കൊച്ചിയുടെ മുഖഛായ തന്നെ മാറ്റി മറിക്കുന്ന കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ നിർമാണ ചുമതലയിൽ നിന്നും "ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (DMRC)" പിൻമാറുന്നു.. ഈ മേഖലയിൽ നിർമാണ പരിജ്ഞാനമുള്ള ഇ.ശ്രീധരൻ എന്ന മലയാളി തലപ്പത്തിരിക്കുന്ന DMRC യെ നിർമാണ ചുമതലകൾ ഏൽപ്പിക്കാം എന്ന കരാറിൻമേൽ പ്രാരംഭ ജോലികൾ തുടങ്ങിയിരുന്നു.
എന്നാൽ പഞ്ചായത്ത് കരാർപണി, റോഡ് പണി, പാലം പണി, എന്ന് വേണ്ട അല്ലറ ചില്ലറ "ചിക്ലി" തടയുന്ന സകലമാന മരാമത്ത് കരാർ പണികളെയും പോലെ ഭീമൻ കൊച്ചി മെട്രോയുടെ കരാറിൽ നിന്നും രണ്ട് തലമുറക്കെങ്കിലും ജീവിക്കാനുള്ളത് "തടയും" എന്ന കുളിരു കോരുന്ന സത്യം മനസിലാക്കിയ ഈ "വിദഗ്ദ്ധ മേഖലയിലെ" തിമിംഗലങ്ങൾ, പണി കൈവിട്ട് പോകും എന്ന് തോന്നിയാൽ മിണ്ടാതിരിക്കുമോ??
ഉടൻ സർക്കാർ വക "കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്" എന്ന കമ്പനി രൂപീകരിച്ച് ഇപ്പോൾ കൊച്ചി മെട്രോയുടെ പണി ചെയ്യിപ്പിക്കുവാൻ പുതിയ ആഗോള കരാർ വിളിക്കാൻ പൊകുന്നു..
4427 കോടി രൂപയുടെ ഒരു വമ്പൻ പ്രൊജക്ട് ഡൽഹി കമ്പനി കൊത്തിക്കൊണ്ട് പോയാൽ പാന്റിന് വെളിയിൽ വയറും ചാടിപ്പിച്ച് നിൽക്കുന്ന കേ.ഗ.എൻജിനീയറൻമാരായ താപ്പാനകൾക്ക് ഉറക്കത്തിൽ ഭീകര സ്വപ്നങ്ങൾ കണ്ട് ഉറക്കം നഷ്ടപ്പെടില്ലേ....??
നാട്ട് നടപ്പ് അനുസരിച്ച് മൊത്തം തുകയുടെ 20% എങ്കിലും പലവഴിയിൽ ഇത്തരക്കാരുടെ കീശയിലെത്തുകയാണ് പതിവ്. DMRC കരാറുകൾ ഏറ്റെടുക്കുന്നതോടെ അതിനുള്ള വഴികൾ അടയും എന്ന് ഉൾവിളിയുണ്ടായ ചില കേമൻമാരുടെ കുരുട്ട് ബുദ്ധിയാണ് ഡൽഹി മെട്രോയെ ചവിട്ടി പുറത്താക്കാനുള്ള നാടകങ്ങൾക്ക് തിരക്കഥ എഴുതിയതെന്ന് പിന്നാമ്പുറ സംസാരമുണ്ട്.
പരിചയ സമ്പന്നരായ ഡൽഹി മെട്രോ കമ്പനി നാല് വർഷം കൊണ്ട് കൊച്ചിയിൽ മെട്രോ ഓടിപ്പിക്കും എന്ന് വാക്ക് തന്നിരുന്നു..
ഒരു മുൻപരിചയവുമില്ലാത്ത കേരള സർക്കാരിന്റെ "കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്" എത്ര നാളെടുക്കും..?? കുറെ സർക്കാർ എൻജിനീയറൻമാർ കൂടി ചേർന്നാൽ മെട്രോ ഓടുമോ?? കാത്തിരിക്കാം..!!