"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Thursday, July 26, 2012

മാണി മന്ത്രീടെ മൊഫീലും കളരി ആശാന്റെ ഉണ്ടംപൊരിയും.. തലയൊന്നുക്ക് 26000 രൂഫാ...!!

(കാർട്ടൂൺ കടപ്പാട് ജോയി കുളനട)

ആലുവാ മണപ്പുറത്തെ ഉൽസവത്തിന് വന്നിട്ട് തിരികെപ്പോകുന്ന പാണ്ടി അണ്ണാച്ചിമാരുടെ ഭാണ്ഡക്കെട്ടിനുള്ളിൽ ഊതിയാൽ "പീ..പീ.." കേൾക്കുന്ന ഊത്താംപെട്ടി മുതൽ അളിഞ്ഞ ഈത്തപ്പഴം വരെ ഉണ്ടാകും വീട്ടിലെത്തിയാലുടൻ മക്കൾക്കും പൊണ്ടാട്ടിമാർക്കും സമ്മാനമായി കൊടുക്കാൻ..!

സംഗതിയാക്കെ മാറിപ്പോയി.. ബഡ്ജറ്റ് സമ്മേളനം കഴിഞ്ഞ് പോകുന്ന 141 എമ്മെല്ലെമാരും കൈ നിറയെ സമ്മാനങളുമായിട്ടാണ് തിരികെ പോകുന്നത്.. ഐറ്റംസ് കൊണ്ട് പോകാൻ ഇബ്രാഹിം മന്ത്രിയുടെ വക ബല്യ ബ്രീഫ്കെയ്സ് ഫ്രീ..

വീട്ടിൽ പോയി വെറുതെ ചൊറിയും കുത്തിയിരിക്കുമ്പോൾ ഉരുട്ടിക്കളിക്കാൻ കളരി ആശാൻ മോഹനൻ മന്ത്രീടെ വക ആന വലിപ്പത്തിൽ ആയുർവേദ ഉണ്ടംപൊരി സകലർക്കും സൗജന്യം.. ചിലരൊക്കെ കിട്ടിയ പാടെ കടിച്ച് പല്ലിന്റെ ബലപരീക്ഷണവും നടത്തി നോക്കി..!

പാലായിലെ മാണിക്യം 29000 രൂപ വിലവരുന്ന സാംസംഗിന്റെ ഓരോ മൊബൈൽ വീതം ആളൊന്നുക്ക് സമ്മാനിച്ച് സഭയിലെ സാന്താക്ലോസായി..പക്ഷെ എമ്മെല്ലെമാർക്ക് ഈ മൊഫീൽ വലിയ ആനക്കാര്യമൊന്നുമല്ല. ഇതിനേക്കാൾ ജമണ്ടൻ സാധനങ്ങളാണ് ഓരോരുത്തരുടേയും കൈയ്യിലിരിക്കുന്നത്.. അതുമാത്രമോ.. പിന്നെയുമുണ്ട് കിടുപിടികൾ, ക്യാമറ, ഡിന്നർ സെറ്റ്, ആന, മയിൽ, ഒട്ടകം..ഹോ.. എല്ലാം കൂടെ വീട്ടിലെത്തിക്കണമെങ്കിൽ എമ്മെല്ലെമാർ ഓടിനടന്ന് പെട്ടി ആട്ടോ തന്നെ വിളിക്കേണ്ടിവരും.

സമ്മാനങ്ങളൊക്കെ ചാക്കിൽ വാരിക്കെട്ടുന്ന തള്ളിലും തിരക്കിലും സഭയിലെ പുലികളൊന്നും മാണിച്ചായൻ മൈക്കിലൂടെ സില്ലിയായി പറഞ്ഞ മറ്റൊരു കാര്യം കേട്ടില്ല. "കേരളത്തിൽ ആളൊന്നുക്ക് 26067 രൂപാ നിരക്കിൽ കടം മേടിച്ചാണ് സർക്കാർ കാര്യങ്ങൾ നടത്തിക്കൊണ്ട് പോകുന്നത് എന്ന്." ഏഴാം കൂലികളായ നാട്ടുകാരെക്കൊണ്ട് അങ്ങിനെയെങ്കിലും സർക്കാരിനൊരുപയോഗമായല്ലൊ.

നാട്ട്കാരന്റെ പിച്ചച്ചട്ടിയിൽ കൈയ്യിട്ട് വാരാനും ഇതൊക്കെ മേടിച്ച് കൂട്ടാനും ഇടതനും വലതനും കാലുമാറ്റക്കാരനും  ഒക്കെ ഒറ്റക്കെട്ട്..സഭയിൽ തർക്കമില്ല, സബ്മിഷനില്ല, ഇറങ്ങിപ്പോക്കില്ല, എന്തൊരൈകമത്യം.. കണ്ണ് മഞ്ഞളിച്ച് പോയി.. ഇതാണണ്ണാ നുമ്മ പറഞ്ഞ ആ സോഷ്യലിസം..!!

പുറം ചൊറിയൽ:  കറണ്ട് ചാർജ് വീണ്ടും കൂട്ടി.. അപ്പൊ എമ്മെല്ലെമാർക്ക് ബമ്പർ സമ്മാനം ഇനി വേറെയും വരാനിരിക്കുന്നു..!!

 ഇവിടെ ഞെക്കി കഴിഞ്ഞ മാർച്ചിൽ എമ്മെല്ലെമാർക്ക് കേരള ഗവൺമെന്റ് ഭാഗ്യക്കുറിയുടെ ബമ്പറടിച്ചത് വായിക്കാം.. !!


Monday, July 16, 2012

"അമ്മായിഅമ്മേടെ കുംഭകോണം.. എന്റെ ഫ്ലാറ്റിൽ തൊട്ട്കളിക്കരുത്..!!


ഒളിക്യാമറ വെച്ച് കൈക്കൂലിയും കോഴയും ഉണ്ടാക്കിയും ഉണ്ടാക്കിപ്പിച്ചും ലൈവാക്കി ഹോട്ട് ന്യൂസ് കാണിക്കാൻ മുട്ടി നിൽക്കുന്ന പത്ര, മാധ്യമക്കാരാ ലജ്ജയില്ലേ നിങ്ങൾക്ക് സർക്കാരിന്റെ ഭവന നിർമ്മാണ ബോർഡിനെ കഴിഞ്ഞ പന്ത്രണ്ട് വർഷമായി പറ്റിച്ച് ഒടുവിൽ കുടിശ്ശികയും ലോൺ തുകയും നിരുപാധികം എഴുതി തള്ളാൻ പ്രേരിപ്പിക്കാൻ..

പത്രപ്രവർത്തകൻ എന്ന പേരിൽ ഫ്ലാറ്റ് സംഘടിപ്പിച്ച് മേൽവാടകക്ക് വേറെ കൊടുത്ത് മാസം തോറും വാടകക്കാശ് മേടിച്ച് പത്രപ്രവർത്തനത്തെ "ഉദ്ധരിപ്പിക്കുന്ന" മാധ്യമ വിദ്വാൻമാരേ നിങ്ങൾക്ക് എന്ത് പത്ര ധാർമികതയാണുള്ളത്..??

ഈ ജീർണലിസ്റ്റ്മാരാണ് ഓരോ ദിവസവും

"കോപ്പിലെ തിരിമറി, ലക്ഷങ്ങളുടെ വെട്ടിപ്പ്.."

"അമ്മായിഅമ്മേടെ കുംഭകോണം, കോടികൾ മുക്കി.."

എന്നൊക്കെ വാർത്തകൾ വെച്ച് ചാമ്പുന്നത്.. തക്കം കിട്ടിയാൽ നമുക്കും പുളിക്കില്ല എന്ന് തെളിയിച്ച ജീർണലിസ്റ്റുകൾ..!!

കവർസ്റ്റോറി അവതാരകയുടെ ഭർത്താവിന്റെ പേരിലുമുണ്ട് ഒരു ഫ്ലാറ്റ്.. ഈ ആഴ്ചത്തെ കവർസ്റ്റോറിക്ക് നട്ടെല്ലുണ്ടോ സ്വന്തം ഫ്ലാറ്റ് കാണിച്ച് അഴിമതി വാർത്ത കാണിക്കാൻ.. ഇമ്മിണി പുളിക്കും..!!

പതിനായിരമോ ഇരുപതിനായിരമോ കാർഷിക വായ്പയെടുത്ത് തിരിച്ചടക്കാൻ നിവൃത്തിയില്ലാതെ വരുന്ന പാവം കർഷകനെ ജപ്തി ചെയ്ത് തെരുവിലിറക്കി ആത്മഹത്യ ചെയ്യിപ്പിക്കുന്ന നാടാണ് നമ്മുടേത്. ഇതും വെണ്ടക്കാ വാർത്തയാക്കുന്ന ജീർണലിസ്റ്റേ ഈ കർഷകന്റേയും കൂടി നികുതിപ്പണമാണ് നീ സർക്കാരിനേയും നാട്ടുകാരേയും കബളിപ്പിക്കാൻ ശ്രമിക്കുന്നത് എന്നോർക്കുക..

ഈ വാർത്തപുറത്ത് കൊണ്ട് വന്ന ഇൻഡ്യൻ എക്സ്പ്രസ്സ് ലേഖകൻ ഷാജു ഫിലിപ്പിന് അഭിനന്ദങ്ങൾ..! (പ്രലോഭനങ്ങളിൽ വീഴാതിരുന്നാൽ നന്ന്..)

(ഇത് അഴിമതി കുംഭകോണം നടത്തുന്ന മാധ്യമ പ്രവർത്തകരെ മാത്രം ഉദ്ദേശിച്ചാണ്; മറ്റാർക്കെങ്കിലും അങ്ങിനെ അല്ലാ എന്ന് തോന്നിയിട്ടുണ്ടെങ്കിൽ "ആയിരങ്ങളിൽ ഒരുവൻ" ഉത്തരവാദി അല്ല.)


Monday, July 2, 2012

പുരുഷു എന്നെ അനുഗ്രഹിക്കണം.. സോറി.. പുരുഷുവിനെ ഞാൻ അനുഗ്രഹിക്കുന്നു..!!



കുറച്ച് നാൾ ജയിലിൽ കഴിഞ്ഞതോടെ പിള്ളയുടെ ശൗര്യമൊക്കെ ഒരുമാതിരി വൺ.. ടൂ.. ത്രീ പറഞ്ഞ് കെണിയിലായിപ്പോയ മണിയുടേത് മാതിരി ആയിപ്പോയി..!

വെടി തീർന്ന ഠയറിൽ കമ്പിപ്പാര കുത്തി ബാക്കി കാറ്റ് കൂടി തുറന്ന് വിടുമ്പോഴത്തെ "ശ്..ശ്ശ്..ശ്ശൂ.."  എന്ന അവസ്ഥയിലാണ് കൊട്ടാരക്കരയിലെ ഈ ഗർജ്ജിക്കുന്ന സിംഗത്തിന്റെ ഇപ്പോഴത്തെ ഡയലോഗുകൾ കേട്ടാൽ തോന്നുക..!! കലികാലം..!

താനൊരു മണ്ടനാണെന്നും അത് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും പിള്ള സമ്മതിച്ച്പോലും.. എല്ലാ മണ്ടൻമാർക്കും ഒരു ദിവസമുണ്ടെന്നും അന്ന് മുഖ്യമന്ത്രി മനസ്സിലാക്കുമെന്നും പിള്ള സ്വയം ആശ്വസിക്കുന്നു..!! (മോനേ ഗണേശാ.. അപ്പനെക്കൊണ്ട് ഇത്രേം പറേപ്പിക്കണമാരുന്നോ...???)

രാഷ്ട്രീയത്തിൽ മക്കൾ തന്നെക്കാൾ കേമനാകണം എന്ന ആഗ്രഹിക്കുന്ന എല്ലാ അതിമോഹികളായ അഛൻമാർക്കുമുള്ള ഒരു താക്കീതാണ് ഒന്നും ചെയ്യാൻ പറ്റാതായിപ്പോയ പിള്ളയുടെ ഇപ്പോഴത്തെ ഈ നിസ്സഹായാവസ്ഥ..!!

അഛൻമാർ ജാഗ്രതൈ..!!