"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Monday, May 12, 2014

"ഒരു ലൈക് ഒരു പ്രാർഥന", "ഒരു ഷെയർ പീഡിപ്പിച്ചവച്ചവന്റെ നെഞ്ചത്തിട്ട് ഒരു ചവിട്ട്"




നാടോടുമ്പം നടുവെ ഓടണം, പാമ്പിനെ തിന്നുന്ന നാട്ടിൽ ചെല്ലുമ്പോൾ നടുക്കണ്ടം തിന്നണം എന്നിങ്ങനെ പഴമൊഴിക്ക് ഒരു പഞ്ഞവുമില്ലാത്ത നാട്ടിലാണ് നമ്മുടെ വാസം.!

ഒരു സ്മാർട്ട് ഫോണും ഒരു ഫെയ്സ് ബുക്ക് അക്കൗണ്ടും ഇല്ലെങ്കിൽ പിന്നെ ഈ ഭൂമിയിൽ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം എന്നാണ് ന്യൂ ജനറേഷൻ ആകാൻ കൊണ്ട് പിടിച്ച് ശ്രമിക്കുന്ന തൈക്കിളവന്മാർ വരെ ചോദിക്കുന്നത്; അപ്പൊ പിന്നെ ഒറിജിനൽ ന്യൂ ജനറേഷന്റെ കാര്യം പറയാനുണ്ടോ?

നിങ്ങളാരും നിങ്ങളുടെ പെണ്മക്കൾക്ക് ദയവായി മൊബൈൽ ഫോൺ വാങ്ങി കോടുക്കരുതെ എന്ന് ഒരു അമ്മ പറഞ്ഞാൽ പെട്ടന്ന് അതങ്ങ് സമ്മതിച്ച് കൊടുക്കാൻ സോഷ്യൽ മീഡിയയിൽ കുത്തിയിരുന്ന് ഫെമിനിസം പുഴുങ്ങി പോസ്റ്റിടുന്ന ഏതെങ്കിലും വനിതാ രത്നങ്ങളോ അവരുടെ ആസനം താങ്ങികളോ തയ്യാറാകുമോ? നാട്ടിലെ പെൺപിള്ളാരെ ഫെമിനിസ്റ്റാക്കാനും പുരുഷന്മാരെ സദാചാരന്മാരാക്കാനും സദാ പാടുപെട്ടുകൊണ്ടിരിക്കുന്ന ഇവർ സ്വന്തം വീട്ടിലെ പെണ്മക്കൾ മൊബൈൽ ഫോണിൽ നിരന്തരം സമയത്തും അസമയത്തും കുശുകുശുക്കുന്നത് കണ്ടാൽ ചോദ്യം ചെയ്യാതെ കണ്ണടച്ച് അവരെ പ്രോൽസാഹിപ്പിക്കുകയാണോ ചെയ്യുക?

ഫോണും ഫെയ്സ്ബുക്കുമൊന്നുമില്ലാതിരുന്ന കാലത്തും പീഢനങ്ങളും വാണിഭങ്ങളുമൊന്നും നടന്നിട്ടില്ലേ എന്നത് മണ്ടൻ ചോദ്യമാണ്. നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്. പക്ഷേ തിരുവനന്തപുരത്ത് നിന്ന് പോകുന്ന ഒരു മിസ്ഡ് കാൾ കാസർഗോഡ് ഏതെങ്കിലും ഒരു പെങ്കൊച്ചിന്റെ മൊബൈലിൽ ആണ് ചെന്ന് വീഴുന്നതെങ്കിൽ പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി എരുമേലിയിൽ നിന്ന് ആട്ടോ വിളിച്ച് വരും എന്ന പോലെ ക്രമേണ ഒരു ഇന്റെർ ജില്ലാ പീഢനത്തിനുള്ള സധ്യത തെളിഞ്ഞ് വരുന്നില്ലേ? ഇന്നത്തെക്കാലത്ത് ദിവസേന മിനിമം ഒരു പത്ത് മൊബൈൽ പ്രണയ / പീഢന വാർത്തകളെങ്കിലുമില്ലാത്ത പത്രങളും ചാനലുകളും ഒരുമാതിരി മഞ്ഞക്കരു ഇല്ലാത്ത കോഴിമുട്ടപോലെയാണ്. (ഇമ്മാതിരി വാർത്തകളും ചൂടുള്ള ചർച്ചകളും ആണ് തിയറ്ററുകളിൽ A പടത്തിന്റെ ഡിമാന്റ് കുത്തനെ കുറയാനുള്ള കാരണം എന്ന് ആരുടേയോ സ്റ്റാറ്റസിൽ വായിച്ചിരുന്നു).

എന്നാൽ എല്ല മിസ്ഡ് കാളുകളും പീഡന കാളുകൾ ആണെന്നും മൊബൈൽ ഫോണുപയോഗിച്ചാൽ മൊത്തം പെമ്പിള്ളേരും വഴി തെറ്റി പോകുമെന്നും മൊബൈൽ ഫോൺ വഴിയാണ് കേരളതിൽ മുഴുവൻ പീഢനങ്ങളും വാണിഭങ്ങളും നടക്കുന്നതെന്നും സമർത്ഥിക്കുന്നത് മഠയത്തരമാണ്.

കൂട്ടുകാരിയുടെ വീട്ടിൽ പോയ മകൾ വരാൻ ലേറ്റ് ആയാൽ, റ്റ്യൂഷന് പോയ മക്കൾ എന്താ ഇനിയും വരാത്തതെന്ന് വിളിച്ച് ചോദിക്കാൻ  നിരവധി നിരവധി ഉപയോഗം ഈ സാധനത്തിനുണ്ട് എന്നത് കണ്ടില്ലെന്ന് നടിക്കുന്നത് കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം ഉൾക്കൊള്ളാൻ തയ്യാറാകാതെ വെറും പഴഞ്ചനായി തന്നെ ഇരിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ്.

എന്നാൽ ഒളിഞ്ഞിരിക്കുന്ന ഇതിന്റെ ദോഷവശം കണ്ടില്ലെന്ന് നടിക്കുന്നത് ഒരു പക്ഷേ ജീവിതം തന്നെ മാറി മറിഞ്ഞേക്കാം.. ഉപയോഗിക്കുന്നതിനുള്ള പക്വതയില്ലായ്മ ദുരുപയോഗപ്പെടുത്താൻ ഏറെ സാധ്യതയുണ്ട്.

മൊബൈലും മറ്റ് സാങ്കേതിക വിദ്യകളും വന്നതോട് കൂടി പീഡിപ്പിക്കാൻ മുട്ടി നിൽക്കുന്നോന്മാർക്ക് വിവിധ വാതായനങ്ങൾ പുഷ്പം പോലെ തുറന്ന് കിട്ടിയെന്നുള്ളതാണ് പരമാർത്ഥം. ഷെയർ മാർക്കറ്റിൽ മൂലധനമിറക്കാൻ ഒരു പലിശക്കാരൻ ശ്രമിക്കുന്നതിലും അപ്പുറത്തെ വിദ്യകളാണ് ലവൻ ഇവിടെ പ്രയൊഗിച്ച് തുടങ്ങുന്നത്. പാവം ചിലരെങ്കിലും ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഒരു പിടിയും കിട്ടാതെ പിടിച്ച് നിൽക്കാൻ പെടാപാട് പെട്ട് ഒടുവിൽ ഇവന്മാരുടെ പരാക്രമങ്ങളുടെ ഇരയായി തീർന്നാൽ ആരെയാണ് കുറ്റപെടുത്തുക? രക്ഷപ്പെടണം എന്ന തോന്നലുണ്ടാകുമ്പോഴേക്കും ചാനലുകളിൽ ലൈവ് ചർച്ചകളും പത്രത്താളുകളിൽ വെണ്ടക്കയും നിരന്ന് കഴിഞ്ഞിട്ടുണ്ടാകും. കേൾക്കുന്നവർക്കും കേൾപ്പിക്കുന്നവർക്കും ഒരു ദിവസത്തെ എന്റർടെയ്ന്റ്മെന്റ്.. ഒരു കുടുംബത്തിന്റെ ജീവിതം അവിടെ ഉരുകി തീരുന്നത് കാണാൻ കണ്ണുകളില്ലാതായി തീർന്നിരിക്കുന്നു എല്ലാർക്കും..!
ഇതാണ് സുഗതകുമാരി റ്റീച്ചർ പെൺകുട്ടികളുടെ അമ്മമാരെ ഓർമപ്പെടുത്തിയത്. ഇതിനെതിരേ വാളെടുക്കുന്ന ഭൂരിഭാഗം പേർക്കും സോഷ്യൽ മീഡിയയിലെ ചില പോസ്റ്റുകൾക്ക് "ഒരു ലൈക് ഒരു പ്രാർഥന", "ഒരു ഷെയർ പീഡിപ്പിച്ചവച്ചവന്റെ നെഞ്ചത്തിട്ട് ഒരു ചവിട്ട്" എന്നിങ്ങനെ ഷെയർ ചെയ്തും അതിൽ ലൈക്കടിച്ചും ഉള്ള ജീവകാരുണ്യ പ്രവർത്തികൾ ചെയ്തുള്ള പരിചയം മാത്രമാണുള്ളത് .

എന്നാൽ സ്വന്തം ജീവിത അനുഭവ സമ്പത്ത് കൊണ്ടാണ് ടീച്ചർ അത് പറഞ്ഞിട്ടുള്ളത്, ഇതൊന്നുമറിയാതെ റ്റീച്ചർക്കെതിരെ വാളെടുക്കാൻ എന്ത് മതിയായ അനുഭവങ്ങളാണ് സോഷ്യൽ മീഡിയ  എന്ന പൊട്ടക്കുളത്തിൽ തൂറി നാറ്റുന്ന ഡാഷുകൾക്കുള്ളതെന്ന് മനസ്സിലാകുന്നില്ല.

വെറും ലൈക്കുകളുടെ എണ്ണം കൂട്ടാൻ വേണ്ടി എഴുതി വിടുന്ന ലോകോത്തര സാഹിത്യങ്ങൾ പോസ്റ്റുന്നതിന് മുൻപായി സ്വന്തം വീട്ടിലെ മക്കൾ ഈ സാധനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്ന് കൂടി മനസ്സിലാക്കാൻ ഓരോരുത്തരും ശ്രമിച്ചാൽ നന്ന്.!


രണ്ട് ദിവസം മുന്നേ കേട്ട ഒരു വാർത്ത
ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതിന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു:



2 comments:

  1. കുട്ടികൾക്ക് മൊബൈൽ ഫോണ്‍ കൊടുക്കുന്നതിനോട് എനിക്ക് എതിര്പ്പില്ല. പക്ഷെ ചില നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും വേണം എന്ന അഭിപ്രായം ഉണ്ട്.

    ReplyDelete
  2. വെറും ലൈക്കുകളുടെ എണ്ണം കൂട്ടാൻ വേണ്ടി എഴുതി വിടുന്ന ലോകോത്തര സാഹിത്യങ്ങൾ പോസ്റ്റുന്നതിന് മുൻപായി സ്വന്തം വീട്ടിലെ മക്കൾ ഈ സാധനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്ന് കൂടി മനസ്സിലാക്കാൻ ഓരോരുത്തരും ശ്രമിച്ചാൽ നന്ന്.!

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!