ഓരോരുത്തരും ശ്രമിച്ചാൽ നന്ന്.!


രണ്ട് ദിവസം മുന്നേ കേട്ട ഒരു വാർത്ത
ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതിന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു:Friday, January 3, 2014

അഛനുറങ്ങാത്ത വീട്..!
ഗണേശനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ പിള്ള കളിച്ച കളികൾ കണ്ട് സാക്ഷാൽ ഒടേ തമ്പുരാൻ പോലും പിള്ളയുടെ കാൽക്കൽ വീണ് സാഷ്ടാംഗം നമിച്ച് പോയിക്കാണും. പണിയൊന്നും ഏശാതായപ്പോൾ ഇനി അങ്ങനൊരു മകൻ എനിക്ക് പിറന്നിട്ടില്ലെന്നും കേ.കോ. ക്ക് അങ്ങനൊരു മന്ത്രിയില്ലെന്നും പറയാൻ പിള്ള രണ്ടാമതൊന്നാലോചിച്ചില്ല. അതാണ് പിള്ള.

ആ പിള്ളക്കാണ് ഇപ്പോൾ ഉറക്കമില്ലാത്ത രാവുകൾ തള്ളി നീക്കേണ്ടുന്ന ഗതികേട് വന്നിരിക്കുന്നത്. മകനെ മന്ത്രിയാക്കാത്തതിൽ മനം നൊന്ത് നെഞ്ചകം പൊട്ടി നിലവിളിക്കുന്ന ആ അഛന്റെ കണ്ണീർ കാണാൻ കണ്ണിൽ ചോരയില്ലാത്ത ഒരുത്തനും ഐക്യമുന്നണിയിൽ ഇല്ലാതായിപ്പോയതിൽ ഞാൻ എന്റെ കുണ്ഠിതം നിർവ്യാജം രേഖപ്പെടുത്തുന്നു. ഇടിവെട്ടിയ മാക്കാം തവളയുടെ പള്ളക്ക് പാണ്ടീലോറി കേറിയപോലെ എന്നൊക്കെ പറയുന്നത് ഇതിനെയാണോ സർ?

പണ്ട് രമേശിനെ മന്ത്രിയാക്കാൻ നടന്ന പിള്ളയാണ് ഇപ്പൊ മന്ത്രിസഭക്ക് കോഴിവസന്ത പിടിച്ചിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.!

ഇക്കൊല്ലം ഇദ്ദേഹത്തിനൊരു പദ്മ ശ്രീയെങ്കിലും കിട്ടും..!!  ഇല്ലെങ്കിൽ കനപ്പെട്ടത് എന്തെങ്കിലും ഇദ്ദേഹത്തിന് കൊടുക്കണം..!

============================================
മിനിറ്റ് മിനിറ്റ് ഒരുളുപ്പുമില്ലാതെ മാറ്റിമാറ്റി പ്പറയുന്നതൊക്കെ കേട്ടോണ്ടിരിക്കാൻ നാട്ടുകാരൊക്കെ വെറും കിഴങ്ങന്മാരാണെന്ന് വിചാരിക്കുന്ന എല്ലാ ഇരട്ടത്താപ്പിന്റെ ഉസ്താദ് മാർക്കും വേണ്ടി സമർപ്പിക്കുന്നു.!