"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Tuesday, June 26, 2012

ഡാ വിജയാ ഇവർക്കെന്തേ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്..??






പെട്രോളിന് തുരു തുരെ കൂട്ടിക്കൂട്ടി സർവ്വ സാധനങ്ങൾക്കും തൊട്ടാൽ പൊള്ളുന്ന വിലയാക്കി സാധാരണക്കാരന്റെ നടു ഒടിച്ചിട്ട് ഇനി ആരെപ്പിഴിയാം എന്നാലോചിച്ചിരിക്കുമ്പോളാണ് കൂളിംഗ്ലാസും കളസവുമൊക്കെയായി അത്തറിന്റെ മണം പരത്തുന്ന ഒരു രൂപം സ്ലോ മോഷനിൽ തെളിഞ്ഞ് തെളിഞ്ഞ് വന്നത്..!!


വമ്പൻ വിദേശ കോർപ്പറേറ്റ്കൾക്കും സ്വകാര്യ കുത്തകകൾക്കും ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങൾക്ക് കണ്ണഞ്ചിപ്പിക്കുന്ന ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്ന സർക്കാരാണ് ഭൂരിപക്ഷം വരുന്ന സാധാരണ പ്രവാസികളുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ട് വാരാൻ പോകുന്നത്..!

പ്രതിഭാ പാട്ടീൽ ഖജനാവിൽ കൈയ്യിട്ട് വാരി ഊര് ചുറ്റാൻ പോയ കായി പിന്നെ നിന്റപ്പൻ കൊണ്ട്‌ത്തരുമോഡാ ദാസാ..!!

പാവം ഗൾഫ്കാരെ ഊറ്റിക്കുടിച്ച് പിന്നേം പിന്നേം നഷ്ടത്തിലോടുന്ന ആഗോള പ്രതിഭാസമായ ഇന്ത്യയുടെ മയിൽ വാഹനമായ എയർ ഇന്ത്യയുടെ മുതലാളിമാർക്ക് ശമ്പളം കൊടുക്കാൻ കാശെവിടുന്നുണ്ടാകും ദാസാ..!

ഈ മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കും സ്വിസ് ബാങ്കിലോട്ട് ഡിപ്പോസിറ്റ് ചെയ്യാൻ ലക്ഷം കോടികൾ പിന്നെ എവിടുന്നുണ്ടാകും ദാസാ..! ഇവരൊക്കെ എന്തോരം കോടികൾ മുടക്കീട്ടാണെന്നറിയാമോ നേതാക്കൻമാരും പിന്നെ മന്ത്രിമാരുമൊക്കെ ആകുന്നത്..!! {ഒരു ബിഷപ്പാവണേൽ കൊടുക്കണം കോടി മൂന്ന്..!!}

ഡാ വിജയാ ഇവർക്കെന്തേ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്..?? കൊറെ സമ്പാദിക്കാമായിരുന്നല്ലോ...

കൊടും ചൂടത്തും തണുപ്പത്തും ഒണക്ക ഖുബ്ബൂസ് തൈരിൽ മുക്കി തിന്ന് ചില്ലിക്കാശ് മിച്ചമുണ്ടാക്കുന്ന ശരാശരിയിലും താഴെയുള്ള പ്രവാസികളേയും, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വർഷാവർഷം "പ്രവാസി ഭാരതീയ ദിനങ്ങൾ" സംഘടിപ്പിച്ച് ചിക്കൻ നൂഡിൽസിന് സെവൻ സ്റ്റാർ ടേസ്റ്റ് ഇല്ലെന്നും പിന്നെങ്ങനെ പാവം പ്രവാസികൾ വല്ലതും തിന്ന് ജീവിക്കുമെന്നും പരിതപിക്കുന്ന ഉടലിനും തലക്കുമിടയിൽ കഴുത്തെന്ന സംഗതി ഇല്ലാണ്ടായിപ്പോയ കോട്ടും സൂട്ടുമിട്ട അണ്ണൻമാരെയും ഒരേ ത്രാസിൽ തൂക്കി 1000 രൂപക്ക് 123 രൂപ വച്ച് പിടിക്കാനുള്ള സർക്കാരിന്റെ ശ്രമം ന്യായീകരിക്കാൻ കഴിയുമോ..??


പുറം ചൊറിച്ചിൽ:

ബലാൽസംഗം ചെയ്യാൻ പോകുന്നവന് പെൺവേഷം കെട്ടി നിൽക്കുന്നതെല്ലാം പെണ്ണ് തന്നെ..!!
============================================================










((എന്നെക്കൊണ്ട് വെറുതെ പ്രതികരിപ്പിച്ചു.. 4 ജുലൈ വാർത്ത)

Monday, June 11, 2012

മണിക്കാകാമെങ്കിപ്പിന്നെ ഞമ്മക്കെന്താ ..??




ശുക്ര സംതരണം നടന്നിട്ടാണോന്നറിയില്ല, മാളത്തിനുള്ളിൽ ഒളിച്ചിരിക്കാൻ വയ്യാത്ത വിധം പെരുച്ചാഴികൾ ഒന്നൊന്നായി വെളിയിലേക്കിറങ്ങിറത്തുടങ്ങി.. അല്ലെങ്കിൽ തന്നെ ഒരുമാതിരി രാഷ്ട്രീയക്കാർക്കൊക്കെ കണ്ടകശ്ശനിയുടെ അപഹാരം സെൻട്രൽ ജയിൽ വരെ എത്തി നിൽക്കുമ്പോഴാണ് "ഞമ്മെക്കെന്താ പുളിക്ക്വാ" എന്ന ഭാവത്തിൽ ബഷീറിന്റെ വരവ്..

ഏറനാട് മുസ്ലിം ലീഗ് എമ്മെല്ലെ പി.കെ. ബഷീർ (ഇദ്ദേഹം ബഹുമാന്യനായ സീതി സാഹിബിന്റെ മകനാണ്) രണ്ട് പേരെ തട്ടിക്കളയാൻ പ്രസംഗത്തിലൂടെ പ്രകോപിപ്പിച്ചു എന്നാണ് പുതിയ കേസ്. ഈ വിദ്വാൻ അത്ര ചില്ലറക്കാരനൊന്നുമല്ല. ഇദ്യത്തിന്റെ ഒരു മുൻ പ്രസംഗം ദേ താഴെ ഉണ്ട്. ഒന്ന്  കേട്ട് നൊക്കീൻ.. ഒരൊന്നൊന്നര പ്രസംഗം തന്നെ.. ഈ ബഷീറിന്റെയൊക്കെ മുന്നിൽ മണിയൊക്കെ എന്ത് തങ്കം..!!




പല പാർട്ടികളിലായി വ്യാപിച്ച് കിടക്കാതെ ഇത്തരം രാഷ്ട്രീയ നേതാക്കൻമാർക്കെല്ലാം കൂടി ചേർന്ന് ഒരൊറ്റ പാർട്ടിയുണ്ടാക്കി "കേരള ക്വട്ടേഷൻ പാർടി" യെന്നോ മറ്റോ പേരിട്ട് "പിച്ചാത്തിപ്പിടി" ചിഹ്നത്തിൽ പൊതുധാരയിലിറങ്ങി പ്രവർത്തിച്ചാലെന്താ.. ഇനിയിപ്പൊ ആരെ പേടിക്കാൻ..!!

പുറം ചൊറിച്ചിൽ:
നുമ്മടെ പോലീസ് ടിപി വധക്കേസിൽ കാണിക്കുന്ന ശുഷ്കാന്തി ഈ ഭരണകക്ഷി എമ്മെല്ലെക്കെതിരെയും കാണിക്കുമായിരിക്കും അല്ലെ..?? ആൾകെരളാ ടെലിവിഷൻ ചർച്ച തൊഴിലാളികൾ ഇപ്പൊ ഇറങ്ങും അരയും തലയും മുറുക്കി ചർച്ചിക്കാൻ.. കേരളം വീണ്ടും വീണ്ടും ഭ്രാന്താലയം..!!


Tuesday, May 22, 2012

മത്തായിച്ചാ മുണ്ട്..മുണ്ട്..!! നീ മുണ്ട്..എനിക്ക് വലിയ പരിചയമൊന്നുമില്ല.. ഞാൻ മുണ്ടില്ല..!!




ഒടുവിൽ സംസ്കാരിക നായകൻമാർ വായ തുറന്നിരിക്കുന്നു.. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ടി.പി യുടെ കൊലപാതകം നടന്ന് മാസമൊന്നാകാറായപ്പോൾ.. ഇവരൊക്കെ എവിടെയായിരുന്നു ഇതു വരെ..??

മലയാളത്തിന്റെ മഹാകവി ഓ.എൻ.വി "പ്രതികരിക്കുന്നില്ല" എന്ന് പ്രതികരിച്ചിരിക്കുന്നു..

ടി.പത്മനാഭൻ പറയുന്നത് "എഴുത്ത്കാരൻ പ്രതികരണ തൊഴിലാളി" അല്ല പോലും.. എന്തിനും ഏതിനും എഴുത്ത്കാരൻ പ്രതികരിക്കണം എന്ന് പറയുന്നത് ശെരിയല്ല എന്നാണ് വെളിപാട്..

ജനകീയ നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന് ഈ വിഷയത്തിൽ ഒന്നും പറയാനില്ല പൊലും..

ബാക്കിയുള്ളവരും നാട്ടുകാരുടെ ചോദ്യം കേട്ട് കേട്ട് സഹിക്കാൻ വയ്യാതെ ഇപ്പോൾ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു.. വെറും ബോധ്യപ്പെടുത്തൽ മാത്രം..!!

സാമൂഹിക അനീതിക്കും അക്രമങ്ങൾക്കുമെതിരെ എഴുതിയെഴുതി വായനക്കാരെ പ്രബുദ്ധരാക്കിക്കൊണ്ടിരുന്ന മഹാൻമാരായ ഈ എഴുത്ത്കാർക്ക് ഈ കൊലപാതകത്തിനെതിരെ പ്രതികരിക്കാൻ ബുദ്ധിമുട്ടായിരിക്കുന്നു.. പൗരുഷം മറ്റെന്തിനൊക്കെയോ അടിയറവ് വച്ചിരിക്കുന്നുവോ..?? ഇത്തരം സന്ദർഭങ്ങളിൽ സുകുമാർ അഴീക്കോട് മാഷിന്റെ നഷ്ടം സാംസ്കാരിക കേരളം തിരിച്ചറിയുന്നു..

സമൂഹത്തിന്റെ ഗതിവിഗതികളിലൂടെ പറഞ്ഞും പ്രതികരിച്ചും നടന്ന്പോകേണ്ടവനാണ് യഥാർത്ഥ എഴുത്ത്കാരൻ. സാമൂഹിക പ്രതിബദ്ധതയില്ലാത്തവൻ എഴുത്ത്കാരനല്ല, വിറ്റ്പോകുന്ന പുസ്തകങ്ങളുടെ റോയൽറ്റി എന്ന പഴച്ചാറിന് വേണ്ടി ആർത്തിപൂണ്ടിരിക്കുന്ന വെറും കച്ചവടക്കാരൻ മാത്രമാണ്.. കച്ചവടക്കണ്ണിൽ ഒരിക്കലും മനുഷ്യത്വം ഉണ്ടാകില്ല..

മുഖമാകെ അമ്പതിൽ പരം വെട്ടും കുത്തും കൊണ്ട് വികൃതമാക്കപ്പെട്ട പൈശാചികമായ ഈ കൊലപാതകത്തിനെതിരെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ എഴുത്ത്കാർക്ക് മനുഷ്യത്വത്തിന്റെ പേരിലെങ്കിലും ഒന്നു പ്രതികരിക്കാൻ കഴിയുന്നില്ലെങ്കിൽ.. ഹേ നിർലജ്ജ പൗരുഷമേ...കേരളം ലജ്ജിക്കുന്നൂ..!!


പുറം ചൊറിയൽ:
മോഹൻലാലിനെ ലാലേട്ടനാക്കിയ കേരളത്തിൽ ജീവിക്കുവാൻ അദ്ദേഹത്തിനിപ്പോൾ പേടിയാണ് പോലും...പുള്ളിക്ക് ദുഫായിൽ സ്വന്തം ഫ്ലാറ്റും വില്ലയുമൊക്കെ ഉള്ളത്കൊണ്ട് ഒരു കുഴപ്പവുമില്ല.. പാവം നുമ്മ പുവർ മല്ലൂസ് എന്ത് ചെയ്യും.. എന്റെ ശിബനേ..!!  



Saturday, May 19, 2012

ബലാൽസംഗം ചെയ്യുവാൻ തീരുമാനിച്ചിറങ്ങിയവൻ ബ്രേസിയറിന്റെ അളവു ചോദിക്കുന്നതെന്തിന്??


എല്ലാർക്കും സുന്ദരിമാരും സുന്ദരൻമാരും ആകണമെന്ന അതിമോഹത്തെ സിനിമാ നടിമാരും നടൻമാരും കൈയ് നിറയെ കാശും വാങ്ങി ധാത്രിക്കും, ഇന്ദുലേഖക്കും, ശ്രീധരീയത്തിനും ഒക്കെ വേണ്ടി ആളെക്കൂട്ടിക്കൊടുത്തിട്ടിപ്പോ എന്തായി..?? ((കള്ളക്കമ്പനികളുടെ പരസ്യത്തിലൂടെ ആളുകളെ പറ്റിച്ച കാവ്യാമാധവൻ, സംവൃതാ സുനിൽ, സംയുക്താവർമ, നവ്യാനായർ, അനൂപ് മേനൊൻ എല്ലാരും നാട്ടുകാരോട് മറുപടി പറയണം))

കഷണ്ടിയുണ്ടോ?? കുടവയറുണ്ടോ?? നിങ്ങൾക്ക് ഭർത്താവിനെ സംശയമുണ്ടോ?? ഭാര്യക്ക് രഹസ്യക്കാരനുണ്ടോ?? നിങ്ങൾക്കെന്തുണ്ടോ അതിനൊക്കെ ശാശ്വത പരിഹാരമല്ലെ ഇവർ വാഗ്ദാനം ചെയ്തത്. ഉള്ളതിനെ ഇല്ലാതാക്കി തരും, ഇല്ലാത്തതിനെ ഉണ്ടാക്കി തരും. എന്തിനേറേ വീട്ടിനുള്ളിൽ അല്പസ്വല്പം മനസമാധാനമുണ്ടെങ്കിൽ അതുവരെ ഇല്ലാണ്ടാക്കി തരാൻ ആയുർവേദ ഒറ്റമൂലി റെഡി..!!

കോടിക്കണക്കിന് പരസ്യ വരുമാനമുള്ളത് കൊണ്ട് ഇയ്യിടെ നടന്ന തട്ടിപ്പ് വാർത്തകളും റെയിഡ് വാർത്തകളും മുഖ്യധാരാ വാർത്താമാധ്യമങ്ങൾ കണ്ണ്മടച്ച് വിഴുങ്ങി..ബലാൽസംഗം ചെയ്യുവാൻ തീരുമാനിച്ചിറങ്ങിയവൻ ബ്രേസിയറിന്റെ അളവു ചോദിക്കുന്നതെന്തിന്?? പണം തരുന്നവന്റെ ആസനം വരെ നക്കിക്കൊടുക്കുന്ന പുത്തൻ മാധ്യമ സംസ്കാരം..!!

ആട്, തേക്ക്, മാഞ്ചിയം, റ്റോട്ടൽ 4 യു, ലിസ്, ലോട്ടറി, ആപ്പിൾ.. എത്രയെത്ര ഇക്കിളിപ്പെടുത്തുന്ന വാഗ്ദാനങ്ങൾ നമ്മെ കോരിത്തരിപ്പിച്ചു.. എന്നിട്ടും നമ്മൾ പഠിച്ചില്ല.. ഇനി പഠിക്കുകയുമില്ല..തട്ടിപ്പുകാർക്കിത് നന്നായിട്ടറിയുകേം ചെയ്യാം..!!

നാളെ ബഹിരാകാശത്ത് പത്ത് സെന്റ് ആകാശം ബുക്ക് ചെയ്ത് അഡ്വാൻസ് കൊടുക്കാൻ പരസ്യം കണ്ടാൽ അവിടെയും നമ്മൾ കൊണ്ട് പോയി തലവച്ച് കൊടുക്കും.. അതാണ് നമ്മൾ..മലയാളീസ്..!!


പുറംചൊറിയൽ:
ഇപ്പോൾ ഡയബറ്റിക് രോഗികളുടെ എണ്ണം കൂടി വരുന്നത് കണ്ട് ഹാലിളകിയ ആയുർവേദ കമ്പനിക്കാർ അവരുടെ പുറകെ കൂടിയിരിക്കുകയാണ്.. മധുരാമൃതം, ഡയബറ്റീ എന്ന് വേണ്ട എന്തൊക്കെ ആണ് ഇപ്പോൾ ഇവരുടെ വക  ഐറ്റംസ് വിപണിയിൽ കിട്ടുന്നത്..!!


Thursday, May 10, 2012

അർത്ഥം കണ്ട് പിടിച്ച് വാക്യത്തിൽ പ്രയോഗിക്കുക..


ഗുണ്ടർട്ട് സായ്പ് കാലം ചെയ്തതിന് ശേഷം മലയാള ഭാഷക്ക് അങ്ങിനെ ഇങ്ങിനെയൊന്നും പറയത്തക്കതായ ഒരു എഴുമ്പേറ്റം ഇല്ലാണ്ടിരിക്കുകയായിരുന്നു..

പുതിയ തലമുറ മംഗ്ലീഷിൽ "മലയാലം" പറഞ്ഞ് ഭാഷയെ എന്തരോ ചെയ്യുമ്പോൾ മണ്മറഞ്ഞ് പൊയ്കൊണ്ടിരിക്കുന്ന മലയാള ഭാഷക്ക് നമ്മുടെ ചില രാഷ്ട്രീയ നേതാക്കൾ അടുത്തകാലത്തായി വാരിക്കോരി തരുന്ന സംഭാവനകൾ എത്ര വലുതാണ്.

പ്രത്യേകിച്ചും രാഷ്ട്രീയ എതിരാളികൾക്കിട്ട് നാല് അലക്കലക്കണമെന്ന് തോന്നുമ്പോൾ സന്ദർഭം പോലുമാലോചിക്കാതെ ഈ നേതാക്കളുടെ നാവിൻ തുമ്പിൽ വിളയാടുന്ന ഭാഷാ പ്രയോഗങ്ങൾ ഹോ.. വർണിക്കാൻ വാക്കുകളില്ല തന്നെ.. വോവ്.. ഏവ്സം..

ഇതൊക്കെ മലയാലം മംഗ്ലീഷിൽ പറയുന്ന രഞ്ജിനി ഹരിദാസും പിന്നെ മറ്റ് പീറ ചാനൽ പിള്ളേരും കേട്ട് പഠിക്കട്ടെ..

ജയരാജൻ, അച്ചുതാനന്ദൻ, ഗണേഷ് കുമാർ തുടങ്ങിയവരാണ് ഇതിന് മുമ്പ് ഈ മേഖലയിൽ ഗവേഷണം നടത്തി ഭാഷയെ പരിപോഷിപ്പിച്ചിട്ടുള്ളവരിൽ പ്രമുഖർ. ഇപ്പോൾ അത്രക്ക് വലിയ കേട്ടുകേൾവിയൊന്നുമില്ലാതിരുന്ന "കുലം കുത്തി" എന്ന വാക്കുമായി പിണറായി കൂടി ഈ പട്ടികയിൽ മഹനീയ സ്ഥാനം അലങ്കരിച്ചിരിക്കുന്നു.. അഭിനന്ദനങ്ങൾ..!!

ട്രാഫിക് പോലീസുകാർക്ക് ഇനിമുതൽ ഹെൽമറ്റില്ലാതെ ബൈക്കോടിച്ച് പിടിക്കുന്ന യാത്രക്കാരെക്കൊണ്ട് 200 പേജ് ബുക്ക് നിറയെ "കുലം കുത്തി.. കുലം കുത്തി" എന്ന് ഇമ്പോസിഷൻ എഴുതിപ്പിച്ച് വാക്കിന്റെ പ്രാധാന്യം നാട്ടുകാർക്ക് മനസ്സിലാക്കി കൊടുക്കാവുന്നതാണ്

{ശുംഭന്‍, നികൃഷ്ട ജീവി, അഭിസാരിക അഥവാ കറിവേപ്പില, കാമഭ്രാന്തന്‍, കുലംകുത്തി തുടങ്ങിയവയാണ് അടുത്തിടെയായി മലയാളത്തിന്റെ യശസ്സുയർത്തും വിധം ഉപയോഗിക്കപ്പെട്ട വാക്കുകൾ..! (ഓർമയിൽ വരാത്തവ വിട്ടു പോയിട്ടുണ്ട്; ക്ഷമിക്കുക) }

ഇനിയെങ്കിലും മലയാള ഭാഷക്ക് ക്ലാസിക് പദവി നൽകി ആദരിക്കാൻ കേന്ദ്രത്തിന് കനിവുണ്ടാകുമോ??


എന്റെ സംശയം: രാഷ്ട്രീയ എതിരാളികളെ കൊട്ടേഷൻ കൊടുത്ത് കൊല്ലിക്കുന്നതിനേക്കാൾ വലിയ വിഷയമാണോ "കുലം കുത്തി" വിവാദം??

Monday, April 30, 2012

വെറുതെയല്ല ഭാര്യ.. പത്ത് പേരെ കാണിക്കാനാ..!!"

















അങ്ങിനെ കേരളത്തിലെ കോടിക്കണക്കിന് വരുന്ന ദമ്പതികളാരും ദമ്പതികളല്ലെന്നും, മനോരമക്കാർ പ്രഖ്യാപിച്ച ദമ്പതിമാരാണ് ഏദൻ തോട്ടത്തിലെ യഥാർത്ഥ ആദവും ഹവ്വയുമെന്നും, ബാക്കിയുള്ള സകല അലവലാതി ഭാര്യമാരും, ഭർത്താക്കന്മാരും ചട്ടിയും കലവും പരസ്പരം നെഞ്ചെത്തെറിഞ്ഞുടച്ചും, ഭാര്യമാർ ഭർത്താക്കന്മാരുടെ രഹസ്യക്കാരിക്കിട്ട് പണി കൊടുത്തും, ഭർത്താക്കന്മാർ ഭാര്യമാരുടെ രഹസ്യക്കാരെ തപ്പി പിടിച്ച് പറ്റുമെങ്കിൽ അപ്പോൾ തന്നെ ലവന്മാരുടെ തലയിൽ കെട്ടി വച്ച് ആർമാദിക്കുന്ന കൂതറകളാണെന്നും, വേറെ കുറെ ഭാര്യമാർ വിധവാ പെൻഷൻ കിട്ടുമെന്നുള്ള ഒറ്റ ആശ്വാസത്തിൻമേൽ പലതും സഹിച്ച് ജീവിച്ച് പോരുകയാണെന്നും ആണെന്നാണോ ചാനൽ മുതലാളിമാർ പറയുന്നത്...???

ഈ 60 ലക്ഷത്തിന്റെ ഫ്ലാറ്റിന് വേണ്ടിയുള്ള ഭാര്യമാരുടേയും ഭർത്താക്കൻമാരുടേയും ഡപ്പാംകൂത്തും ആക്രാന്തവും കണ്ടാൽ ഏത് പെണ്ണുങ്ങളും വെറുതെയെങ്കിലും പ്രാർത്ഥിച്ച് പോകും: "ഹീശ്വരാ.. എന്റെ കെട്ട്യോനും ബോട്ടും കൊണ്ട് കടലിൽ പോയിട്ടുണ്ട്, അങ്ങോരുടെ ബോട്ടിന് മുമ്പിലും ഒരു ഇറ്റലിക്കാരന്റെ കപ്പൽ വരണെ ഫഗവാനേ... റ്റീവിയിൽ ഇമ്മാതിരി ഡപ്പാംകുത്തൊന്നും കാണിക്കാതെ കോടി ഒന്ന് പുഷ്പം പോലെ ഇങ്ങ് പോന്നേനെ..."

ചേട്ടൻമാരെ ഭാര്യമാരോട് വെറുതെ അസൂയാലുക്കളായിട്ട് ഒരു കാര്യവുമില്ല. വീട്ടിൽ വെറുതെയിരുന്ന് തൊട്ടതിനും പിടിച്ചതിനും ചുമ്മാ ചൊറിയുന്ന ഭാര്യമാരെ പരദൂക്ഷണം പറയാൻ വിടാതെ കൊണ്ട് പോകൂ ഈ രണ്ടാം സീസണിൽ; എന്നിട്ട് നെഞ്ച് വിരിച്ച് പറയൂ " വെറുതെയല്ല ഭാര്യ.. പത്ത് പേരെ കാണിക്കാനാ.."

ഈ ചാനൽ മാമാങ്കത്തിൽ സമ്മാനം കിട്ടാതെ മനസമാധാനം തകർന്ന് മാതൃകാ ദമ്പതികളല്ലാതായി തീർന്ന ബാക്കി എല്ലാ മൽസരാത്ഥികൾക്കും അനുശോചനം..!!

Wednesday, April 11, 2012

ഈ അഞ്ചാമനെന്നാൽ ആരാണെന്നാ ബിസാരം...!!!



ഒടുവിൽ അഞ്ചാമൻ ഭൂമിയിൽ ഭൂജാതനായി..!

ഇതോടെ കേരളത്തിലെ ജനങ്ങളുടെ സകലമാന അടിയന്തിര പ്രശ്നങ്ങൾക്കും പരിഹാരമാകാൻ പോകുകയാണ്.

വറുതിയും, പട്ടിണിയും, പരിവട്ടവും, പിടിച്ച് പറിയും, കള്ളനോട്ടടിയും,സ്ത്രീ പീഡനങ്ങളും, പെൺവാണിഭം, പ്രായമാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കൽ, പെൺ ഭ്രൂണ ഹത്യ, പൊട്ടിപ്പൊളിഞ്ഞ റോഡ്, റോഡപകടങ്ങൾ, വിലക്കയറ്റം, സർക്കാരാപ്പീസുകളിലെ കൈക്കൂലി, തൊഴിലില്ലായ്മ,ക്വട്ടേഷൻ, മോഷണം, കൊലപാതകം, കള്ളക്കടത്ത്, വിദ്യാഭ്യാസക്കച്ചവടം തുടങ്ങി സകല തട്ടിപ്പ് തരികിട പരിപാടികളും കേരളത്തിൽ നിന്ന് അപ്രത്യക്ഷമാകാൻ പോകുകയാണ്..

ഹോ.. ഈ അഞ്ചാം മന്ത്രി ഇല്ലായിരുന്നെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു... ഹീശ്വരാ..!!

ഇനിമുതൽ കേരളം, തമിഴ്നാട്ടിൽ നിന്നും പാണ്ടിലോറിയിൽ കൊണ്ടുവരുന്ന പാലും തേനും ഒഴുക്കി കനാൻ ദേശമായി അറിയപ്പെടും..!!

അഞ്ചാമനെ മന്ത്രിയാക്കി കേരളത്തെയും കേരള ജനതയെയും വരാനിരുന്ന ഒരു വൻ വിപത്തിൽ നിന്നും അതി സാഹസികമായി രക്ഷിച്ച മുഖ്യമന്ത്രിക്കും ചെന്നിത്തലക്കും അഭിവാദ്യങ്ങൾ.. ഒപ്പം ചരിത്രത്തിന്റെ സ്വർണ്ണ താളുകളിൽ ഇടം പിടിച്ച ലീഗ് മന്ത്രി നീണാൾ വാഴട്ടെ..!!

((ഈ ചേട്ടന്മാർക്കെന്തേ ഈ ബുദ്ധി നേരത്തേ തോന്നാതിരുന്നത്..!!))